Monday, August 25, 2008

കുരുതിക്കു മുമ്പ്‌ - തീക്കുനി കവിതകള്‍


പ്രതിഭകൊണ്ട്‌ കവികളാകുന്നവരുണ്ട്‌. ശിക്ഷണംകൊണ്ട്‌ കവികളാകുന്നവരുമുണ്ട്‌. ഒരു സാധാരണ വായനക്കാരന്‌ വളരെവേഗം ഇവരുടെ കവിതകള്‍ വേര്‍തിരിച്ചറിയാനാകും. മൗലികപ്രതിഭകൊണ്ട്‌ കവിത എഴുതുന്നവര്‍ ഹൃദയംകൊണ്ട്‌ നമ്മോട്‌ സംവേദിക്കുന്നവരാണ്‌ ശിക്ഷണംകൊണ്ട്‌ കവികളാകുന്നവര്‍ ബുദ്ധികൊണ്ടും. രണ്ടിലേതെങ്കിലുമൊന്ന് മോശമാണെന്നല്ല. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. എന്നാലും വേഗത്തില്‍ നമ്മള്‍ സാധാരണക്കാരോട്‌ സംവേദിക്കുന്നത്‌ ഒന്നാമത്തെ കൂട്ടര്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ പ്രതിഭയുടെ തിളക്കംകൊണ്ട്‌ കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക്‌ വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ ബലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ ചുരുക്കം ചിലര്‍. അക്കൂട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ നിന്നുള്ള കവി ആരെന്ന ചോദ്യത്തിന്‌ ഒരുത്തരമേയുള്ളു. അത്‌ പവിത്രന്‍ തീക്കുനി തന്നെയാണ്‌. മറ്റ്‌ ആധുനികാനന്തര കവികളെല്ലാം മോശക്കാരാണെന്നല്ല, അവര്‍ക്കൊക്കെയും കവിത എഴുത്തിന്‌ നിരവധി സാഹചര്യങ്ങളുണ്ട്‌. എന്നാല്‍ സാഹചര്യങ്ങള്‍ അപ്പാടെയും എതിരായിരിക്കുമ്പോഴും കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌ മുകളില്‍ സൂചിപ്പിച്ചവര്‍.

ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളാണ്‌ പവിത്രന്റെ കവിതകള്‍ അത്രയും. സ്വന്തം ജീവിതപരിസരത്തു നിന്നും കവിതകള്‍ കണ്ടെടുക്കുന്നവന്റെ തീക്ഷ്ണതയത്രയും പവിത്രന്റെ കവിതകളില്‍ കാണാം. ഇവിടെ, ജീവിക്കുന്ന കവിയും കവിതയിലെ കവിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. അവര്‍ ഒന്നാണ്‌. അവരുടെ ജീവിതവും വ്യഥയും സങ്കല്‌പങ്ങളും ഒന്നാണ്‌. പവിത്രന്റെ എല്ലാ കവിതയിലെയും അച്ഛന്‍ തോറ്റു പോയവനാണ്‌. അമ്മ വ്യഭിചാരം ചെയ്‌തവളാണ്‌. പെങ്ങള്‍ അവിഹിതം പേറുന്നവളാണ്‌. കൂട്ടുകാര്‍ ഒറ്റുകാരനാണ്‌. കവിതയിലെയും ജീവിതത്തിലെയും കവി ഭഗ്നപ്രണയത്തില്‍ അലയുന്നവനാണ്‌. മീന്‍ കച്ചവടക്കാരനാണ്‌. ഒരിടത്തും ഇതിന്‌ മാറ്റമില്ല. കവിതയില്‍ നിന്ന് ജീവിതത്തെ പിരിച്ചെഴുതാന്‍ കഴിയാത്തവന്റെ ന്യൂനതയാണിത്‌. ന്യൂനതകളില്‍ ജീവിക്കുന്നവന്റെ ന്യൂനത നിറഞ്ഞ വരികളായി പവിത്രന്റെ കവിതകള്‍ നമുക്കുമുന്നില്‍ ഉയര്‍ത്തെഴുനേറ്റു വരുന്നു. കെട്ടുപോയ ജീവിതത്തിന്റെ അപകര്‍ഷതയില്ലാതെ നിരാലംബജീവിതത്തിന്റെ ഓരം ചേര്‍ന്ന വഴികളെക്കുറിച്ച പറയുന്ന ഈ കവിതകള്‍ക്ക്‌ വേറിട്ട മനോഹാരിതയുണ്ട്‌.

മുന്‍സമാഹാരത്തിലെ 'വീട്ടിലേക്കുള്ള വഴികള്‍' എന്ന കവിതയിലെ ചില വരികള്‍ ഓര്‍ത്തുപോവുകയാണ്‌.

വീട്ടിലേക്ക്‌ അച്ഛനുണ്ടൊരു വഴി.

മഴയുടെ ചരി‍ഞ്ഞു പെയ്യലിലും ആ‍ഞ്ഞുവീശുമ്പോള്‍ ആളിക്കത്തുന്ന മുറിച്ചൂട്ടു വഴി.

തെങ്ങിന്‍ കള്ളുമണക്കുന്ന നാടന്‍ പാട്ട്‌ പൂക്കുന്ന വഴി.

വീട്ടിലേക്ക്‌ കൂട്ടുകാരനുണ്ടൊരു വഴി. വാരാന്ത്യവഴി. വാക്കെരിയുന്ന വഴി.

അനിയത്തിയുടെ അടിവയറ്റിലവസാനിക്കുന്ന വഴി.

വീട്ടിലേക്ക്‌ ചേച്ചിക്കുണ്ടൊരു വഴി.

ഇത്തിരി കയറ്റമുള്ളൊരു വഴി. മുല്ല മണക്കുന്ന വഴി. ഇല്ലിമറ കാവലാകുന്ന വഴി. സര്‍പ്പസീല്‍ക്കാരമുയരുന്ന വഴി.

ഒരേ കല്ലില്‍ തട്ടി ഒരുപാട്‌ നൊന്തവഴി. വീട്ടിലേക്ക്‌

എനിക്കുമുണ്ടൊരു വഴി.

പാലിക്കാനാവാത്ത വാക്ക്‌ പതിവായി കാത്തുനില്‌ക്കാറുള്ള വഴി.

ഒരേ കല്ലില്‍ തട്ടി ഒരുപാട്‌ നോവുകയും പാലിക്കാനാവാത്ത വാക്ക്‌ പതിവായി കാത്തുനില്‌ക്കുകയും ചെയ്യുന്ന വഴികളെക്കുറിച്ച്‌ പറയുന്നിടത്ത്‌ നാം പവിത്രനിലെ ശുദ്ധ പ്രതിഭയെ കണ്ടുമുട്ടുന്നുണ്ട്‌. ആ വരിയില്‍ മാത്രമല്ല അങ്ങനെ ഒട്ടനവധി വരികളില്‍.

കുരുതിക്കു മുമ്പ്‌ എന്ന ഈ കവിതാസമാഹരത്തിലുണ്ട്‌ പവിത്രന്റെ പ്രതിഭ തൊട്ടറിയാനാകാവുന്ന നിരവധി കവിതകള്‍. കുരുതിക്കു മുമ്പ്‌, ഇത്രമാത്രം, ആണ്ടിത്തെയ്യം, സങ്കടവൃത്തം, അ ആ ക കാ, മുറിച്ചിട്ട ഭൂമി, പുനരുദ്ധാരണം എന്നിങ്ങനെ ഒട്ടനവധി കവിതകള്‍.

പ്രണയം പവിത്രന്റെ കവിതകളിലെ അന്തര്‍ധാരയാണ്‌. അതെല്ലാക്കവിതകള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്‌ നെടുകയും കുറുകയും ഒഴുകിക്കൊണ്ടേയിരിക്കുന്നു. അത്‌ കവിയുടെ തന്നെ ജീവിതത്തിന്റെ തുടര്‍ച്ചയാണ്‌. ഹൃദയം പറയുന്ന വാക്കുകള്‍ കുറിക്കുന്ന ഒരു കവിയ്ക്ക്‌ അത്‌ മറച്ചുവച്ചുകൊണ്ട്‌ എഴുതാനാവില്ല. ഇത്തിരി നേരത്തേക്ക്‌.., സബിതയ്ക്ക്‌, ഒരു വളവില്‍ വച്ച്‌.. മാഞ്ഞുപോക്കിനിടയില്‍, ഓര്‍ക്കുന്നുണ്ടാവണം, വീണ്ടും എന്നീ കവിതകളൊക്കെ പവിത്രന്‍ പ്രണയം ചാലിച്ചെഴുതിയവയാണ്‌.

തൊങ്ങലുകളും ഏച്ചുകെട്ടലുകളുമില്ലാത്ത ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാവും നാം പവിത്രന്റെ കവിതകളെ നാളെ വായിക്കുക. ആ സത്യസന്ധതയിലൂടെയാണ്‌ പവിത്രന്‍ തന്റെ കാവ്യാസ്വാദകരെ കണ്ടെത്തിയിരിക്കുന്നതും.

ദൂരം എന്ന കവിത എടുത്തെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം:

ഇടപ്പള്ളി 300 കി.മി.

ഇടപ്പള്ളി 280 കി.മി.

ഇടപ്പള്ളി 250 കി.മി.

സത്യത്തിലിത്രയും ദൂരമുണ്ടോ..?

കീഴാളനിലേക്കും...

കാമുകനിലേക്കും...

Wednesday, August 13, 2008

തവിട്ടു നിറമുള്ള പ്രഭാതം


വാക്കുകളുടെ എണ്ണവും പുസ്‌തകത്തിന്റെ വലുപ്പവുമാണ്‌ ഒരു കൃതിയെ നോവല്‍ എന്ന വിശേഷണത്തിന്‌ അര്‍ഹമാക്കുന്നതെങ്കില്‍ ഫ്രഞ്ച്‌ എഴുത്തുകാരന്‍ ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചനയെ ഒരു നോവല്‍ എന്നു വിശേഷിപ്പിക്കാനാവില്ല. വെറും പതിനാല്‌ പുറം മാത്രമുള്ള ഒരു ചെറുകഥ. എന്നാല്‍ അക്കഥ ലോകത്തില്‍ ഉയര്‍ത്തിവിട്ട ചര്‍ച്ച ഏറെയാണ്‌. ഒരൊറ്റക്കഥയുടെ പേരില്‍ ഇത്രയധികം ലോകശ്രദ്ധ കിട്ടിയ മറ്റ്‌ എഴുത്തുകാര്‍ ഏറെയില്ല തന്നെ. ഇതിനോടകം മുപ്പതിലധികം ഭാഷയിലേക്ക്‌ തവിട്ടുനിറമുള്ള പ്രഭാതം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകസാഹിത്യത്തിലെ ഏതൊരു ചലനവും ഏറ്റവും ആദ്യം ഒപ്പിയെടുക്കുന്ന ഭാഷ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി മലയാളത്തിലേക്കും അത്‌ വിവര്‍ത്തനം ചെയ്‌ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെ ലളിതമായ ഒരു കഥയാണ്‌ തവിട്ടു നിറമുള്ള പ്രഭാതം (ഫ്രഞ്ച്‌: മത്ത ബ്രോ) ഒരു നഗരത്തില്‍ പൂച്ചകള്‍ വര്‍ദ്ധിച്ചുവരുന്നതു കാരണം അവയുടെ എണ്ണം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപ്രകാരം തവിട്ടു നിറമുള്ള പൂച്ചകളെ ഒഴിച്ച്‌ ബാക്കി എല്ലാ പൂച്ചകളെയും, കറുത്തവയെയും വെളുത്തവയെയും എല്ലാം, കൊന്നുകളയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അതിനുവേണ്ടി മിലിട്ടറി പോലീസ്‌ വിഷഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

അടുത്ത സര്‍ക്കാര്‍ തീരുമാനം തവിട്ടു നിറമുള്ള പട്ടികളെ ഒഴിച്ച്‌ ബാക്കി എല്ലാ പട്ടികളെയും കൊന്നുകളയുവാനായിരുന്നു. അടുത്തത്‌ ബൗണ്‍ ന്യൂസ്‌ എന്ന പത്രം ഒഴിച്ച്‌ ബാക്കി എല്ലാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ ഇറങ്ങിയത്‌. അടുത്തത്‌ ലൈബ്രറികളുടെ ഊഴമായിരുന്നു. ഒടുവില്‍ കഥ പറയുന്ന ആള്‍ തവിട്ടു നിറമുള്ള മിലിറ്ററി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അതിനിടെ അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. തന്റെ സുഹൃത്തായ ചാര്‍ലിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്. അവന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം (പിന്നീട്‌ അയാള്‍ തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിലും) അയാള്‍ ഏറെക്കാലം മുന്‍പ്‌ തവിട്ടു നിറമില്ലാത്ത ഒരു പട്ടിയെ വളര്‍ത്തിയിരുന്നു എന്നതായിരുന്നു.

എന്താണ്‌ തവിട്ടു നിറത്തിന്‌ ഈ കഥയിലും ചരിത്രത്തിലുമുള്ള പ്രാധാന്യം? എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അത്‌ ഹിറ്റ്‌ലറുടെ എസ്‌.എസ്‌. നാസിപ്പടയുടെ ചിഹ്നമായിരുന്നു എന്നതുതന്നെ. ലോകത്തെല്ലായിടത്തും ക്രൂരമാം വിധം വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ്‌ മനോഭാവങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ ഈ കഥയ്ക്ക്‌ ഉന്നതമായ സമകാലിക പ്രസക്‌തി കൈവരുന്നത്‌. ഒന്നാന്തരം സോഷ്യലിസ്റ്റ്‌ പാരമ്പര്യമുള്ള ഫ്രാന്‍സിലാവട്ടെ അടുത്തകുറേക്കാലമായി വലതുപക്ഷ ഫാസിസ്റ്റ്‌ ചിന്താഗതി വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരന്‍ഞ്ഞെടുപ്പിലാകട്ടെ അവര്‍ 18% വോട്ടുനേടി എന്നത്‌ സകലരാഷ്ട്രീയ പ്രബുധരെയും ഞെട്ടിച്ചിരിക്കുകയുമാണ്‌. ഭാവിയുടെ അധികാരരൂപങ്ങളെ പ്രവചനസ്വഭാവത്തോടേ കണ്ടെത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്നതാവാം ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചന ലോകസാഹിത്യത്തില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുണ്ടയ കാരണം.

മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍കൊണ്ടും വാചകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്‌ ഈ കുഞ്ഞുകൃതി. കറുത്തപട്ടിയെ കൊല്ലേണ്ടി വന്നതോടെ സുഹൃത്ത്‌ ചാര്‍ലി തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങുന്നുണ്ട്‌ കഥയില്‍. നിറുത്താതെ കുരച്ചുകൊണ്ടിരിക്കുന്ന ആ പട്ടി പറയുന്നത്‌: ഞാന്‍ തവിട്ടനാണ്‌. എന്റെ യജമാനനെയല്ല ഒരുത്തനെയും ഞാന്‍ അനുസരിക്കാന്‍ പോകുന്നില്ല എന്നാണ്‌. ഫാസിസ്റ്റുകളുടെ ധാര്‍ഷ്ട്യം ഒരു പട്ടിയിലൂടെയാണ്‌ കഥാകൃത്ത്‌ പുറത്തുകൊണ്ടുവരുന്നത്‌.

മറ്റൊരു വാചകം ശ്രദ്ധിക്കുക: 'നഗരത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഒക്കെയും നിസ്സാരമെന്ന് കരുതി അവഗണിച്ചാല്‍ ജീവിതം സുന്ദരമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി!. തവിട്ടുനിറം നല്‌കുന്ന സുരക്ഷിതത്വം!!' - സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദം, ഫാസിസ്റ്റ്‌ അനുകൂല മനസ്ഥിതി, അവനവനിസത്തോടുള്ള ആസക്‌തി എന്നിവയെല്ലാം ഈയൊരു വാചകത്തില്‍ കാണാം. അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.... ഇക്കലത്തിന്റെ പുസ്‌തകം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം.

Friday, August 1, 2008

നോവല്‍ - ഡ്രാക്കുള


ഡ്രാക്കുള എന്ന നോവലിനെക്കുറിച്ച്‌ കേള്‍ക്കാത്തവരാരും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെന്തിന്‌ ഇപ്പോഴൊരു പുതിയ പരിചയപ്പെടുത്തല്‍ എന്ന് സംശയിക്കുന്നവരും കണ്ടേക്കാം. എന്നാല്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്ന ഈ 'ഡ്രാക്കുള' ബ്രാം സ്റ്റോക്കറുടെ ആ പഴയ ഡ്രാക്കുള അല്ല. ഡ്രാക്കുളയുടെ ഒരു പുനരെഴുത്ത്‌. പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ പുതിയ വിചാരങ്ങളുടെ ഒരു പുതിയ ഡ്രാക്കുള.

ഡ്രാക്കുള ഒരു നോവലും ഒരു കഥാപാത്രവും മാത്രമല്ല പിന്നയോ അതൊരു വലിയ തലമുറയുടെ ഭീതികൂടിയാണ്‌. മനുഷ്യന്റെ ഒത്തിരി ഭ്രമാത്മക സങ്കല്‌പങ്ങളില്‍ നിന്ന് രൂപംകൊണ്ടുവന്നിട്ടുള്ളതാണ്‌ ആ ഭീതി. അതുകൊണ്ടുതന്നെ ആ ഭീതിയ്ക്ക്‌ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവുകയും പുനരെഴുത്തുകള്‍ സംഭവിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കും. ലോക സിനിമയില്‍ തന്നെ ഡ്രാക്കുളയ്ക്ക്‌ എത്രയെത്ര പുനരെഴുത്തുകള്‍ സംഭവിച്ചിരിക്കുന്നു. മൂര്‍നൗ സംവിധാനം ചെയ്‌ത 'നെസ്‌ഫറാതു' പിന്നെ ക്രിസ്റ്റഫര്‍ ലീയുടെ ഡ്രാക്കുള, ഫ്രാന്‍സിസ്‌ ഫോര്‍ഡ്‌ കപ്പോളയുടെ ഡ്രാക്കുള വെര്‍നര്‍ ഹെര്‍സോസിന്റെ ചിത്രം പിന്നെ എത്ര നാടകങ്ങള്‍ നോവലുകള്‍ കവിതകള്‍!! അത്തരത്തില്‍ ഡ്രാക്കുള എന്ന ഭീതിയെ പുതിയ കാലത്തിലേക്ക്‌ മാറ്റിയെഴുതുവാന്‍ നടത്തിയ വിജയകരമായ ശ്രമം എന്ന് യുവ എഴുത്തുകാരനായ അന്‍വര്‍ അബ്‌ദുള്ളയുടെ 'ഡ്രാക്കുള' എന്ന നോവലിനെ ഞാന്‍ വിശേഷിപ്പിക്കുന്നു.

നോവല്‍ ഡ്രാക്കുളയെപ്പറ്റി ആയതുകൊണ്ട്‌ കഥയൊന്നും വിസ്‌തരിക്കേണ്ടതില്ലല്ലോ. സ്വഭാവികമായും ഭീതി, രാത്രി, റെയില്‍വേ സ്റ്റേഷന്‍, രക്‌തം, കഴുത്തിലെ മുറിവ്‌ ഇവയൊക്കെ ഡ്രാക്കുള നോവലിന്റെ അനിവര്യഘടകങ്ങള്‍ ആകുന്നു. അതൊക്കെ ഇതിലുമുണ്ട്‌ അതേസമയം കാണാതാവുന്ന ഒരു സ്‌ത്രീ, പ്രണയം എന്നീ സ്ഥിരം സംഭവങ്ങള്‍ ഇതിലില്ല താനും. ഇനി നോവലിനെപ്പറ്റി ചില കാര്യങ്ങള്‍ അക്കമിട്ടു പറയാം.

1. ഒരു ഇംഗ്ലീഷ്‌ ദേശീയ ദിനപ്പത്രത്തില്‍ കണ്ട പരസ്യമനുസരിച്ച്‌ റാപ്പഗുണ്ടോം എന്ന വിചിത്ര നാമമുള്ള സ്ഥലത്ത്‌ ഇംഗ്ലീഷ്‌ അധ്യാപകന്റെ ജോലിയ്ക്കെത്തുന്ന ചെറി. കെ.ജോസഫിനുണ്ടാകുന്ന അനുഭവങ്ങളാണ്‌ ഈ ഡ്രാക്കുളയുടെ കഥാതന്തു.

2. സാധാരണ കഥപറച്ചിലില്‍ നിന്നും വ്യത്യസ്‌തമായി 'ഞാന്‍' ഈ നോവലില്‍ 'തേര്‍ഡ്‌പേര്‍സണ്‍' ആയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അതായത്‌ ഞാനിനെ മറ്റൊരാളായി ആണ്‌ നോവലിസ്റ്റ്‌ നോക്കിക്കാണുന്നത്‌. അത്‌ നോവലിന്‌ മനോഹരമായ ഒരു ആഖ്യാനസവിശേഷതയും പുതുമയും നല്‌കുന്നുണ്ട്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക : തന്റെ നോവലിന്‌ ഉപകാരപ്പെടുമെന്നുണ്ടായിട്ടും 'ഞാനിന്‌' ഡ്രാക്കുള നോവല്‍ മുഴുവന്‍ വായിച്ചുതീര്‍ക്കന്‍ കഴിഞ്ഞില്ല/ 'ഞാനിന്റെ' ജീവിതത്തെയും പ്രകൃതത്തെയും പരുവപ്പെടുത്തുന്നതില്‍ ഡ്രാക്കുള വഹിച്ച പങ്ക്‌ ചെറുതല്ല/ ഞാനും ചെറിയും കോട്ടയത്ത്‌ എത്തി. 'അവരുടെ' സ്വന്തം നഗരമായിരുന്നു അത്‌. (സാധാരണ 'ഞങ്ങളുടെ' എന്നാണല്ലോ പറയാറ്‌)

3. സമകാലീക ഡ്രാക്കുള ഭീതിയെന്നത്‌ മതഭീകരവാദത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭീതിയാണെന്ന് ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്‌. അങ്ങനെയാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള ഒരു തരത്തില്‍ രാഷ്ട്രീയനോവല്‍ ആയി മാറുന്നത്‌. 'തലയും ചുമന്നു നടന്ന അര്‍ഷദ്‌ ആലമിന്റെയും' 'മേം ബ്രാഹ്മണ്‍ ഹൂം.. ലേകിന്‍ മേം മാംസ്‌ ഖാത്താ ഹൂം' എന്നു പ്രഖാപിക്കുന്ന രഘുവീര പണ്ഡിറ്റിന്റെയും ഉപകഥകളും മാത്രമല്ല പ്രധാനകഥാപാത്രമായ രാജേഷ്‌ ഭോയറിന്റെ ഗൂഢനീക്കങ്ങളും കഥയിലെ രാഷ്ട്രീയം വ്യക്‌തമാക്കുന്നുണ്ട്‌.

ആഖ്യാനത്തിലെ ഇനിയും പറയാത്ത പല നൂതനത്വംകൊണ്ടും വിഷയത്തിലെ ജനപ്രിയതകൊണ്ടും മലയാളത്തിലെ, യുവ എഴുത്തുകാരുടെ കൃതിയില്‍ ശ്രദ്ധേയമായ പുസ്‌തകമാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള.

പലപ്പോഴും വായനക്കാരോട്‌ വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കാറുള്ള ഒരു കാര്യം, പുതിയ എഴുത്തുകാരുടെ കൃതികളിലേക്ക്‌ ഇറങ്ങിച്ചെല്ലുവാനാണ്‌. അതിലൂടെ പുതിയ ഭാവനയും പുതിയ ലോകവും പുതിയ മനസ്സും നമുക്ക്‌ പരിചയപ്പെടുവാനാകും. ഒരേ എഴുത്തുകാരനെത്തന്നെ നാം ആവര്‍ത്തിച്ചുവായിക്കുന്നതിലൂടെ ഒരേ മനസ്സിന്റെ വിവിധ ഭാവനാതലങ്ങള്‍ കാണുക മാത്രമേ നാം ചെയ്യുന്നുള്ളൂ. ഒരു വായനാഹൃദയം എപ്പോഴും തേടുന്നത്‌ പുതിയ ഒന്നിനെയാണല്ലോ. നിങ്ങളുടെ ആ യാത്രയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക.

(പ്രസാധനം: ഡി.സി. ബുക്‌സ്‌- വില 55.00)