Sunday, October 19, 2008

പ്രവാസം - എം. മുകുന്ദന്‍


കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. ആ യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ഈ ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ ഈ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ ഈ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.
(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

11 comments:

പാമരന്‍ said...

നന്ദി. നാട്ടില്‍ പോയപ്പോള്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്‌. ഉടനെ തുടങ്ങണം.

hydraulic excavator said...

sure, why not!

multi terrain loader said...

when will you go online?

കാസിം തങ്ങള്‍ said...

പരിചയപ്പെടുത്തിയതിന് നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“പ്രവാസം“ വായിച്ചു. മുകുന്ദന്റെ രീതിയിലെ മറ്റൊരു നോവല്‍ എന്നതും, പ്രവാസികളാണ് കഥാപാത്രങ്ങള്‍ എന്ന നിലയിലും വായന ഹൃദ്യം തന്നെ. അല്ലാതെ മറ്റ് വിലയിരുത്തലുകള്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണ്. ഒരു മാസ്റ്റര്‍ പീസ് എന്ന രീതിയില്‍ കാണാന്‍ കഴിയുന്നില്ല.

G.manu said...

അഞ്ചു കവറില്‍ ‘മുകുന്ദന്റെ ഏറ്റവു മികച്ച നോവല്‍’ എന്നൊക്കെ പറഞ്ഞത് മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ എന്ന് തോന്നിപ്പിചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാട്ടീ പോവുമ്പോ വാങ്ങണം

Jithendrakumar/ജിതേന്ദ്രകുമര്‍ said...

Sri M. Mukundante Etavum nalla nooval ennokke vilayirutthunnathu
addhEhatthinte sariyaaya `class novel'ukale itichchu thaazhtthunnathinu thulyamaaNu.

ബെന്യാമിന്‍ said...

ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.- എന്നല്ലേ ഞാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മറ്റു നോവലുകളെക്കുറിച്ച് ഞാനൊന്നും പറഞ്ഞില്ലല്ലോ.
എം. മുകുന്ദന്റെ മറ്റുനോവലുകളെക്കാള്‍ ഇതെത്ര നല്ലത് എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാകാം. പക്ഷേ മലയാളത്തിലെ നല്ലൊരു നോവലാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല

paarppidam said...

ബെന്യാമീനേ അപ്പോൾ ഇതിൽ നമ്മൾ ഗൾഫുകാരെ കുറിച്ച് ഒന്നും ഇല്ലെ?

Raman said...

M mugundantey writers block iniyum marikadannittilla ennathaanu sathyam