Sunday, July 13, 2008

ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍



ഒരോ ദേശങ്ങളിലും അതിന്റെ സ്വന്തം കഥകളുടെ ഒരു നിധികുംഭം ഒളിഞ്ഞുകിടപ്പുണ്ട്‌. ആ നാട്ടുപുരാണങ്ങളെ കൃത്യതയോടെ കണ്ടെത്തി വായനക്കാരന്റെ മുന്നിലെത്തിക്കുന്നത്‌ ഒരു എഴുത്തുകാരന്റെ മിടുക്ക്‌. കേരളത്തില്‍ പൊന്നാനിയുടെ തീരത്തുനിന്നും കുഴിച്ചെടുത്ത എത്രയെത്ര കഥകള്‍ നാം കേട്ടുകഴിഞ്ഞതാണ്‌. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച നാലോ അഞ്ചോ എഴുത്തുകാര്‍ പൊന്നാനിയുടെ നിധികുംഭത്തില്‍ നിന്നും കഥമോഷ്‌ടിച്ചെടുത്ത്‌ നമ്മെ വശീകരിച്ചിട്ടുള്ളവരാണ്‌. എം.ടി, മാധവിക്കുട്ടി, സി. രാധാകൃഷ്ണന്‍, യു. എ. ഖാദര്‍, കെ.പി. രാമനുണ്ണി അങ്ങനെ നീളുന്നു ആ നിര... അപ്പോഴൊക്കെ പൊന്നാനിയുടെ കഥാകുഭം ശൂന്യമായി എന്നാണ്‌ നാം ധരിച്ചുവശരായത്‌. എന്നാല്‍ ഇനിയും അവിടെ കണ്ടെടുക്കപ്പെടേണ്ട അനേകം കഥകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് സി. അഷ്‌റഫിന്റെ കന്നിനോവല്‍ നമ്മോടു വിളിച്ചു പറയുന്നു. ഒരു പൊന്നാനി എഴുത്തുകാരന്റെ സര്‍വ്വ ബലവും ഈ നോവലില്‍ നമുക്ക്‌ കാണാന്‍ കഴിയും.


ഒരു എഴുത്തുകാരന്റെ കന്നി നോവല്‍ എന്ന ബാലപീഡ ഈ നോവലിന്‌ തെല്ലും ഇല്ല. കരുത്തുറ്റ പ്രമേയം, അതിലും കരുത്തുറ്റ ഭാഷശൈലി, കഥയേത്‌ സംഭവമേത്‌ ചരിത്രമേത്‌ സ്വപ്‌നമേത്‌ കാഴ്ചയേത്‌ എന്നറിയാത്ത കഥാപരമ്പര ഇതൊക്കെ ഈ നോവലിനെ മലയാളനോവല്‍ ചരിത്രത്തില്‍ ഉന്നതമായ ഒരു സ്ഥാനത്തേക്ക്‌ നിസംശയം എടുത്തുയര്‍ത്തുന്നു എന്ന് പറയാം.


ഒരു കഥ. അത്‌ നീട്ടിപ്പരത്തി ഒരു നോവല്‍. അതാണ്‌ ഇന്നത്തെ കഥ പറച്ചിലിന്റെ ഒരു സാമ്പ്രദായിക രീതി. എന്നാല്‍ ഇവിടെ കഥകള്‍ അട്ടിയടുക്കി വച്ചിരിക്കുകയാണ്‌. കഥകള്‍ക്ക്‌ ഒരു ക്ഷാമവുമില്ല. ഇതിഹാസ സമാനമായി കഥകളും ഉപകഥകളും വന്നുനിറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിശയോക്‌തിയല്ല. ഇത്രയും പഴങ്കഥകളുടെ കൂമ്പാരം ഇയാള്‍ക്കെവിടുന്ന് കിട്ടി എന്ന് നമ്മെ അതിശയപ്പെടുത്തുന്ന വിധത്തില്‍ ഒരോ ഖണ്ഡികയിലും ഒരോ കഥയുണ്ട്‌. എന്തിന്‌ ഒരോ വരിയിലും ഒരു കഥയുണ്ട്‌ എന്ന് പറയാം. വീണ്ടും പറയട്ടെ അതിശയോക്‌തിയല്ല. കഥകളുടെ സാന്ദ്രതകൊണ്ട്‌ കനം വിങ്ങിയ നോവലുകളില്‍ ഒന്നാണിത്‌. അതൊകൊണ്ടുതന്നെ ശോഷണം വന്ന ഒരു വരിപോലും നമുക്കിതില്‍ കാണാനില്ല. കിഴക്കന്‍ മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ വന്‍ വനശേഖരവുമായി കുത്തിയൊലിച്ച്‌ കനം തിങ്ങിവരുന്ന ഒരു പുഴയോടാണ്‌ ഞാനീ നോവലിനെ ഉപമിക്കുന്നത്‌.


മലയാള എഴുത്തുകാരുടെ ബാലികേറ മലയാണ്‌ ഖസാക്കിന്റെ ഇതിഹാസം. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിനിടയ്ക്ക്‌ അതിനെ കവച്ചുവയ്ക്കുന്നതോ അതിനൊപ്പമെത്തുന്നതോ ആയ ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഉണ്ടെങ്കില്‍ തന്നെ അത്തരമൊരു നോവല്‍ നമ്മുടെ മുന്നിലെത്തിക്കാന്‍ നിരൂപകര്‍ അമ്പേ പരാജയപ്പെട്ടുപോയി എന്ന് ആരോപിക്കേണ്ടിവരും. ഖസാക്ക്‌ എന്ന മായികവലയത്തില്‍ പെട്ട്‌ കാഴ്ച നഷ്ടപ്പെട്ടുപോയവരാണ്‌ നമ്മുടെ നിരൂപകരും അനേകം വായനക്കാരും. അവര്‍ക്കത്‌ മലയാള സാഹിത്യത്തിലെ മേലെഴുത്തു പാടില്ലാത്ത വേദഗ്രന്ഥമാണ്‌. അതിന്റെ ശീര്‍ഷകത്വത്തെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ അവര്‍ക്ക്‌ ഹാലിളകും. വിജയന്റെ മേലെ ഒരെഴുത്തുകാരന്‍ ഉണ്ടാവാന്‍ പോകുന്നില്ല എന്ന മുന്‍ വിധിക്കരാണവര്‍. എന്നാല്‍ 'ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍' എന്ന നോവല്‍ വായിച്ചശേഷം ഞാന്‍ ധൈര്യസമേതം പറയുന്നു ഖസാക്കിന്റെ ഉന്നതിയെ ചെന്നുതൊടാന്‍ ഈ നോവലിനായിട്ടുണ്ട്‌. ഉണ്ട്‌. ഉണ്ട്‌. തീര്‍ച്ചയായും ആയിട്ടുണ്ട്‌. സന്ദേഹികള്‍ വരൂ ഈ നോവല്‍ വായിക്കൂ. ഏറെക്കാലമായി വായിക്കാന്‍ കൊതിച്ചിരുന്ന നോവല്‍ എന്നു നിങ്ങള്‍ പറയും തീര്‍ച്ച. ഒരു മോഹന്‍ലാല്‍ പരസ്യം അനുകരിച്ചാല്‍ ഇതെന്റെയുറപ്പ്‌!!


(പ്രസാധകര്‍: ഡി.സി. ബുക്സ്‌. പേജ്‌: 158 വില: 75 രൂപ)