Showing posts with label ജീന്‍ ക്രിസ്‌റ്റഫ്. Show all posts
Showing posts with label ജീന്‍ ക്രിസ്‌റ്റഫ്. Show all posts

Thursday, December 31, 2009

ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം

മിസിസ് ബ്രൌണ്‍ എന്ന അന്നയുടെ മാതാപിതാക്കള്‍ പ്രേമിച്ച് വിവാഹിതരായവരാണ്. അവര്‍ പിരിയുകയും മരിക്കുകയും ചെയ്‌തതുകാരണം അവള്‍ തന്റെ മുത്തശ്ശിയ്ക്കൊപ്പമാണ് വളര്‍ന്നത്. ചെറുപ്പം മുതലുള്ള ഈ ഏകാന്തതയാണ് അവളെ വലിയ വിരക്‌തയാക്കിത്തീര്‍ത്തത്. അവള്‍ സാവധാനം ക്രിസ്‌റ്റഫിനോട് അടുക്കുന്നു. അവര്‍ പ്രേമബദ്ധരായിത്തീരുകയും മി. ബ്രൌണിനോടു തെറ്റുചെയ്യുന്നു എന്ന പശ്ചാത്താപത്തില്‍ വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസമാവുകയും ചെയ്യുന്നു.
ഒരു ദിവസം ക്രിസ്‌റ്റഫ് യാദൃശ്ചികമായി വീണ്ടും ഗ്രേസിയയെ കണ്ടുമുട്ടുന്നു. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ പഴയ സ്നേഹം വീണ്ടെടുക്കുന്നു. ക്രിസ്‌റ്റഫ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും തമ്മില്‍ നല്ല സുഹൃത്തുക്കളായിരിക്കാം എന്നു പറഞ്ഞ് അവള്‍ ഒഴിയുന്നു. എങ്കിലും ആരെക്കാളും ഉപരി തമ്മില്‍ സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് മാത്രം അറിയാമായിരുന്നു.
തന്റെ കലാജീവിതത്തിന്റെ വളര്‍ച്ചയ്ക്കായി ക്രിസ്‌റ്റഫ് ഗ്രേസിയയുടെ സഹായത്തോടെ പാരീസിനു പോകുന്നു. അവിടെ ഒരു പയ്യന്‍ ക്രിസ്‌റ്റഫിനെ കാണാനെത്തുന്നു. അത് ഒളിവറിന്റെ മകന്‍ ജോര്‍ജസ് ആയിരുന്നു. അയാള്‍ അവനെ സംഗീതം പഠിപ്പിക്കാമെന്നേല്ക്കുന്നു.
ഗ്രേസിയ മരിക്കുന്നു, മകനും. ഒറ്റയ്ക്കാവുന്ന മകള്‍ ക്രിസ്‌റ്റഫിന്റെ അടുത്തെത്തുകയും അവിടെവച്ച് ജോര്‍ജ്ജസുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. തന്റെ മരണത്തിന് മുന്‍പ് അവരെ ഒന്നിപ്പിക്കണമെന്ന ആഗ്രഹത്താല്‍ ക്രിസ്‌റ്റഫ് അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.
ജീവിതത്തിന്റെ സായംസന്ധ്യയില്‍ അയാള്‍ക്ക് അന്നയെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു. അവര്‍ പോകാറുള്ള പള്ളിയില്‍ ചെന്ന് ഒളിഞ്ഞു നിന്ന് അയാള്‍ അവളെ കാണുന്നു. അവള്‍ ഏറെ മാറിക്കഴിഞ്ഞിരുന്നു. ഈ മുഖത്തിനെയാണോ താന്‍ ഒരിക്കല്‍ പ്രേമിച്ചിരുന്നത് എന്നുപോലും ക്രിസ്‌റ്റഫ് സംശയിക്കുന്നു.
പുതിയ തലമുറയ്ക്ക് ജീവിക്കാന്‍. യാതന അനുഭവിക്കാന്‍. വിജയം നേടുവാന്‍. വഴിയൊരുക്കിക്കൊണ്ട് ക്രിസ്‌റ്റഫ് മരിക്കുന്നതോടെ 2103 പേജുകളിലായി പരന്നുകിടക്കുന്ന ഈ മഹാജീവിതാതിഹാസം അവസാനിക്കുന്നു.
അവസാനഭാഗത്തിനുള്ള മുഖവുരയില്‍ റൊമെയ്‌ന്‍ റോളണ്ട് ഇങ്ങനെ പറയുന്നു : യുവാക്കളേ.. ഇന്നിന്റെ യുവാക്കളേ.. ഞങ്ങളുടെ മുകളിലൂടെ നടന്നുപോകൂ... ഞങ്ങളെ നിങ്ങളുടെ കാല്‍ക്കീഴില്‍ ചവുട്ടിഞെരിച്ച് മുന്നോട്ടു പോകൂ.. ഞങ്ങളെക്കാള്‍ മഹത്തുക്കളും സന്തുഷ്ടരും ആവൂ..
എന്നെ സംബന്ധിച്ചിടത്തോളം എന്റേതായിരുന്ന ആത്മാവിനോട് ഞാന്‍ യാത്ര പറയുന്നു. ഒഴിഞ്ഞ ചിപ്പിപോലെ ഞാനതെന്നില്‍ നിന്നും പൊഴിച്ചുകളയുന്നു. ജീ‍വിതം മരണങ്ങളുടെയും ഉയര്‍ത്തെഴുനേല്പുകളുടെയും ഒരു തുടര്‍ച്ചയാണ്. ക്രിസ്‌റ്റഫ് വീണ്ടും പിറക്കുവാന്‍ വേണ്ടി നാം മരിച്ചേ തീരൂ..

Wednesday, December 30, 2009

ജീന്‍ ക്രിസ്‌റ്റോഫ് - ഭാഗം 9

ഒളിവറും ജാക്വിലിനും തമ്മിലുള്ള ബന്ധം അനുദിനം വഷളാവുകയും അവസാനം അവള്‍ മറ്റൊരുവനൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവരുടെ കുട്ടിയെ സിസിലിയും മാഡം ആര്‍നോള്‍ഡും ചേര്‍ന്ന് വളര്‍ത്തുന്നു. ഒളിവറും ക്രിസ്‌റ്റഫറും തമ്മിലുള്ള ഹൃദയബന്ധം പുനസ്ഥാപിക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് ക്രിസ്റ്റഫ് തന്റെ ബാല്യകാല സഖിയായിരുന്ന ഗ്രേസിയെ കണ്ടുമുട്ടുന്നു. അവള്‍ ജര്‍മ്മനിയിലെ ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭാര്യ ആയിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ അവള്‍ അവനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്‌റ്ററ്ഫിന് നാട്ടിലേക്ക് പോകാനുള്ള സമ്മതപത്രം യഥാര്‍ത്ഥത്തില്‍ വാങ്ങിച്ചുകൊടുത്തത് ഗ്രേസിയായിരുന്നു. അവര്‍ വീണ്ടും സൌഹൃദത്തിലാവുന്നെങ്കിലും അധികം താമസിക്കാതെ അവള്‍ അമേരിക്കയിലേക്ക് പോകുന്നു.
പിന്നീടുള്ള നോവല്‍ ഭാഗം ക്രിസ്‌റ്റഫിന്റെയും ഒളിവറിന്റെയും ജനാധിപത്യത്തോടും കമ്യൂണിസത്തോടും മറ്റ് രാഷ്‌ട്രങ്ങളോടുമുള്ള നിലപാട് വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ഒരു മെയ്‌ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഒളിവര്‍ അതിനിടയിലുണ്ടായ സംഘടനത്തില്‍ പെട്ട് മരണമടയുന്നു. ഈ മരണം അറിയാതെ ഒരു പോലീസുകാരനെ കൊന്ന കേസില്‍ ക്രിസ്‌റ്റഫ് രാജ്യം വിടുകയും സ്വിസ്വര്‍ലാന്റില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവച്ചാണ് ഒളിവറിന്റെ മരണം ക്രിസ്‌റ്റഫ് അറിയുന്നത്. ആ വേര്‍പാട് അയാളെ രോഗഗ്രസ്ഥനാക്കുന്നു. എങ്കിലും ഒടുവില്‍ അതില്‍ നിന്നും വിമുക്‌തനാകുന്നു.
വാചകങ്ങള്‍:
1. സ്‌നേഹത്തിന്റെ വഞ്ചന സമ്പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷം അതിനാല്‍ യാതന അനുഭവിക്കുന്നവര്‍ സാധുക്കളാണ്. ഹൃദയം സത്യസന്ധമായിരിക്കുമ്പോള്‍ ഉടലിന്റെ നിന്ദ്യമായ വഞ്ചന നിസ്സാരമാണ്. ഹൃദയം വിശ്വാസവഞ്ചകനായിത്തീരുമ്പോള്‍ ബാക്കിയെല്ലാം അഗണ്യം..!
2. എത്രയും കാലം സാധിക്കുമോ അത്രയും കാലം ജീവിക്കുക എന്നതല്ല, പ്രത്യുത എത്ര ശക്‌തമായി ജീവിക്കാമോ അത്രയും ശക്‌തമായി ജീവിക്കുക എന്നതാണ് കാര്യം.
3. എന്താണ് ജീവിതം..? അത് തണുത്തുറഞ്ഞ യുക്‌തിപോലെയോ നമ്മുടെ കാഴ്ച പോലെയോ അല്ല. നാം സ്വപ്‌നം കാണുന്നതെന്തോ അതാണ് ജീവിതം. ജീവിതത്തിന്റെ അളവുകോല്‍ സ്നേഹമാണ്.
4. നീ എന്നെ സ്നേഹിക്കാതിരുന്ന ദിനങ്ങള്‍ക്ക് ഞാന്‍ നിന്നോടു നന്ദി പറയുന്നു... വേറെ എവിടെയെങ്കിലും ലഭിക്കും നിനക്ക് കൂടുതല്‍ സൌഖ്യമെന്ന് ഞാനാശിക്കുന്നു...
5. ഒരാള്‍ക്ക് തന്റെ കലയില്‍ ഊനം തട്ടാതെ നിലകൊള്ളണമെങ്കില്‍ തന്റെ ജന്മസിദ്ധമായ പ്രതിഭകൂടാതെ മറ്റ് ചിലതുകൂടി വേണം. അയാളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുകയും അതിന് ഒരു ലക്ഷ്യം നല്കുകയും ചെയ്യുന്ന വികാരവിക്ഷോഭങ്ങളും ദുഃഖങ്ങളും ഇല്ലെങ്കില്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയില്ല. (ഇബ്‌സന്റെ വാചകം)
5. എല്ലാത്തിനെയും മനസിലാക്കുക എന്നാല്‍ ഒന്നിനെയും വെറുക്കാതിരിക്കുക എന്നതാണ്..
6. അലറിപ്പായുന്ന കൊടുങ്കാറ്റില്‍ ദൃഡമായി വാക്കുചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് കലാകാരന്‍
7. നഷ്ടപ്പെട്ടവരെ, അവരുടെ നഷ്ടം അപ്പോഴും വേദനകരമായിരിക്കവെ, നമ്മള്‍ അപൂര്‍വ്വമായേ സ്വപ്‌നം കാണൂ. അവര്‍ പിന്നീട് നാം മറക്കുവാന്‍ തുടങ്ങവേ നമ്മിലേക്ക് തിരിച്ചുവരുന്നു.
8. കല ദുഃഖത്തിലെ യഥാര്‍ത്ഥമായി വിലയിരുത്താനാവൂ. ദുഃഖമാണ് ഉരകല്ല്. അപ്പോള്‍ മാത്രമേ ആര്‍ക്കാണ് യുഗങ്ങള്‍ കവച്ചുകടക്കുന്നതിന് ആരാണ് മരണത്തെക്കാള്‍ ശക്‌തരെന്ന് മനസിലാക്കുന്നതിന് നമുക്ക് കഴിയൂ. അല്പം ചിലരെ ആ പരീക്ഷണത്തെ അതിജീവിക്കൂ...
9. യഥാര്‍ത്ഥ ദുഃഖങ്ങള്‍ അഗാധതകളില്‍ ശാന്തമാവുന്നു. അവ അവയ്ക്കുവേണ്ടി നിര്‍മ്മിച്ച തലങ്ങളില്‍ ഉറങ്ങുന്നതുപോലെ തോന്നുന്നു. എന്നല്‍ എല്ലായിപ്പോഴും അവ ആത്മാവിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു....

Wednesday, December 23, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം 8

ഒളിവറിന്റെ സഹായത്തോടെ ക്രിസ്റ്റഫ് പാരീസില്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അതിനിടയില്‍ അമ്മയെ കാണാനായി അവന്‍ സ്വന്തം നാട്ടിലേക്ക് പോകുന്നു. പിറ്റെ ദിവസം തന്നെ അമ്മ മരിക്കുന്നു. പക്ഷേ അവന്റെ പേരില്‍ അപ്പോഴും അറസ്റ്റ് വാറന്റ് നിലനില്ക്കുന്നതിനാല്‍ അവരുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ അവന്‍ കഴിഞ്ഞില്ല. ഒളിവറാണ് അവന്റെ അമ്മയുടെ ശവസംസ്കാരം നടത്തുന്നത്.
രണ്ടുപേരും കൂടുതല്‍ സൌഹൃദത്തില്‍ കഴിയുന്നതിനിടെ ഒളിവര്‍, ജാക്വിലിന്‍ എന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ക്രിസ്‌റ്റഫിന്റെ സഹായത്തോടെ വിവാഹിതരാവുകയും ചെയ്യുന്നു. അനുരാഗത്തിന്റെ ആദ്യദിനങ്ങളില്‍ സന്തുഷ്ടരായിരുന്നെങ്കിലും അവരുടെ ജീവിതം പിന്നീട് അസന്തുഷ്ടിയിലേക്ക് നീങ്ങുന്നു.
ഇതിനിടയില്‍ ക്രിസ്‌റ്റഫ് ഫ്രാന്‍സ്വ എന്ന നാടകനടിയെ പരിചയപ്പെടുകയും അവര്‍ ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. അവള്‍ പക്ഷേ പിന്നീട് അമേരിക്കയിലേക്ക് പോകുന്നു. ഒളിവറും അവനെ പിരിഞ്ഞുകഴിഞ്ഞിരുന്നു. അവന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് അതിയായ ആഗ്രഹം തോന്നുന്നു. ഒരു മേലുദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടുദിവസത്തേക്ക് സ്വന്തം രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി ക്രിസ്‌റ്റഫ് നേടുന്നു. സ്വന്തം ഗ്രാമം ഉല്ലാസപൂര്‍വ്വം സന്ദര്‍ശിക്കുന്നതിനിടെ അവന്‍ തന്റെ പഴയ പ്രേമഭാജനം മിന്നയെ കണ്ടുമുട്ടുന്നു. അവള്‍ വിവാഹിതയും നാലുകുട്ടികളുടെ മാതാവും ആയിക്കഴിഞ്ഞിരുന്നു. അവള്‍ അവനെ സ്വഗൃഹത്തിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്യുന്നു. സന്തോഷകരങ്ങളായ രണ്ടു ദിവസങ്ങള്‍ അവന്‍ നാട്ടില്‍ ചിലവിടുന്നു.
വാചകങ്ങള്‍:
1. എപ്പോഴും പൂര്‍ണ്ണമായും തയ്യാറെടുത്തു നില്ക്കു. കാരണം ഈശ്വരന്‍ ഇന്നുരാത്രി നിങ്ങളുടെ വാതില്‍ക്കലൂടെ കടന്നുപോവില്ലെന്ന് നിങ്ങള്‍ക്ക് നിശ്ചയമില്ല.
2. നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതങ്ങളില്‍ ജീവിക്കുകയും സ്നേഹിക്കുകയും വിധിയുടെ മുന്നില്‍ കീഴടങ്ങുകയും വേണം.
3. നമ്മോടൊപ്പം കരയുവാന്‍ വിശ്വസ്‌തരായ സുഹൃത്തുക്കള്‍ ഉള്ളത്രയും കാലം സമസ്‌തയാതനയും അനുഭവിക്കുവാന്‍ സമര്‍ഹമാണ് ജീവിതം.
4. തന്റെ വിഡ്ഢിത്തം അറിയാവുന്ന ഒരു വിഡ്ഢി അതറിയാത്ത രണ്ടുപേരേക്കാള്‍ വിലപ്പെട്ടവനാണ്.
5. ഒരാളുടെ സാമര്‍ത്ഥ്യത്തിന്റെ പേരിലാണ്, അനുരാഗത്തിന്റെ മാസ്‌മരികതയാലും അടക്കമില്ലായ്മയാലും അല്ല സ്നേഹിക്കപ്പെടുന്നതെങ്കില്‍ സ്നേഹയോഗ്യനായ ഏതു പുരുഷനാണ് ഉണ്ടാവുക..?
6. മുന്നില്‍ ഓടിയതുകൊണ്ട് എന്തുഗുണം? പിരമിഡുകള്‍ മുകളില്‍ നിന്നല്ല സൃഷ്ടിക്കപ്പെട്ടത്..
7. നിങ്ങളുടെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിങ്ങളുടെ ലിഖിതങ്ങളില്‍ നിലനില്ക്കട്ടെ, ശൈലിയാണ് ആത്മാവ്...
8. അല്ല ജീവിതം ദുഃഖകരമല്ല; പക്ഷേ ജീവിതത്തില്‍ ദുഃഖകരമായ നിമിഷങ്ങളുണ്ട്..
9. സ്‌ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങള്‍ നേരത്തെ അല്ലെങ്കില്‍ വൈകി ഉളവാകും. ഒരാള്‍ക്ക് അവയ്ക്കുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമവേണം എന്നുമാത്രം..!

Friday, October 9, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 1

അഗാധമായ വിഷാദവും ഉത്കടമായ ആഹ്ലാദവും ആര്‍ദ്രമധുരമായ പ്രണയവും ഇടകലര്‍ന്നൊഴുകുന്ന ഒരു പ്രവാഹമാണ് ജീവിതം. അനന്ത വൈവിധ്യമാര്‍ന്ന ഈ ജീവിതത്തിന്റെ ഇതിഹാസമാണ് ജീന്‍ ക്രിസ്‌റ്റഫ്. വിദ്വേഷത്തിന്റെയും കൊള്ളരുതായ്മകളുടെയും തമോലോകത്തിലേക്ക് നീട്ടിപ്പിടിച്ച ഒരു കൈത്തിരി. വിശ്വപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നതെന്ന് പിന്നീട് നിരൂപകര്‍ കണ്ടെത്തിയിട്ടുണ്ട്.
‘യാതന അനുഭവിക്കുകയും പൊരുതുകയും കീഴടക്കുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രങ്ങളിലേയും സ്വതന്ത്രാത്മാക്കള്‍ക്ക്..’ റോമേന്‍ റോളണ്ട് ഈ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നു.
ക്രിസ്‌റ്റഫിന്റെ മുത്തച്ഛന്‍ ജീന്‍ മൈക്കേല്‍ കൊട്ടാരം ഗായകസംഘത്തിലെ അംഗവും വാദ്യവൃന്ദത്തിന്റെ നേതാവുമാണ്. അച്ഛന്‍ മെല്‍‌ഷിയര്‍ ഒരു മുഴുക്കുടിയനാണ്. അമ്മ ലൂഷ്യ താണ കര്‍ഷക കുടുംബത്തിലെ ഒരു പാവം സ്‌ത്രീ. സഹോദരന്മാര്‍ റൊഡാള്‍ഫും ഏണസ്റ്റും. ഇവരെക്കൂടാതെ അമ്മാവന്‍ ഫ്രൈഡ് ചാര്‍ച്ചക്കാരനായ തീയോഡര്‍ എന്നിവരാണ് ആദ്യഭാഗത്തുവരുന്ന കഥാപാത്രങ്ങള്‍.
ക്രിസ്‌റ്റഫിന്റെ ജനനം, അവന്റെ ബാല്യ ചാപല്യങ്ങള്‍, ബാല്യത്തിലെ തുടങ്ങുന്ന ദുരിതങ്ങള്‍, സംഗീതപഠനത്തിന്റെ ആദ്യദിനങ്ങള്‍, മുത്തച്ഛന്റെ മരണം, അച്ഛന്റെ ദുസ്സഹമായ മദ്യപാനത്തില്‍ നിന്നുണ്ടാവുന്ന പട്ടിണി, ചെറുപ്പത്തില്‍ തന്നെ ജീവിതഭാഗം തോളിലേറ്റേണ്ടി വരുന്നതിന്റെ ദുരിതം എന്നിവയാണ് ആദ്യഭാഗത്ത് വിവരിക്കുന്നത്.
ഇനി ചില ഇഷ്ടപ്പെട്ട വാചകങ്ങള്‍:
1. ഒരു മുറിയില്‍ സൂര്യപ്രകാശം എന്നതുപോലെയാണ് ഒരു വീട്ടില്‍ സംഗീതം.
2. യാതന അനുഭവിക്കുക, ഇനിയും യാതന അനുഭവിക്കുക.. ഒരുവന്‍ കരുത്തനായിരിക്കുമ്പോള്‍ യാതന അനുഭവിക്കുക എന്നത് എത്ര നന്ന്..!
3. ഒരു വലിയ ഗാനരചയിതാവാകണം, ആരാധിക്കപ്പെടണം എന്നതുകൊണ്ടാണ് നീ എഴുതിയത്. നീ അഹങ്കാരിയായിരുന്നു. നീ കളവു പറയുന്നവനായിരുന്നു. ഒരുവന്‍ സംഗീതത്തിന്റെ ലോകത്തില്‍ കള്ളനും അഹങ്കാരിയുമാവുമ്പോള്‍ എപ്പോഴും ശിക്ഷിക്കപ്പെടുന്നു. സംഗീതം എപ്പോഴും വിനീതമായിരിക്കണം. ആത്മാര്‍ത്ഥവും. അല്ലെങ്കില്‍ അതെന്താണ്..? പരിശുദ്ധമായ സത്യം പറയുവാന്‍ നമുക്ക് സംഗീതം കനിഞ്ഞരുളിയ ഈശ്വരനെ നിന്ദിക്കുകയും വഞ്ചിക്കുകയുമാണത്..
4. ഒരു മഹാന്‍ ആകുവാന്‍ വേണ്ടി നിനക്ക് മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കണം. മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി നിനക്ക് മഹാനാവണം. ഒരു പട്ടി അതിന്റെ വാലുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണത്..
5. യുക്‌തി ഒന്നും സഹായിക്കുന്നില്ല. നിങ്ങള്‍ ജീവിച്ചിരുന്നു എന്ന് വിചാരിക്കുന്നു. ചില ജീവിതാനുഭഗങ്ങള്‍ ഉണ്ടായിരുന്നു എന്നും. നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നും സത്യത്തിന്റെ യഥാര്‍ത്ഥമുഖം നിങ്ങളുടെ കണ്ണുകളില്‍ നിന്നും മറയ്ക്കുവാന്‍ വേണ്ടി സ്വന്തം മനസ് നെയ്‌തെടുത്ത മായികവലയത്തില്‍ ജീവിക്കുകയായിരുന്നു എന്ന് പിന്നീട് മനസിലാവും..
6. യാതന അനുഭവിക്കുക എന്ന ആശയവും ചോരയൊഴുക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ജീവിതവുമായി ബന്ധമൊന്നുമില്ല. മരണം എന്ന ആശയവും ശരീരത്തിന്റെ പീഢാനുഭവങ്ങളുമായും ബന്ധമൊന്നുമില്ല. മരണവും അതുമായി മല്ലിടുന്ന ആത്മാവും തമ്മിലും.
7. യാഥാര്‍ത്ഥ്യത്തിന്റെ ഉഗ്രസൌന്ദര്യത്തിനു മുന്നില്‍ മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ വിവേകവും മരവിച്ച യന്ത്രപ്പാവകളുടെ കളി മാത്രമാണ്.
8. പ്രവര്‍ത്തനത്തെ ഒന്നും തടസ്സപ്പെടുത്താതിരിക്കുമ്പോള്‍ പ്രവര്‍ത്തി ചെയ്യുന്നതിന് ആത്മാവിന് കാരണങ്ങള്‍ കുറവാണ്.
9. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ സ്വതന്ത്രനാവാന്‍ സാധിച്ചൊള്ളൂ എന്നതുകൊണ്ട് പാറക്കെട്ടുകള്‍ക്കിടയിലൂടെ നദീപ്രവാഹം എന്നതുപോലെ അവന്റെ ശക്‌തി ആ കാലയളവിലേക്ക് കുതിച്ചു. ഇളക്കമില്ലാത്ത അതിര്‍ത്തിക്കുള്ളില്‍ തന്റെ ശ്രമങ്ങള്‍ ഒതുക്കുക എന്നത് കലാപരിശീലനത്തില്‍ ഒരാള്‍ക്ക് നല്ലതാണ്. ആ അര്‍ത്ഥത്തില്‍ ദാരിദ്ര്യം ചിന്തയുടെ മാത്രമല്ല ശൈലിയുടെയും ഗുരുവാണ്. കാരണം ഉടലിനെന്നപോലെ മനസിനും അത് തന്റേടം വരുത്തുന്നു. സമയം ക്ലിപ്‌തപ്പെടുത്തുകയും ചിന്തകള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒരാള്‍ ഒറ്റവാക്കും കൂടുതല്‍ പറയാതെയാവുന്നു. ഒഴിച്ചുകൂടാന്‍ വയ്യാത്തതിനെപ്പറ്റി മാത്രം ചിന്തിക്കുക എന്നത് ശീലമാകുന്നു.

Thursday, October 8, 2009

ജീന്‍ ക്രിസ്റ്റഫ് - എന്റെ ഇഷ്ടപുസ്‌തകം

അടുത്തിടെ അലമാര അടുക്കിപ്പറക്കുന്നതിനിടയിൽ അതിൽ നിന്നും എന്റെയൊരു പഴയ ഡയറി കിട്ടി. എത്ര തിരഞ്ഞിട്ടും അതെന്നെഴുതിയതെന്ന് കണ്ടുപിടിക്കാനാവുന്നില്ല. 95 ലോ 96 ലോ എഴുതിയതാണെന്ന് ഊഹിക്കുന്നു. ഏതാണ്ട്‌ പതിനഞ്ച്‌ വർഷം മുൻപ്‌. ഞാനൊരു എഴുത്തുകാരൻ ആവണമെന്ന് ആഗ്രഹിക്കുക പോലും ചെയ്യുന്നതിന്‌ മുൻപ്‌.
അന്ന് ഞാൻ ഇന്നത്തേതിനേക്കാളൊക്കെ എത്ര മികച്ച വായനക്കാരനാണെന്ന് കണ്ട്‌ സ്വയം അദ്ഭുതപ്പെടുന്നു. ആ വർഷം വായിച്ച എല്ലാ പുസ്‌തകങ്ങളുടെയും പേരുകളും അതിനെക്കുറിച്ച്‌ ഒരു ലഘുകുറിപ്പും ആ ഡയറിയിലുണ്ട്‌. അതിലെ കണക്കുപ്രകാരം ആ വർഷം ഞാൻ 97 പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്‌. ഞാന്‍ ഏറ്റവും മികച്ച പുസ്‌തകങ്ങൾ വായിച്ച വർഷം എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടാവാം കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ അന്ന് തോന്നിയതും. യുദ്ധവും സമാധാനവും, ജൂലിയസ്‌ സീസർ, കാരമസോവ്‌ സഹോദരർ, ഏകാന്തത്തയുടെ നൂറു വർഷങ്ങൾ, സെയിലാസ്‌ മാർനർ, ദി കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്‌റ്റോ, ആനന്ദമഠം, വതറിംഗ്‌ ഹൈറ്റ്സ്‌, പിയറും ഷാനും, ടം മിഷ്യൻ, സുവർണ്ണ നദിയുടെ രാജാവ്‌ (ജോൺ റസ്കിൻ), നല്ല ഭൂമി, കിഴവനും കടലും, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (ജോൺ സ്റ്റൻ ബക്ക്‌) അതു മരിക്കുന്നുവെങ്കിൽ (ആന്ദ്രേഷീദ്‌) മൈക്കൾ ഷോളോക്കോവിന്റെ ഡോൺ ശാന്തമായൊഴുകുന്നു, പാഥാർ പാഞ്ചാലി, മാദം ബോവറി, പാവങ്ങൾ, ക്രിസ്മസ്‌ കരോൾ എന്നിങ്ങനെയുള്ള ലോകക്ലാസിക്കുകളും ബഷീറിന്റെ മിക്ക കൃതികളും, ധർമ്മപുരാണം, മരണസർട്ടിഫിക്കറ്റ്‌, കയർ, സുന്ദരികളും സുന്ദരന്മാരും, കർട്ടൻ (എൻ.എൻ. പിള്ള) മരപ്പാവകൾ, വേരുകൾ എന്നിങ്ങനെ മലയാളത്തിലെ മികച്ച കൃതികളും വായിച്ച വർഷമാണത്‌. എന്റെ ജീവിതത്തിലെ വായനയുടെ വസന്തവർഷമായിരുന്നു അതെന്ന് എനിക്ക്‌ തോന്നുന്നു.
അക്കൂട്ടത്തിൽ ഏക്കാലത്തേയും വായന ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകവും ഉണ്ട്‌ എന്നത്‌ സന്തോഷം തോന്നുന്ന കാര്യമാണ്‌. മിക്കപ്പോഴും ആ കൃതിയെക്കുറിച്ച്‌ എഴുതണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ കുറിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ എഴുതാതിരിക്കുകയായിരുന്നു. എന്നാൽ ആ ഡയറി കണ്ടെത്തിയതോടെ ആ പുസ്‌തകത്തെക്കുറിച്ചുള്ള കുറിപ്പുകളും ലഭ്യമായി. എന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പുസ്‌തകമേത്‌ എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളു - ജീൻ ക്രിസ്റ്റഫ്‌..!
ഒരു കൃതി ഒരാളെ സ്വാധീനിക്കുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വായിക്കുന്ന കാലഘട്ടവും അപ്പോഴത്തെ അയാളുടെ മാനസീകാവസ്ഥയുമാണ്‌ അതിൽ പ്രധാനപ്പെട്ടത്‌. ഒരു സംഗീതജ്ഞന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളെയും സൂക്ഷ്മമായും സമ്പൂർണ്ണമായും വരച്ചുകാട്ടുന്ന ഒരു കൃതിയാണ്‌ ജീൻ ക്രിസ്‌റ്റഫ്‌ എന്നുവേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. അങ്ങനെ സമഗ്രമായ ഒരു ജീവിതദർശനം കാത്തിരിക്കുന്ന വേളയിലാവാം ഞാൻ ഈ കൃതി വായിക്കുന്നത്‌ എന്നതാവാം അതെന്നെ ഇത്ര സ്വാധീനിക്കുവാൻ കാരണം. 10 വാല്യങ്ങളിലും 2103 പേജുകളിലുമായി പടർന്നു കിടക്കുന്ന ഈ മഹാ ഇതിഹാസത്തെപ്പറ്റി ഞാനറിയുന്നത്‌ എം.ടിയുടെ ഒരു ലേഖനത്തിൽ നിന്നാണ്‌. ഈ പുസ്‌തകം നീ തീർച്ചയായും വായിച്ചിരിക്കണം എന്ന് എം.ടിയോട്‌ പറയുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീറാണെന്ന് ആ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്‌. ബഷീറിന്റെ മഹത്തായ ജീവിതദർശനം പലരും കരുതുന്നതുപോലെ വെറും നാടുചുറ്റലിൽ നിന്നു മാത്രം ലഭിച്ചതല്ല ഉജ്ജ്വലമായ വായനയുടെ പാരമ്പര്യവും അദ്ദേഹത്തിന്‌ പിൻബലമായിട്ടുണ്ട്‌ എന്ന് എനിക്കന്നേ
തീര്‍ച്ചയായിരുന്നു.
ഫ്രഞ്ച്‌ സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ടാണ്‌ 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ്‌ രചിച്ചത്‌. (ബഹുമാനപ്പെട്ട എം. കൃഷ്ണൻ നായർ ഴാങ്ങ്‌ ക്രിസ്‌തോഫ്‌ എന്നായിരുന്നു ഇതിന്റെ പേര്‌ പരാമർശിച്ചിരുന്നത്‌. പക്ഷേ ഞാൻ വായിച്ചത്‌ ജീൻ ക്രിസ്റ്റഫ്‌ എന്നായതുകൊണ്ട്‌ അങ്ങനെ തന്നെ എഴുതുന്നു) 1904 മുതൽ 1912 വരെയുള്ള കാലഘട്ടങ്ങളിൽ പത്ത്‌ വോല്യങ്ങളായാണ്‌ ഫ്രാൻസിൽ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. ഇംഗ്ലീഷിൽ അത്‌ ഒറ്റ വാല്യമായാണ്‌ പുറത്തുവന്നത്തെങ്കിലും മലയാളത്തിൽ മൂലകൃതിയുടെ മാതൃക പിൻതുടർന്ന് പത്ത്‌ വാല്യങ്ങളായിത്തന്നെയാണ്‌ ഡി സി ബുക്സ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌.
അക്കാലത്ത്‌ മനാമയിലെ അവാൽ സിനിമയ്ക്കടുത്തുള്ള ഒരു പുസ്‌തകക്കടയിൽ വിപുലമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. വെറും തുച്ഛമായ പൈസയ്ക്ക്‌ അവിടെ നിന്നും പുസ്‌തകങ്ങൾ വാടകയ്ക്ക്‌ കിട്ടുമായിരുന്നു. എന്റെ വായനയിലെ മിക്ക പുസ്‌തകങ്ങളും എനിക്കവിടെ നിന്നാണ്‌ കിട്ടുന്നത്‌. എം.ടിയുടെ ലേഖനം വായിച്ച ആവേശത്തിൽ ഞാൻ ജീൻ ക്രിസ്റ്റഫും അവിടെ അന്വേഷിച്ചു. കാണില്ലെന്നാണ്‌ വിചാരിച്ചത്‌. എന്നാൽ പുസ്‌തകങ്ങളുടെ ഏറ്റവും അടിയിൽ ആരാലും എടുക്കപ്പെടാതെ ജീൻ ക്രിസ്‌റ്റഫ്‌ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒന്നാം വാല്യത്തിനപ്പുറത്തേക്ക്‌ ആരും ഈ പുസ്‌തകം കൊണ്ടുപോയിട്ടില്ലെന്ന് അന്ന് കടക്കാരൻ പറഞ്ഞത്‌ ഞാനിന്നും ഓർക്കുന്നു. അതുകൊണ്ടുതന്നെ എനിക്കൊന്നും മനസിലാവാത്ത ഗഹനമായ പുസ്‌തകമാവും ഇതെന്നു കരുതിയാണ്‌ എടുത്തുകൊണ്ടു പോയതും. എന്നാൽ വായന തുടങ്ങിയത്‌ ഓർമ്മയുണ്ട്‌ ആദ്യ വാല്യം അക്ഷരാർത്ഥത്തിൽ ഒറ്റയിരുപ്പിന്‌ ഞാൻ വായിച്ചു തീർക്കുകയായിരുന്നു. പിന്നെ ഓടിച്ചെന്നെടുത്ത പത്തു വാല്യങ്ങളും. ആ പുസ്‌തകം എന്റെ മനസിലുണ്ടാക്കിയ കൊടുങ്കാറ്റ്‌ ഇന്നും എനിക്കനുഭവിക്കാനാവുന്നുണ്ട്‌.
ജീൻ ക്രിസ്റ്റഫ്‌ വായിച്ച്‌ എഴുതിയ വായനാക്കുറിപ്പ്‌ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്‌. കഥയുടെ ഒരു ചെറിയ സംഗ്രഹവും പിന്നെ നോവലിൽ എനിക്കിഷ്ടപ്പെട്ട വാചകങ്ങളുമാണ്‌ എഴുതി സൂക്ഷിച്ചിരിക്കുന്നത്‌. വരുന്ന പോസ്റ്റുകളിൽ അതങ്ങനെ തന്നെ എഴുതുന്നു. നിങ്ങളെ വായനയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകും എന്ന പ്രതീക്ഷയോടെ...