Sunday, October 19, 2008

പ്രവാസം - എം. മുകുന്ദന്‍


കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. ആ യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ഈ ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ ഈ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ ഈ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.
(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

Wednesday, October 1, 2008

മരണത്തിനപ്പുറം ജീവിതമുണ്ടോ..?


മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്‍ജന്മമുണ്ടെന്ന് പറയുന്നതിന്‌ തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്‌തിയുള്ള മനുഷ്യന്‍ ഉണ്ടെന്ന് പറയുന്നത്‌ ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം..? എന്താണ്‌ ജീവിതം..? എന്താണ്‌ ആത്മാവ്‌..?

മനുഷ്യന്‌ ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്‌. എന്നിട്ടും നമുക്ക്‌ കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്‌തങ്ങളായ തെളിവുകള്‍ മാത്രമാണ്‌ നമ്മുടെ കയ്യിലുള്ളത്‌. അവയെക്കുറിച്ച്‌ ആഴത്തിലുള്ള ഒരു വിശകലനപഠനമാണ്‌ ഡോ. മുരളീകൃഷ്ണയുടെ 'മരണത്തിനപ്പുറം ജീവിതമുണ്ടോ..?' എന്ന പുസ്‌തകം.

നമുക്ക്‌ പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ്‌ എന്ന സങ്കല്‌പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്‌ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്‌ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച്‌ പോലീസ്‌ തെളിയിച്ച കേസുകള്‍. ശാസ്‌ത്രത്തിന്‌ ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്‌, ടെസ്‌റ്റൂബ്‌ ശിശു, ജീനോം മാപ്പ്‌, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത.

ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത്‌ വിശ്വാസത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്‌തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്‌തകം ശ്രമിക്കുന്നുണ്ട്‌ എന്നതാണ് ഈ പുസ്‌തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത.

നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പുസ്‌തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു.