Sunday, October 19, 2008

പ്രവാസം - എം. മുകുന്ദന്‍


കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. ആ യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ഈ ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ ഈ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ ഈ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.
(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

Wednesday, October 1, 2008

മരണത്തിനപ്പുറം ജീവിതമുണ്ടോ..?


മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്‍ജന്മമുണ്ടെന്ന് പറയുന്നതിന്‌ തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്‌തിയുള്ള മനുഷ്യന്‍ ഉണ്ടെന്ന് പറയുന്നത്‌ ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം..? എന്താണ്‌ ജീവിതം..? എന്താണ്‌ ആത്മാവ്‌..?

മനുഷ്യന്‌ ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്‌. എന്നിട്ടും നമുക്ക്‌ കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്‌തങ്ങളായ തെളിവുകള്‍ മാത്രമാണ്‌ നമ്മുടെ കയ്യിലുള്ളത്‌. അവയെക്കുറിച്ച്‌ ആഴത്തിലുള്ള ഒരു വിശകലനപഠനമാണ്‌ ഡോ. മുരളീകൃഷ്ണയുടെ 'മരണത്തിനപ്പുറം ജീവിതമുണ്ടോ..?' എന്ന പുസ്‌തകം.

നമുക്ക്‌ പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ്‌ എന്ന സങ്കല്‌പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്‌ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്‌ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച്‌ പോലീസ്‌ തെളിയിച്ച കേസുകള്‍. ശാസ്‌ത്രത്തിന്‌ ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്‌, ടെസ്‌റ്റൂബ്‌ ശിശു, ജീനോം മാപ്പ്‌, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത.

ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത്‌ വിശ്വാസത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്‌തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്‌തകം ശ്രമിക്കുന്നുണ്ട്‌ എന്നതാണ് ഈ പുസ്‌തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത.

നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പുസ്‌തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു.

Thursday, September 25, 2008

ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍


ലോകം അറിയുന്ന മലയാളി എഴുത്തുകാര്‍ ആരൊക്കെ എന്നുചോദിച്ചാല്‍ അരുന്ധതി റോയിയും ശശി തരൂരും എന്ന് ഞാന്‍ പറയും. പക്ഷേ ശശി തരൂരിനെ ഇന്ന് ഒരു സാധാരണക്കാരന്‍ അറിയുന്നത്‌ യു. എന്നിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയിലോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിച്ച കേരളീയന്‍ എന്ന നിലയിലോ ആയിരിക്കും. എന്നാല്‍ ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓര്‍ക്കപ്പെടുന്നത്‌ 'ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്‌"ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' എന്നീ കൃതികളുടെ പേരിലാവും. അദ്ദേഹത്തെപ്പോലെ ലോകപരിചയവും സാഹിത്യബന്ധവും ഉള്ള ഒരാളുടെ ലേഖനങ്ങള്‍ക്ക്‌ അതിന്റെ വിസൃതി കാണാതെ വയ്യ. വിവിധ പത്രങ്ങളുടെ കോളങ്ങളില്‍ എഴുതിയ സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സവിശേഷ സമാഹാരമാണ്‌ 'ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍'.

രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനസമാഹാരങ്ങള്‍ നിരവധിയായി ഇറങ്ങുന്ന ഇക്കാലത്ത്‌ സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചുകൊണ്ട്‌ ഒരു സമാഹാരം തീര്‍ച്ചയായും വായനക്കാരന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്‌. സാഹിത്യത്തെ സംബന്ധിച്ച്‌ തന്റെ നിലപാടുകളും വീക്ഷണങ്ങളും പങ്കുവയ്ക്കാനാണ്‌ ശശി തരൂര്‍ ഈ ലേഖനങ്ങളിലൂടെ ശ്രമിക്കുന്നത്‌. പ്രചോദനങ്ങള്‍, പുനരാലോചനകള്‍, സാഹിത്യജീവിതം, അപഹരണങ്ങള്‍ സമസ്യകള്‍ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായിട്ടാണ്‌ ഇതിലെ ലേഖനങ്ങള്‍ ഇനം തിരിച്ചിരിക്കുന്നത്‌. ബാല്യകാലത്തെ തന്റെ വായനാസക്‌തി പിന്നീട്‌ എങ്ങനെ തന്നെ ഒരു മികച്ച വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്തു എന്നാണ്‌ പുസ്‌തകത്തിലെ ആദ്യലേഖനമായ 'പുസ്‌തകങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ എന്റെ കുട്ടിക്കാലം' എന്ന ലേഖനത്തില്‍ പറയുന്നത്‌. കൗതുകമുണര്‍ത്തുന്ന ചിത്രകഥകളില്‍ തുടങ്ങി ഗൗരവമുള്ള വായനയിലെത്തുന്ന, രാത്രി ഏറെ വൈകും വരെയും വായിച്ച, വര്‍ഷത്തില്‍ 365 പുസ്‌തകങ്ങള്‍ വായിച്ചുതീര്‍ത്ത അക്കാലത്തെപ്പറ്റിയുള്ള ഓര്‍മ്മ, ഏതൊരു വായനക്കാരനെയും അവന്റെ ബാല്യകാല വായനയുടെ ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്‌തമാണ്‌.

പുനരെഴുത്തുകളുടെ കാലമാണിത്‌. പഴയകാലത്തെ മികച്ച കൃതികള്‍ പുതിയ കാലത്തോട്‌ ചേര്‍ത്തുവച്ച്‌ വായിക്കുന്ന തരം പുനരെഴുത്തുകള്‍. ഡ്രാക്കുളയുടെ പുനരെഴുത്ത്‌ മലയാളത്തില്‍ സംഭവിച്ചിട്ട്‌ അധികം കാലമായില്ല. അത്തരത്തില്‍ 'ഗോണ്‍ വിത്ത്‌ വിന്റ്‌"ലോലിത' എന്നീ പ്രശസ്‌തനോവലുകള്‍ക്ക്‌ ഉണ്ടായ പുനരെഴുത്തുകളെക്കുറിച്ചും അതിനെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളെപ്പറ്റിയുമാണ്‌ അടുത്ത ലേഖനം.

'ദ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' 'ഷോ ബിസിനസ്‌' 'കലാപം' എന്നീ നോവലുകളെക്കുറിച്ചും അവ എഴുതാനിടയാക്കിയ സാഹചര്യങ്ങളെക്കിറിച്ചുമാണ്‌ അടുത്ത മൂന്ന് ലേഖനങ്ങള്‍. എഴുത്തിനെ സംബന്ധിച്ച്‌ ചില മൗലിക ചിന്തകള്‍ ഇവിടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്‌. സര്‍ഗ്ഗരചനയ്ക്കുവേണ്ട അവശ്യഘടകം തലയ്ക്കുള്ളില്‍ ഒരു ശൂന്യസ്ഥലം ഉണ്ടാവുക എന്നതാണ്‌. ആ ശൂന്യസ്ഥലത്ത്‌ മറ്റൊരു പ്രപഞ്ചം രൂപകല്‌പന ചെയ്‌ത്‌ അത്രമാത്രം അഭിനിവേശത്തോടെ അവിടെ നാം നിവസിക്കണം. ആ കല്‌പിത ലോകത്തിന്റെ യഥാര്‍ത്ഥ്യം നമ്മുടെ ബോധമണ്ഡലത്തില്‍ നിറയണം. അപ്പോഴേ നമുക്ക്‌ എഴുതാന്‍ കഴിയൂ എന്ന് അദ്ദേഹം ഇവിടെ പറയുന്നു.

അതുല്യ ചിത്രകാരന്‍ എം.എഫ്‌. ഹുസൈനോടൊപ്പം ചേര്‍ന്നുകൊണ്ട്‌ കേരളത്തെക്കുറിച്ച്‌ ഒരു പുസ്‌തകം എഴുതാന്‍ കഴിഞ്ഞതിന്റെ അഭിമാനം പങ്കുവയ്ക്കുകയാണ്‌ 'കല ഹൃദയത്തിനുവേണ്ടി' എന്ന അടുത്തലേഖനത്തില്‍. ഏറെക്കാലമായി വൈദേശിക സംസ്‌കാരങ്ങളുമായി ഇടപഴകി ജീവിക്കുന്നു എങ്കിലും ഒരു കേരളീയന്‍ ആയിരിക്കുന്നതിന്റെ ഒരു മലയാളി എന്ന് സ്വയം വിശേഷിപ്പിക്കുന്നതിന്റെ സ്വര്‍വ്വ അഭിമാനവും ആഹ്ലാദവും ഈ ലേഖനത്തില്‍ നമുക്ക്‌ കാണാന്‍ കഴിയും.

പി.ജി. വുഡ്‌ ഹോവ്‌സ്‌, മാല്‍ക്കോം മഗെരിഡ്‌ജ്‌, പുഷ്‌കിന്‍, പാബ്ലോ നെരൂദ, നിരാധ്‌ ചൗധരി, ആര്‍. കെ നാരായണന്‍, വി.എസ്‌. നെയ്‌പാള്‍, സെല്‍മാന്‍ റുഷ്ദി എന്നിവരുടെ ജീവിതത്തെയും സാഹിത്യത്തെയും വിലയിരുത്തുകയാണ്‌ പുനരാലോചനകള്‍ എന്ന രണ്ടാം ഭാഗത്ത്‌ ശശി തരൂര്‍ ചെയ്യുന്നത്‌. ശീതയുദ്ധകാലത്ത്‌ ചൂടപ്പം പോലെ വിറ്റുപോയിരുന്ന ചാരക്കഥകളുടെ എഴുത്തുകാരന്‍ ജോണ്‍ ലെ കാരെ ഇപ്പോള്‍ എന്തെഴുതുന്നു എന്ന കൗതുകകരമായ ഒരന്വേഷണം നിറഞ്ഞ 'അകത്തേക്കു വരാതെ മഞ്ഞുകൊണ്ടുനിന്ന ചാരന്‍' എന്ന ലേഖനവും ഈ ഭാഗത്തുണ്ട്‌.

ഒളിജീവിതത്തില്‍ നിന്നുള്ള റുഷ്ദിയുടെ മടങ്ങിവരവ്‌ ആസ്വദിച്ച ഹേ-ഓണ്‍-വൈ സാഹിത്യോത്സവം, അമേരിക്കയിലെ പുസ്‌തകവിപണിയുടെ കച്ചവടതന്ത്രങ്ങള്‍, അവിടുത്തെ 23% ജനങ്ങള്‍ നിരക്ഷരരാണെന്ന സത്യം നമ്മളെ ബോധിപ്പിക്കുന്ന 'അമേരിക്കയിലെ നിരക്ഷരത' എന്ന ലേഖനം, അമേരിക്കയിലെ തന്നെ 81% ജനങ്ങളും എഴുത്തുകാരനാവാനുള്ള മോഹവുമായി നടക്കുന്നവരാണെന്ന് പറയുന്ന 'അമേരിക്കന്‍സാഹിത്യവ്യാമോഹം' എന്ന ലേഖനം, നയതന്ത്രജ്ഞരായിരുന്ന കവികളെക്കുറിച്ചുള്ള ഒരു പഠനം, ശബാന ആസ്‌മിയുമൊത്ത്‌ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദാനുഭവം എന്നിവയാണ്‌ മൂന്നാം ഭാഗത്തെ ലേഖനങ്ങള്‍ പങ്കുവയ്ക്കുന്നത്‌.

ഷോ ബിസിനസ്‌ എന്ന നോവല്‍ ഹോളിവുഡ്‌ എന്ന പേരില്‍ സിനിമ ആക്കിയതിന്റെ അനുഭവങ്ങള്‍, ഹെമിംഗ്‌ വേയുടെ സാഹിത്യത്തെ വിസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹത്തെ ഒരു കാള്‍ട്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഐറണി, സജീവമായ രാഷ്ട്രീയ ബന്ധമുള്ള സാഹിത്യകാരന്മാര്‍, 'ഹുയെസ്‌കയില്‍ നാം നാളെ കാപ്പി കുടിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ സമരമുഖത്തേക്ക്‌ ഇറങ്ങിത്തിരിച്ച വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോര്‍ജ്‌ ഓര്‍വെല്ലിന്‌ മുറിവേറ്റ സ്ഥലത്തേക്കു നടത്തിയ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചാണ്‌ അപഹരണങ്ങള്‍ എന്ന അടുത്ത ഭാഗത്തിലെ ലേഖനങ്ങള്‍ പറയുന്നത്‌.

സമസ്യകള്‍ എന്ന അവസാന ഭാഗത്താണ്‌ (ലേഖനമെഴുതുന്ന കാലത്ത്‌) ഉപരോധംകൊണ്ട്‌ പൊറുതി മുട്ടിയിരുന്ന ബാഗ്‌ദാദിലെ ജനങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട പുസ്‌തകങ്ങള്‍ വിറ്റ്‌ അന്നത്തിനുള്ള വക കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഹൃദയസ്‌പര്‍ശിയായ ലേഖനമുള്ളത്‌. 'ആഗോളവത്‌കരണവും മനുഷ്യഭാവനയും', ഒരു പുസ്‌കത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എഴുത്തുകാരനാണോ വായനക്കാരനാണോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന 'അനുവാചകരെ പ്രതിയുള്ള ആശങ്കകള്‍' എന്നീ പ്രൗഢഗംഭീരമായ ലേഖനവും ഈ ഭാഗത്തുണ്ട്‌.

നിരൂപകനല്ലാത്ത ഒരാളില്‍ നിന്നും സാഹിത്യം മാത്രം പറയുന്ന ഒരു കൃതി നമുക്ക്‌ വായിക്കാന്‍ ലഭിക്കുന്നു എന്നതാണ്‌ ഈ സമാഹാരത്തിന്റെ പ്രത്യേകത. അതിന്റെ ലാളിത്യവും സമ്പന്നതയും ഈ കൃതിയ്‌ക്കുണ്ടുതാനും. നിലപാടുകളിലും നിരീക്ഷണങ്ങളിലുമുള്ള ആര്‍ജ്ജവവും വ്യതിരക്‌തതയും ഈ കൃതിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍ എന്ന തലക്കെട്ട്‌ എത്ര മനോഹരമണോ അത്രതന്നെ മനോഹരമാണ്‌ ഇതിന്റെ വിവര്‍ത്തനവും.

(പ്രസാധകര്‍: ഡി.സി. ബുക്‌സ്‌, വില 100 രൂപ)

Friday, September 12, 2008

ചുവപ്പാണെന്റെ പേര്‌


നിങ്ങള്‍ ഒരു ഗൗരവ വായനക്കാരനാണോ..? ആശയങ്ങളുടെ ആഴങ്ങള്‍ നിറഞ്ഞ പുസ്‌തകം നിങ്ങള്‍ക്ക്‌ ഇഷ്‌ടമാണോ..? കഥകള്‍ക്കിടയിലെ സമ്പുഷ്‌ടമായ കഥേതര ചര്‍ച്ചകള്‍ നിങ്ങളെ ഹരം പിടിപ്പിക്കാറുണ്ടോ..? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ്‌ ഈ പുസ്‌തകം.

ജെയിംസ്‌ ജോയിസിന്റെ യുളീസസ്‌ പോലെ ക്ലിഷ്ടമായ സഞ്ചാരംകൊണ്ടല്ല ഈ പുസ്‌തകം അതിന്റെ ഗരിമ തെളിയുക്കുന്നത്‌. ആശയങ്ങളിലേക്ക്‌ കടന്നു ചെല്ലുകയും അതിനെ കഥയാക്കി മാറ്റുകയും ചെയ്യുന്ന പ്രതിഭാവിലാസം കൊണ്ടാണ്‌. അഞ്ഞൂറോളം പേജുകള്‍. കഥകള്‍ ഉപകഥകള്‍, ചരിത്രം കല ഇവയെക്കുറിച്ച്‌ ആധികാരികമായ നിരീക്ഷണങ്ങള്‍. ഗഹനമായ ഭാഷ. എന്നുപറഞ്ഞാല്‍ മലയാളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇന്‍സ്റ്റന്റ്‌ വായനയ്ക്ക്‌ ഉപയോഗിക്കാവുന്ന പുസ്‌തകമല്ല ഇതെന്നര്‍ത്ഥം! പ്രശസ്‌ത തുര്‍ക്കി സാഹിത്യകാരന്‍ ഓര്‍ഹന്‍ പാമൂകിന്റെ 'ചുവപ്പാണെന്റെ പേര്‌' എന്ന നോവലിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌.

കഥാസംഗ്രഹം ഏതാണ്ട്‌ ഇങ്ങനെയാണ്‌: പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഹിജറ വര്‍ഷം ആയിരാമാണ്ട്‌ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു പുസ്‌തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട്‌ പുസ്‌തം അലങ്കരിക്കുവാന്‍ ഇസ്‌താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്റെ ചുമതല ഏല്‌പിക്കുന്നു. എനിഷ്‌ത്തെ എഫിന്റി എന്ന ഉസ്‌താദിനാണ്‌ അതിന്റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത്‌ നിര്‍മ്മിക്കുന്ന പുസ്‌തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച്‌ ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇസ്‌താംബൂള്‍ വിട്ടുപോയ മരുമകന്‍ ബ്ലാക്കിനെ എനിഷ്‌ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്‌താദിന്റെ ലോകസുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്റെ സങ്കടത്തിലാണ്‌ ബ്ലാക്ക്‌ നാടുവിടുന്നത്‌. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്‌. അവളുടെ ഭര്‍ത്താവ്‌ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട്‌ നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്‍തൃസഹോദരന്‍ ഹസ്സന്റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ്‌ താമസം. ബ്ലാക്ക്‌ മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു.

പുസ്‌തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്‌ത്തെ എലിഗന്റെ കൊല്ലപ്പെടുന്നു. ഏറെ താമസിക്കാതെ ഉസ്‌താദ്‌ എനിഷ്‌ത്തെ എഫിന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാര്‍ക്കിടയിലെ വൈര്യവും മത്സരവും അസൂയയും കാരണം അവരില്‍ ഒരാളണ്‌ ഈ രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് മനസ്സിലാകുന്നു. ഒലിവ്‌, സ്റ്റോര്‍ക്‌, ബട്ടര്‍ഫ്ലൈ എന്നിങ്ങനെയാണ്‌ അവശേഷിക്കുന്ന മൂന്നു സൂക്ഷ്‌മചിത്രകാരന്മാര്‍ വിളിക്കപ്പെടുന്നത്‌. ഇവരില്‍ ആരാണ്‌ കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ്‌ ബ്ലാക്കിനെയും ഈ ചിത്രകാരന്മാരുടെ ഗുരു ആയിരുന്ന ഉസ്‌താദ്‌ ഉസ്‌മാനെയും ചുമതലപ്പെടുത്തുന്നു. അവരുടെ കയ്യില്‍ തെളിവായി കിട്ടിയിരിക്കുന്നത്‌ കൊല്ലപ്പെട്ട എലഗന്റ്‌ എഫിന്റിയുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ഒരു കുതിരയുടെ ചിത്രം മാത്രമാണ്‌. ഓരോ ചിത്രകാരന്മാരുടെയും ശൈലി പരിശോധിച്ച്‌ അവസാനം കുറ്റവാളിയായ ചിത്രകാരനെ കണ്ടെത്തുന്ന ഉദ്വേഗഭരിതമായ ഒരു കഥയാണ്‌ ചുവപ്പാണെന്റെ പേര്‌.

ഈ പുസ്‌തകം ഉന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പ്രധാനപ്പെട്ട വിഷയം ഇതാണ്‌. കിഴക്കിന്റെ മഹത്തായ അറബിക്‌ ചിത്രകലയും പേര്‍ഷ്യന്‍ ചിത്രകലയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയെ അനുകരിക്കേണ്ടതുണ്ടോ..? ഒരാള്‍ക്ക്‌ സ്വന്തമായ ഒരു ചിത്രരചനാശൈലി വേണമോ..? ഒരു ചിത്രകാരന്‌ വിഭിന്നമായ രചനാസ്വഭാവം വേണോ..? യൂറോപ്യന്‍ ചിത്രരചനാശൈലിപോലെ ചിത്രത്തില്‍ എവിടെയെങ്കിലും തന്റെ കയ്യൊപ്പ്‌ ചാര്‍ത്തിക്കൊണ്ട്‌ തന്റെ ശൈലി പരസ്യപ്പെടുത്താന്‍ ഒരു ചിത്രകാരന്‍ ശ്രമിക്കുന്നത്‌ ശരിയാണോ..? അതോ അറേബ്യയിലെ പൂര്‍വ്വ ഉസ്‌താദന്മാരെപ്പോലെയും സൂക്ഷ്‌മചിത്രകാരന്മാരെപ്പോലെയും ഒരു ചിത്രം മഹത്തായ ചിത്രകലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി എണ്ണപ്പെടുകയും അതാരാണ്‌ വരച്ചതെന്ന് വെളിപ്പെടുത്താതിരിക്കുകയും വേണമോ..? പ്രതിഭാരാഹിത്യമുള്ളവരും പൂര്‍ണ്ണരല്ലാത്തവരുമായ ചിത്രകാരന്മാരാണോ ചിത്രത്തില്‍ രഹസ്യകൈയ്യൊപ്പ്‌ പതിക്കുന്നത്‌..? ശൈലി കാലത്തെ മറികടക്കാനും അനശ്വരതയില്‍ നിറയാനുമുള്ള ഒരു ചിത്രകാരന്റെ ആഗ്രഹത്തില്‍ നിന്നാണോ ജനിക്കുന്നത്‌..?

ബഹുമാനപ്പെട്ട എം.കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍, ഇതരാരാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കു മുന്നില്‍ മലയാളകൃതികള്‍ തീരെ ശുഷ്കമാണെന്ന് കളിയാക്കിയിരുന്നത്‌ ശരിയായിരുന്നു എന്ന് ഇതുപോലെയുള്ള മഹത്താരരചനകള്‍ വായിക്കുമ്പോള്‍ അറിയാതെ സമ്മതിച്ചുപോകും. മലയാളത്തിലെ ഏതൊരു എഴുത്തുകാരന്റെ രചനയും വെള്ളത്തിലെ പൊങ്ങുതടിപോലെ തോന്നുമ്പോള്‍ ഈ പുസ്‌തകത്തെ എനിക്കുപമിക്കാന്‍ തോന്നുന്നത്‌ കിഴക്കന്‍ മഴവെള്ളത്തില്‍ കടപുഴകിവരുന്ന ഒരു പടുകൂറ്റന്‍ വടവൃക്ഷത്തിനോടാണ്‌.

സമയമെടുത്ത്‌ ആധികാരികതയോടെ വായിക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം 2006-ലെ നോബല്‍ പ്രൈസ്‌ ജേതാവായ ഓര്‍ഹന്‍ പാമുകിന്റെ ഈ കൃതി വായിക്കാന്‍ ശ്രമിച്ചാല്‍ മതിയാവും എന്നാണെന്റെ അഭിപ്രായം.

Monday, August 25, 2008

കുരുതിക്കു മുമ്പ്‌ - തീക്കുനി കവിതകള്‍


പ്രതിഭകൊണ്ട്‌ കവികളാകുന്നവരുണ്ട്‌. ശിക്ഷണംകൊണ്ട്‌ കവികളാകുന്നവരുമുണ്ട്‌. ഒരു സാധാരണ വായനക്കാരന്‌ വളരെവേഗം ഇവരുടെ കവിതകള്‍ വേര്‍തിരിച്ചറിയാനാകും. മൗലികപ്രതിഭകൊണ്ട്‌ കവിത എഴുതുന്നവര്‍ ഹൃദയംകൊണ്ട്‌ നമ്മോട്‌ സംവേദിക്കുന്നവരാണ്‌ ശിക്ഷണംകൊണ്ട്‌ കവികളാകുന്നവര്‍ ബുദ്ധികൊണ്ടും. രണ്ടിലേതെങ്കിലുമൊന്ന് മോശമാണെന്നല്ല. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. എന്നാലും വേഗത്തില്‍ നമ്മള്‍ സാധാരണക്കാരോട്‌ സംവേദിക്കുന്നത്‌ ഒന്നാമത്തെ കൂട്ടര്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ പ്രതിഭയുടെ തിളക്കംകൊണ്ട്‌ കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക്‌ വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ ബലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ ചുരുക്കം ചിലര്‍. അക്കൂട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ നിന്നുള്ള കവി ആരെന്ന ചോദ്യത്തിന്‌ ഒരുത്തരമേയുള്ളു. അത്‌ പവിത്രന്‍ തീക്കുനി തന്നെയാണ്‌. മറ്റ്‌ ആധുനികാനന്തര കവികളെല്ലാം മോശക്കാരാണെന്നല്ല, അവര്‍ക്കൊക്കെയും കവിത എഴുത്തിന്‌ നിരവധി സാഹചര്യങ്ങളുണ്ട്‌. എന്നാല്‍ സാഹചര്യങ്ങള്‍ അപ്പാടെയും എതിരായിരിക്കുമ്പോഴും കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌ മുകളില്‍ സൂചിപ്പിച്ചവര്‍.

ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളാണ്‌ പവിത്രന്റെ കവിതകള്‍ അത്രയും. സ്വന്തം ജീവിതപരിസരത്തു നിന്നും കവിതകള്‍ കണ്ടെടുക്കുന്നവന്റെ തീക്ഷ്ണതയത്രയും പവിത്രന്റെ കവിതകളില്‍ കാണാം. ഇവിടെ, ജീവിക്കുന്ന കവിയും കവിതയിലെ കവിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. അവര്‍ ഒന്നാണ്‌. അവരുടെ ജീവിതവും വ്യഥയും സങ്കല്‌പങ്ങളും ഒന്നാണ്‌. പവിത്രന്റെ എല്ലാ കവിതയിലെയും അച്ഛന്‍ തോറ്റു പോയവനാണ്‌. അമ്മ വ്യഭിചാരം ചെയ്‌തവളാണ്‌. പെങ്ങള്‍ അവിഹിതം പേറുന്നവളാണ്‌. കൂട്ടുകാര്‍ ഒറ്റുകാരനാണ്‌. കവിതയിലെയും ജീവിതത്തിലെയും കവി ഭഗ്നപ്രണയത്തില്‍ അലയുന്നവനാണ്‌. മീന്‍ കച്ചവടക്കാരനാണ്‌. ഒരിടത്തും ഇതിന്‌ മാറ്റമില്ല. കവിതയില്‍ നിന്ന് ജീവിതത്തെ പിരിച്ചെഴുതാന്‍ കഴിയാത്തവന്റെ ന്യൂനതയാണിത്‌. ന്യൂനതകളില്‍ ജീവിക്കുന്നവന്റെ ന്യൂനത നിറഞ്ഞ വരികളായി പവിത്രന്റെ കവിതകള്‍ നമുക്കുമുന്നില്‍ ഉയര്‍ത്തെഴുനേറ്റു വരുന്നു. കെട്ടുപോയ ജീവിതത്തിന്റെ അപകര്‍ഷതയില്ലാതെ നിരാലംബജീവിതത്തിന്റെ ഓരം ചേര്‍ന്ന വഴികളെക്കുറിച്ച പറയുന്ന ഈ കവിതകള്‍ക്ക്‌ വേറിട്ട മനോഹാരിതയുണ്ട്‌.

മുന്‍സമാഹാരത്തിലെ 'വീട്ടിലേക്കുള്ള വഴികള്‍' എന്ന കവിതയിലെ ചില വരികള്‍ ഓര്‍ത്തുപോവുകയാണ്‌.

വീട്ടിലേക്ക്‌ അച്ഛനുണ്ടൊരു വഴി.

മഴയുടെ ചരി‍ഞ്ഞു പെയ്യലിലും ആ‍ഞ്ഞുവീശുമ്പോള്‍ ആളിക്കത്തുന്ന മുറിച്ചൂട്ടു വഴി.

തെങ്ങിന്‍ കള്ളുമണക്കുന്ന നാടന്‍ പാട്ട്‌ പൂക്കുന്ന വഴി.

വീട്ടിലേക്ക്‌ കൂട്ടുകാരനുണ്ടൊരു വഴി. വാരാന്ത്യവഴി. വാക്കെരിയുന്ന വഴി.

അനിയത്തിയുടെ അടിവയറ്റിലവസാനിക്കുന്ന വഴി.

വീട്ടിലേക്ക്‌ ചേച്ചിക്കുണ്ടൊരു വഴി.

ഇത്തിരി കയറ്റമുള്ളൊരു വഴി. മുല്ല മണക്കുന്ന വഴി. ഇല്ലിമറ കാവലാകുന്ന വഴി. സര്‍പ്പസീല്‍ക്കാരമുയരുന്ന വഴി.

ഒരേ കല്ലില്‍ തട്ടി ഒരുപാട്‌ നൊന്തവഴി. വീട്ടിലേക്ക്‌

എനിക്കുമുണ്ടൊരു വഴി.

പാലിക്കാനാവാത്ത വാക്ക്‌ പതിവായി കാത്തുനില്‌ക്കാറുള്ള വഴി.

ഒരേ കല്ലില്‍ തട്ടി ഒരുപാട്‌ നോവുകയും പാലിക്കാനാവാത്ത വാക്ക്‌ പതിവായി കാത്തുനില്‌ക്കുകയും ചെയ്യുന്ന വഴികളെക്കുറിച്ച്‌ പറയുന്നിടത്ത്‌ നാം പവിത്രനിലെ ശുദ്ധ പ്രതിഭയെ കണ്ടുമുട്ടുന്നുണ്ട്‌. ആ വരിയില്‍ മാത്രമല്ല അങ്ങനെ ഒട്ടനവധി വരികളില്‍.

കുരുതിക്കു മുമ്പ്‌ എന്ന ഈ കവിതാസമാഹരത്തിലുണ്ട്‌ പവിത്രന്റെ പ്രതിഭ തൊട്ടറിയാനാകാവുന്ന നിരവധി കവിതകള്‍. കുരുതിക്കു മുമ്പ്‌, ഇത്രമാത്രം, ആണ്ടിത്തെയ്യം, സങ്കടവൃത്തം, അ ആ ക കാ, മുറിച്ചിട്ട ഭൂമി, പുനരുദ്ധാരണം എന്നിങ്ങനെ ഒട്ടനവധി കവിതകള്‍.

പ്രണയം പവിത്രന്റെ കവിതകളിലെ അന്തര്‍ധാരയാണ്‌. അതെല്ലാക്കവിതകള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്‌ നെടുകയും കുറുകയും ഒഴുകിക്കൊണ്ടേയിരിക്കുന്നു. അത്‌ കവിയുടെ തന്നെ ജീവിതത്തിന്റെ തുടര്‍ച്ചയാണ്‌. ഹൃദയം പറയുന്ന വാക്കുകള്‍ കുറിക്കുന്ന ഒരു കവിയ്ക്ക്‌ അത്‌ മറച്ചുവച്ചുകൊണ്ട്‌ എഴുതാനാവില്ല. ഇത്തിരി നേരത്തേക്ക്‌.., സബിതയ്ക്ക്‌, ഒരു വളവില്‍ വച്ച്‌.. മാഞ്ഞുപോക്കിനിടയില്‍, ഓര്‍ക്കുന്നുണ്ടാവണം, വീണ്ടും എന്നീ കവിതകളൊക്കെ പവിത്രന്‍ പ്രണയം ചാലിച്ചെഴുതിയവയാണ്‌.

തൊങ്ങലുകളും ഏച്ചുകെട്ടലുകളുമില്ലാത്ത ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാവും നാം പവിത്രന്റെ കവിതകളെ നാളെ വായിക്കുക. ആ സത്യസന്ധതയിലൂടെയാണ്‌ പവിത്രന്‍ തന്റെ കാവ്യാസ്വാദകരെ കണ്ടെത്തിയിരിക്കുന്നതും.

ദൂരം എന്ന കവിത എടുത്തെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം:

ഇടപ്പള്ളി 300 കി.മി.

ഇടപ്പള്ളി 280 കി.മി.

ഇടപ്പള്ളി 250 കി.മി.

സത്യത്തിലിത്രയും ദൂരമുണ്ടോ..?

കീഴാളനിലേക്കും...

കാമുകനിലേക്കും...

Wednesday, August 13, 2008

തവിട്ടു നിറമുള്ള പ്രഭാതം


വാക്കുകളുടെ എണ്ണവും പുസ്‌തകത്തിന്റെ വലുപ്പവുമാണ്‌ ഒരു കൃതിയെ നോവല്‍ എന്ന വിശേഷണത്തിന്‌ അര്‍ഹമാക്കുന്നതെങ്കില്‍ ഫ്രഞ്ച്‌ എഴുത്തുകാരന്‍ ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചനയെ ഒരു നോവല്‍ എന്നു വിശേഷിപ്പിക്കാനാവില്ല. വെറും പതിനാല്‌ പുറം മാത്രമുള്ള ഒരു ചെറുകഥ. എന്നാല്‍ അക്കഥ ലോകത്തില്‍ ഉയര്‍ത്തിവിട്ട ചര്‍ച്ച ഏറെയാണ്‌. ഒരൊറ്റക്കഥയുടെ പേരില്‍ ഇത്രയധികം ലോകശ്രദ്ധ കിട്ടിയ മറ്റ്‌ എഴുത്തുകാര്‍ ഏറെയില്ല തന്നെ. ഇതിനോടകം മുപ്പതിലധികം ഭാഷയിലേക്ക്‌ തവിട്ടുനിറമുള്ള പ്രഭാതം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകസാഹിത്യത്തിലെ ഏതൊരു ചലനവും ഏറ്റവും ആദ്യം ഒപ്പിയെടുക്കുന്ന ഭാഷ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി മലയാളത്തിലേക്കും അത്‌ വിവര്‍ത്തനം ചെയ്‌ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെ ലളിതമായ ഒരു കഥയാണ്‌ തവിട്ടു നിറമുള്ള പ്രഭാതം (ഫ്രഞ്ച്‌: മത്ത ബ്രോ) ഒരു നഗരത്തില്‍ പൂച്ചകള്‍ വര്‍ദ്ധിച്ചുവരുന്നതു കാരണം അവയുടെ എണ്ണം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപ്രകാരം തവിട്ടു നിറമുള്ള പൂച്ചകളെ ഒഴിച്ച്‌ ബാക്കി എല്ലാ പൂച്ചകളെയും, കറുത്തവയെയും വെളുത്തവയെയും എല്ലാം, കൊന്നുകളയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അതിനുവേണ്ടി മിലിട്ടറി പോലീസ്‌ വിഷഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

അടുത്ത സര്‍ക്കാര്‍ തീരുമാനം തവിട്ടു നിറമുള്ള പട്ടികളെ ഒഴിച്ച്‌ ബാക്കി എല്ലാ പട്ടികളെയും കൊന്നുകളയുവാനായിരുന്നു. അടുത്തത്‌ ബൗണ്‍ ന്യൂസ്‌ എന്ന പത്രം ഒഴിച്ച്‌ ബാക്കി എല്ലാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ ഇറങ്ങിയത്‌. അടുത്തത്‌ ലൈബ്രറികളുടെ ഊഴമായിരുന്നു. ഒടുവില്‍ കഥ പറയുന്ന ആള്‍ തവിട്ടു നിറമുള്ള മിലിറ്ററി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അതിനിടെ അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. തന്റെ സുഹൃത്തായ ചാര്‍ലിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്. അവന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം (പിന്നീട്‌ അയാള്‍ തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിലും) അയാള്‍ ഏറെക്കാലം മുന്‍പ്‌ തവിട്ടു നിറമില്ലാത്ത ഒരു പട്ടിയെ വളര്‍ത്തിയിരുന്നു എന്നതായിരുന്നു.

എന്താണ്‌ തവിട്ടു നിറത്തിന്‌ ഈ കഥയിലും ചരിത്രത്തിലുമുള്ള പ്രാധാന്യം? എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അത്‌ ഹിറ്റ്‌ലറുടെ എസ്‌.എസ്‌. നാസിപ്പടയുടെ ചിഹ്നമായിരുന്നു എന്നതുതന്നെ. ലോകത്തെല്ലായിടത്തും ക്രൂരമാം വിധം വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ്‌ മനോഭാവങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ ഈ കഥയ്ക്ക്‌ ഉന്നതമായ സമകാലിക പ്രസക്‌തി കൈവരുന്നത്‌. ഒന്നാന്തരം സോഷ്യലിസ്റ്റ്‌ പാരമ്പര്യമുള്ള ഫ്രാന്‍സിലാവട്ടെ അടുത്തകുറേക്കാലമായി വലതുപക്ഷ ഫാസിസ്റ്റ്‌ ചിന്താഗതി വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരന്‍ഞ്ഞെടുപ്പിലാകട്ടെ അവര്‍ 18% വോട്ടുനേടി എന്നത്‌ സകലരാഷ്ട്രീയ പ്രബുധരെയും ഞെട്ടിച്ചിരിക്കുകയുമാണ്‌. ഭാവിയുടെ അധികാരരൂപങ്ങളെ പ്രവചനസ്വഭാവത്തോടേ കണ്ടെത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്നതാവാം ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചന ലോകസാഹിത്യത്തില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുണ്ടയ കാരണം.

മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍കൊണ്ടും വാചകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്‌ ഈ കുഞ്ഞുകൃതി. കറുത്തപട്ടിയെ കൊല്ലേണ്ടി വന്നതോടെ സുഹൃത്ത്‌ ചാര്‍ലി തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങുന്നുണ്ട്‌ കഥയില്‍. നിറുത്താതെ കുരച്ചുകൊണ്ടിരിക്കുന്ന ആ പട്ടി പറയുന്നത്‌: ഞാന്‍ തവിട്ടനാണ്‌. എന്റെ യജമാനനെയല്ല ഒരുത്തനെയും ഞാന്‍ അനുസരിക്കാന്‍ പോകുന്നില്ല എന്നാണ്‌. ഫാസിസ്റ്റുകളുടെ ധാര്‍ഷ്ട്യം ഒരു പട്ടിയിലൂടെയാണ്‌ കഥാകൃത്ത്‌ പുറത്തുകൊണ്ടുവരുന്നത്‌.

മറ്റൊരു വാചകം ശ്രദ്ധിക്കുക: 'നഗരത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഒക്കെയും നിസ്സാരമെന്ന് കരുതി അവഗണിച്ചാല്‍ ജീവിതം സുന്ദരമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി!. തവിട്ടുനിറം നല്‌കുന്ന സുരക്ഷിതത്വം!!' - സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദം, ഫാസിസ്റ്റ്‌ അനുകൂല മനസ്ഥിതി, അവനവനിസത്തോടുള്ള ആസക്‌തി എന്നിവയെല്ലാം ഈയൊരു വാചകത്തില്‍ കാണാം. അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.... ഇക്കലത്തിന്റെ പുസ്‌തകം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം.

Friday, August 1, 2008

നോവല്‍ - ഡ്രാക്കുള


ഡ്രാക്കുള എന്ന നോവലിനെക്കുറിച്ച്‌ കേള്‍ക്കാത്തവരാരും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെന്തിന്‌ ഇപ്പോഴൊരു പുതിയ പരിചയപ്പെടുത്തല്‍ എന്ന് സംശയിക്കുന്നവരും കണ്ടേക്കാം. എന്നാല്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്ന ഈ 'ഡ്രാക്കുള' ബ്രാം സ്റ്റോക്കറുടെ ആ പഴയ ഡ്രാക്കുള അല്ല. ഡ്രാക്കുളയുടെ ഒരു പുനരെഴുത്ത്‌. പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ പുതിയ വിചാരങ്ങളുടെ ഒരു പുതിയ ഡ്രാക്കുള.

ഡ്രാക്കുള ഒരു നോവലും ഒരു കഥാപാത്രവും മാത്രമല്ല പിന്നയോ അതൊരു വലിയ തലമുറയുടെ ഭീതികൂടിയാണ്‌. മനുഷ്യന്റെ ഒത്തിരി ഭ്രമാത്മക സങ്കല്‌പങ്ങളില്‍ നിന്ന് രൂപംകൊണ്ടുവന്നിട്ടുള്ളതാണ്‌ ആ ഭീതി. അതുകൊണ്ടുതന്നെ ആ ഭീതിയ്ക്ക്‌ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവുകയും പുനരെഴുത്തുകള്‍ സംഭവിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കും. ലോക സിനിമയില്‍ തന്നെ ഡ്രാക്കുളയ്ക്ക്‌ എത്രയെത്ര പുനരെഴുത്തുകള്‍ സംഭവിച്ചിരിക്കുന്നു. മൂര്‍നൗ സംവിധാനം ചെയ്‌ത 'നെസ്‌ഫറാതു' പിന്നെ ക്രിസ്റ്റഫര്‍ ലീയുടെ ഡ്രാക്കുള, ഫ്രാന്‍സിസ്‌ ഫോര്‍ഡ്‌ കപ്പോളയുടെ ഡ്രാക്കുള വെര്‍നര്‍ ഹെര്‍സോസിന്റെ ചിത്രം പിന്നെ എത്ര നാടകങ്ങള്‍ നോവലുകള്‍ കവിതകള്‍!! അത്തരത്തില്‍ ഡ്രാക്കുള എന്ന ഭീതിയെ പുതിയ കാലത്തിലേക്ക്‌ മാറ്റിയെഴുതുവാന്‍ നടത്തിയ വിജയകരമായ ശ്രമം എന്ന് യുവ എഴുത്തുകാരനായ അന്‍വര്‍ അബ്‌ദുള്ളയുടെ 'ഡ്രാക്കുള' എന്ന നോവലിനെ ഞാന്‍ വിശേഷിപ്പിക്കുന്നു.

നോവല്‍ ഡ്രാക്കുളയെപ്പറ്റി ആയതുകൊണ്ട്‌ കഥയൊന്നും വിസ്‌തരിക്കേണ്ടതില്ലല്ലോ. സ്വഭാവികമായും ഭീതി, രാത്രി, റെയില്‍വേ സ്റ്റേഷന്‍, രക്‌തം, കഴുത്തിലെ മുറിവ്‌ ഇവയൊക്കെ ഡ്രാക്കുള നോവലിന്റെ അനിവര്യഘടകങ്ങള്‍ ആകുന്നു. അതൊക്കെ ഇതിലുമുണ്ട്‌ അതേസമയം കാണാതാവുന്ന ഒരു സ്‌ത്രീ, പ്രണയം എന്നീ സ്ഥിരം സംഭവങ്ങള്‍ ഇതിലില്ല താനും. ഇനി നോവലിനെപ്പറ്റി ചില കാര്യങ്ങള്‍ അക്കമിട്ടു പറയാം.

1. ഒരു ഇംഗ്ലീഷ്‌ ദേശീയ ദിനപ്പത്രത്തില്‍ കണ്ട പരസ്യമനുസരിച്ച്‌ റാപ്പഗുണ്ടോം എന്ന വിചിത്ര നാമമുള്ള സ്ഥലത്ത്‌ ഇംഗ്ലീഷ്‌ അധ്യാപകന്റെ ജോലിയ്ക്കെത്തുന്ന ചെറി. കെ.ജോസഫിനുണ്ടാകുന്ന അനുഭവങ്ങളാണ്‌ ഈ ഡ്രാക്കുളയുടെ കഥാതന്തു.

2. സാധാരണ കഥപറച്ചിലില്‍ നിന്നും വ്യത്യസ്‌തമായി 'ഞാന്‍' ഈ നോവലില്‍ 'തേര്‍ഡ്‌പേര്‍സണ്‍' ആയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അതായത്‌ ഞാനിനെ മറ്റൊരാളായി ആണ്‌ നോവലിസ്റ്റ്‌ നോക്കിക്കാണുന്നത്‌. അത്‌ നോവലിന്‌ മനോഹരമായ ഒരു ആഖ്യാനസവിശേഷതയും പുതുമയും നല്‌കുന്നുണ്ട്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക : തന്റെ നോവലിന്‌ ഉപകാരപ്പെടുമെന്നുണ്ടായിട്ടും 'ഞാനിന്‌' ഡ്രാക്കുള നോവല്‍ മുഴുവന്‍ വായിച്ചുതീര്‍ക്കന്‍ കഴിഞ്ഞില്ല/ 'ഞാനിന്റെ' ജീവിതത്തെയും പ്രകൃതത്തെയും പരുവപ്പെടുത്തുന്നതില്‍ ഡ്രാക്കുള വഹിച്ച പങ്ക്‌ ചെറുതല്ല/ ഞാനും ചെറിയും കോട്ടയത്ത്‌ എത്തി. 'അവരുടെ' സ്വന്തം നഗരമായിരുന്നു അത്‌. (സാധാരണ 'ഞങ്ങളുടെ' എന്നാണല്ലോ പറയാറ്‌)

3. സമകാലീക ഡ്രാക്കുള ഭീതിയെന്നത്‌ മതഭീകരവാദത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭീതിയാണെന്ന് ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്‌. അങ്ങനെയാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള ഒരു തരത്തില്‍ രാഷ്ട്രീയനോവല്‍ ആയി മാറുന്നത്‌. 'തലയും ചുമന്നു നടന്ന അര്‍ഷദ്‌ ആലമിന്റെയും' 'മേം ബ്രാഹ്മണ്‍ ഹൂം.. ലേകിന്‍ മേം മാംസ്‌ ഖാത്താ ഹൂം' എന്നു പ്രഖാപിക്കുന്ന രഘുവീര പണ്ഡിറ്റിന്റെയും ഉപകഥകളും മാത്രമല്ല പ്രധാനകഥാപാത്രമായ രാജേഷ്‌ ഭോയറിന്റെ ഗൂഢനീക്കങ്ങളും കഥയിലെ രാഷ്ട്രീയം വ്യക്‌തമാക്കുന്നുണ്ട്‌.

ആഖ്യാനത്തിലെ ഇനിയും പറയാത്ത പല നൂതനത്വംകൊണ്ടും വിഷയത്തിലെ ജനപ്രിയതകൊണ്ടും മലയാളത്തിലെ, യുവ എഴുത്തുകാരുടെ കൃതിയില്‍ ശ്രദ്ധേയമായ പുസ്‌തകമാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള.

പലപ്പോഴും വായനക്കാരോട്‌ വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കാറുള്ള ഒരു കാര്യം, പുതിയ എഴുത്തുകാരുടെ കൃതികളിലേക്ക്‌ ഇറങ്ങിച്ചെല്ലുവാനാണ്‌. അതിലൂടെ പുതിയ ഭാവനയും പുതിയ ലോകവും പുതിയ മനസ്സും നമുക്ക്‌ പരിചയപ്പെടുവാനാകും. ഒരേ എഴുത്തുകാരനെത്തന്നെ നാം ആവര്‍ത്തിച്ചുവായിക്കുന്നതിലൂടെ ഒരേ മനസ്സിന്റെ വിവിധ ഭാവനാതലങ്ങള്‍ കാണുക മാത്രമേ നാം ചെയ്യുന്നുള്ളൂ. ഒരു വായനാഹൃദയം എപ്പോഴും തേടുന്നത്‌ പുതിയ ഒന്നിനെയാണല്ലോ. നിങ്ങളുടെ ആ യാത്രയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക.

(പ്രസാധനം: ഡി.സി. ബുക്‌സ്‌- വില 55.00)

Sunday, July 13, 2008

ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ഒരോ ദേശങ്ങളിലും അതിന്റെ സ്വന്തം കഥകളുടെ ഒരു നിധികുംഭം ഒളിഞ്ഞുകിടപ്പുണ്ട്‌. ആ നാട്ടുപുരാണങ്ങളെ കൃത്യതയോടെ കണ്ടെത്തി വായനക്കാരന്റെ മുന്നിലെത്തിക്കുന്നത്‌ ഒരു എഴുത്തുകാരന്റെ മിടുക്ക്‌. കേരളത്തില്‍ പൊന്നാനിയുടെ തീരത്തുനിന്നും കുഴിച്ചെടുത്ത എത്രയെത്ര കഥകള്‍ നാം കേട്ടുകഴിഞ്ഞതാണ്‌. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച നാലോ അഞ്ചോ എഴുത്തുകാര്‍ പൊന്നാനിയുടെ നിധികുംഭത്തില്‍ നിന്നും കഥമോഷ്‌ടിച്ചെടുത്ത്‌ നമ്മെ വശീകരിച്ചിട്ടുള്ളവരാണ്‌. എം.ടി, മാധവിക്കുട്ടി, സി. രാധാകൃഷ്ണന്‍, യു. എ. ഖാദര്‍, കെ.പി. രാമനുണ്ണി അങ്ങനെ നീളുന്നു ആ നിര... അപ്പോഴൊക്കെ പൊന്നാനിയുടെ കഥാകുഭം ശൂന്യമായി എന്നാണ്‌ നാം ധരിച്ചുവശരായത്‌. എന്നാല്‍ ഇനിയും അവിടെ കണ്ടെടുക്കപ്പെടേണ്ട അനേകം കഥകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് സി. അഷ്‌റഫിന്റെ കന്നിനോവല്‍ നമ്മോടു വിളിച്ചു പറയുന്നു. ഒരു പൊന്നാനി എഴുത്തുകാരന്റെ സര്‍വ്വ ബലവും ഈ നോവലില്‍ നമുക്ക്‌ കാണാന്‍ കഴിയും.


ഒരു എഴുത്തുകാരന്റെ കന്നി നോവല്‍ എന്ന ബാലപീഡ ഈ നോവലിന്‌ തെല്ലും ഇല്ല. കരുത്തുറ്റ പ്രമേയം, അതിലും കരുത്തുറ്റ ഭാഷശൈലി, കഥയേത്‌ സംഭവമേത്‌ ചരിത്രമേത്‌ സ്വപ്‌നമേത്‌ കാഴ്ചയേത്‌ എന്നറിയാത്ത കഥാപരമ്പര ഇതൊക്കെ ഈ നോവലിനെ മലയാളനോവല്‍ ചരിത്രത്തില്‍ ഉന്നതമായ ഒരു സ്ഥാനത്തേക്ക്‌ നിസംശയം എടുത്തുയര്‍ത്തുന്നു എന്ന് പറയാം.


ഒരു കഥ. അത്‌ നീട്ടിപ്പരത്തി ഒരു നോവല്‍. അതാണ്‌ ഇന്നത്തെ കഥ പറച്ചിലിന്റെ ഒരു സാമ്പ്രദായിക രീതി. എന്നാല്‍ ഇവിടെ കഥകള്‍ അട്ടിയടുക്കി വച്ചിരിക്കുകയാണ്‌. കഥകള്‍ക്ക്‌ ഒരു ക്ഷാമവുമില്ല. ഇതിഹാസ സമാനമായി കഥകളും ഉപകഥകളും വന്നുനിറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിശയോക്‌തിയല്ല. ഇത്രയും പഴങ്കഥകളുടെ കൂമ്പാരം ഇയാള്‍ക്കെവിടുന്ന് കിട്ടി എന്ന് നമ്മെ അതിശയപ്പെടുത്തുന്ന വിധത്തില്‍ ഒരോ ഖണ്ഡികയിലും ഒരോ കഥയുണ്ട്‌. എന്തിന്‌ ഒരോ വരിയിലും ഒരു കഥയുണ്ട്‌ എന്ന് പറയാം. വീണ്ടും പറയട്ടെ അതിശയോക്‌തിയല്ല. കഥകളുടെ സാന്ദ്രതകൊണ്ട്‌ കനം വിങ്ങിയ നോവലുകളില്‍ ഒന്നാണിത്‌. അതൊകൊണ്ടുതന്നെ ശോഷണം വന്ന ഒരു വരിപോലും നമുക്കിതില്‍ കാണാനില്ല. കിഴക്കന്‍ മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ വന്‍ വനശേഖരവുമായി കുത്തിയൊലിച്ച്‌ കനം തിങ്ങിവരുന്ന ഒരു പുഴയോടാണ്‌ ഞാനീ നോവലിനെ ഉപമിക്കുന്നത്‌.


മലയാള എഴുത്തുകാരുടെ ബാലികേറ മലയാണ്‌ ഖസാക്കിന്റെ ഇതിഹാസം. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിനിടയ്ക്ക്‌ അതിനെ കവച്ചുവയ്ക്കുന്നതോ അതിനൊപ്പമെത്തുന്നതോ ആയ ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഉണ്ടെങ്കില്‍ തന്നെ അത്തരമൊരു നോവല്‍ നമ്മുടെ മുന്നിലെത്തിക്കാന്‍ നിരൂപകര്‍ അമ്പേ പരാജയപ്പെട്ടുപോയി എന്ന് ആരോപിക്കേണ്ടിവരും. ഖസാക്ക്‌ എന്ന മായികവലയത്തില്‍ പെട്ട്‌ കാഴ്ച നഷ്ടപ്പെട്ടുപോയവരാണ്‌ നമ്മുടെ നിരൂപകരും അനേകം വായനക്കാരും. അവര്‍ക്കത്‌ മലയാള സാഹിത്യത്തിലെ മേലെഴുത്തു പാടില്ലാത്ത വേദഗ്രന്ഥമാണ്‌. അതിന്റെ ശീര്‍ഷകത്വത്തെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ അവര്‍ക്ക്‌ ഹാലിളകും. വിജയന്റെ മേലെ ഒരെഴുത്തുകാരന്‍ ഉണ്ടാവാന്‍ പോകുന്നില്ല എന്ന മുന്‍ വിധിക്കരാണവര്‍. എന്നാല്‍ 'ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍' എന്ന നോവല്‍ വായിച്ചശേഷം ഞാന്‍ ധൈര്യസമേതം പറയുന്നു ഖസാക്കിന്റെ ഉന്നതിയെ ചെന്നുതൊടാന്‍ ഈ നോവലിനായിട്ടുണ്ട്‌. ഉണ്ട്‌. ഉണ്ട്‌. തീര്‍ച്ചയായും ആയിട്ടുണ്ട്‌. സന്ദേഹികള്‍ വരൂ ഈ നോവല്‍ വായിക്കൂ. ഏറെക്കാലമായി വായിക്കാന്‍ കൊതിച്ചിരുന്ന നോവല്‍ എന്നു നിങ്ങള്‍ പറയും തീര്‍ച്ച. ഒരു മോഹന്‍ലാല്‍ പരസ്യം അനുകരിച്ചാല്‍ ഇതെന്റെയുറപ്പ്‌!!


(പ്രസാധകര്‍: ഡി.സി. ബുക്സ്‌. പേജ്‌: 158 വില: 75 രൂപ)

Friday, June 13, 2008

ഭാവിയുടെ ഭാവനനിരൂപണം എന്ന സാഹിത്യശാഖയില്‍ നിന്ന് സാധരണക്കാരനായ ഒരു വായനക്കാരന്‍ ആഗ്രഹിക്കുന്നത്‌ എന്താണ്‌..? എന്റെ അഭിപ്രായത്തില്‍ രണ്ടു കാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്‌ എന്നാണ്‌.

ഒന്ന്, വായനക്കാരന്റെ കണ്ണില്‍ പെടാതെ മറഞ്ഞു കിടക്കുന്ന അമൂല്യങ്ങളായ പുസ്‌തകങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുക എന്ന പ്രാഥമിക ദൗത്യം.

രണ്ട്‌, ഒരു സാധാരണവായനയില്‍ പ്രത്യക്ഷമാകാതിരിക്കുന്ന സൂക്ഷ്മാര്‍ത്ഥങ്ങള്‍, അറിവുകള്‍, ദര്‍ശങ്ങള്‍ എന്നീ വിവിധതലങ്ങള്‍ വെളിച്ചത്ത്‌ കൊണ്ടുവന്ന് വായനക്കാരന്‌ പറഞ്ഞുകൊടുക്കുക എന്ന പ്രധാന ദൗത്യം. ഈ രണ്ടു ദൗത്യങ്ങളിലൂടെ ആത്യന്തികമായ വായനക്കാരനെ പുസ്‌തകങ്ങളിലേക്ക്‌ അടുപ്പിക്കുക.

ഇതിനപ്പുറത്ത്‌ നിരൂപകരില്‍ നിന്നുണ്ടാകുന്ന സംവാദങ്ങളും പ്രതിവാദങ്ങളും പോര്‍വിളികളും ചര്‍ച്ചകളും ഒരു സാധാരണ വായനക്കാരന്‌ പഥ്യമുള്ളതല്ല എന്നാണ്‌ എന്റെ പക്ഷം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്നത്തെ നിരൂപകരില്‍ ഏറിയപക്ഷവും തങ്ങളുടെ ഈ ദൗത്യങ്ങളില്‍ നിന്നകന്ന് അര്‍ത്ഥരഹിതമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ എന്നതാണ്‌ സത്യം. ഒരു കാലത്ത്‌ നമ്മുടെ സാഹിത്യശാഖകളില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം വഹിച്ചിരുന്ന നിരൂപണപ്രസ്ഥാനത്തെ പിന്നോട്ടടിക്കുന്നതിനും വായനക്കാര്‍ നിരസിക്കുന്നതിനും കാരണമായത്‌ ഈ ദൗത്യം മറന്നുള്ള വാക്ക്‌പോരാട്ടങ്ങളാണ്‌ എന്ന് പറയാതെ വയ്യ. നമുക്ക്‌ എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ആധുനികതയുടെ കാലത്ത്‌ കെ.പി. അപ്പന്‍, വി.രാജകൃഷ്ണന്‍, നരേന്ദ്രപ്രസാദ്‌, ആഷാമേനോന്‍ എന്നിവര്‍ തങ്ങളുടെ കാലത്തെ നല്ല പുസ്‌തകങ്ങളെ വായനക്കാരന്റെ മുന്നില്‍ കൃത്യസമയത്ത്‌ എത്തിക്കുന്നതില്‍ വിജയിച്ചവരാണ്‌ എന്ന് സമ്മതിച്ചേ മതിയാവൂ. അത്‌ ഒരുപോലെ വായനക്കാരനും എഴുത്തുകാരനും അങ്ങനെ മൊത്തത്തില്‍ വായനയ്ക്കു തന്നെയും ഗുണം ചെയ്‌തു എന്ന് ഇപ്പോള്‍ നമുക്ക്‌ കാണാം. ഒ.വി.വിജയന്റെയും എം. മുകുന്ദന്റയും സക്കറിയയുടെയും നന്നായി വായിക്കപ്പെടുന്നതിന്‌ ഈ നിരൂപകന്മാര്‍ കാരണമായിട്ടുണ്ട്‌ എന്ന് സമ്മതിക്കണം. ഏറ്റവും പുതിയതായി കെ.പി. അപ്പന്‍ 'യുളീസസ്‌' എന്ന വായനയുടെ ഹിമാലയത്തിലേക്ക്‌ ഒരു എളുപ്പവഴി വെട്ടിയത്‌ നാം കണ്ടതാണ്‌ (മാതൃഭൂമിയില്‍). നമുക്ക്‌ അപ്രാപ്യമായതിനെ നമ്മുടെ വരുതിയിലെത്തിക്കുക എന്നൊരു ദൗത്യമാണ്‌ ഇവിടെ നിരൂപകന്‍ നിര്‍വ്വഹിക്കുന്നത്‌. അതേസമയം നിരൂപകന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന മേഖലകൂടിയാണ്‌ ഈ പുസ്‌തകം പരിചയപ്പെടുത്തല്‍. ഒരു നിരൂപകന്‍ മനോഹരം എന്ന് സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത്‌ അവതരിപ്പിക്കുന്ന ഒരു പുസ്‌തകം വായനക്കാരന്‌ ബോധിച്ചില്ലെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ആ കൃതിയായിരിക്കില്ല, ആ നിരൂപകന്റെ സത്യസന്ധതയും സൗന്ദര്യബോധവും ആയിരിക്കും. വായക്കാരന്‌ ഇഷ്ടപ്പെട്ട ഒരു കൃതി അവതരിപ്പിക്കുന്നതില്‍ നിരൂപകന്‍ പരാജയപ്പെടുന്നെങ്കില്‍ അപ്പോഴും ചോദ്യം ചെയ്യപ്പെടുക നിരൂപകന്റെ വായനാശീലവും കാഴ്ചപ്പാടുകളും ആയിരിക്കും. ഈ വെല്ലുവിളികളെ എല്ലാം കൃത്യമായി മറികടന്ന് നല്ല നിരൂപകന്‍ എന്നു ഖ്യാതി സിദ്ധിച്ച നിരവധി പേര്‍ നമുക്കുണ്ടായിരുന്നു. വായനക്കാരെന്റെയും എഴുത്തുകാരന്റെയും ഭാഗ്യമുള്ള കാലമായിരുന്നു അത്‌. എന്നാല്‍ ഇന്നത്തെ വായനക്കാരനും എഴുത്തുകാരനും ഒരുപോലെ നിര്‍ഭാഗ്യവാന്മാരാണ്‌. വായനക്കാര്‍ക്ക്‌ വേണ്ടത്‌ കണ്ടെത്തിക്കൊടുക്കാന്‍, എഴുത്തുകാരന്റെ വെളിച്ചങ്ങള്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുക്കാന്‍ പ്രാപ്‌തരായ നിരൂപകര്‍ നമുക്കിന്നില്ല. നിരൂപണം അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു സാഹിത്യശാഖയായി മാറിക്കൊണ്ടിരിക്കുന്നു. പുതിയ മുഖങ്ങള്‍ നിരൂപണ ശാഖയിലേക്ക്‌ കടന്നുവരുന്നില്ല. പരന്നവായനാശീലം, കഠിനാധ്വാനവും ചെയ്യാനുള്ള മനസ്സ്‌, വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഇവമൂന്നും ഒത്തുചേര്‍ന്ന ഒരാള്‍ക്ക്‌ മാത്രമേ ഇന്ന് നല്ലൊരു നിരൂപകനായിത്തീരാന്‍ സാധിക്കു. ഇന്‍സ്‌റ്റന്റ്‌ പ്രശസ്‌തിയ്ക്ക്‌ കാത്തിരിക്കുന്ന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകവും മറ്റൊന്നായിരിക്കില്ല.

ആമുഖമായി ഇത്രയും പറഞ്ഞത്‌, കാര്യങ്ങളുടെ ഈ ദുര്‍ദശയിലും പ്രതീക്ഷയ്ക്ക്‌ വക തരുന്ന, നിരൂപണം അത്രയ്‌ക്കങ്ങ്‌ അന്യം നിന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്ന, നിരൂപണദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു പുസ്‌തകം നമുക്കായി ഇപ്പോള്‍ ലഭിച്ചിരിക്കുന്നു എന്നതിനാലാണ്‌. യുവനിരൂപകരില്‍ ശ്രദ്ധേയനായ രഘുനാഥന്‍ പറളിയുടെ 'ഭാവിയുടെ ഭാവന' യാണ്‌ ആ പുസ്‌തകം!

നമ്മള്‍ പലതവണ വായിച്ചിട്ടുള്ള കൃതികള്‍, പല നിരൂപകരും പല തവണ പറഞ്ഞിട്ടുള്ള കൃതികള്‍ ഒരിക്കല്‍ക്കൂടി വായിക്കുകയും ആ കൃതികള്‍ക്കുള്ളില്‍ ഇനിയും വെളിപ്പെടാതെ കിടക്കുന്ന അര്‍ത്ഥതലങ്ങള്‍ നമുക്ക്‌ പറഞ്ഞുതരികയുമാണ്‌ ഈ പുസ്‌തകത്തിലെ ഒന്നാംഭാഗമായ 'വിചാര'ത്തിലെ ആദ്യലേഖനങ്ങള്‍. എം.ടിയുടെ 'അസുരവിത്ത്‌', മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' 'നൃത്തം' ആനന്ദിന്റെ 'വ്യാസനും വിഘ്നേശ്വരനും' 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' സി. ആര്‍ പരമേശ്വരന്റെ 'ഞങ്ങളുടെ കവിതാവ്യവസായം' 'ഈഴവര്‍' സേതുവിന്റെ 'ദൂത്‌' സക്കറിയയുടെ 'ഒരിടത്ത്‌' എന്നീ രചനകളാണ്‌ ഇവിടെ രഘുനാഥന്‍ പുനര്‍വായനയ്ക്ക്‌ വിധേയമക്കുന്നത്‌. ഒരു നിരൂപകന്റെ രണ്ടാം ദൗത്യമെന്ന നിലയില്‍ ഈ ലേഖനങ്ങള്‍ അതിന്റെ കടമ നിര്‍വ്വഹിക്കുന്നുണ്ട്‌.

റിസിയോ രാജിന്റെ 'അവിനാശം' സൈമണ്‍ ലെയ്‌സിന്റെ 'നെപ്പോളിയന്റെ മരണം' കെ.രഘുനാഥന്റെ 'സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍' പി. മോഹനന്റെ 'അമ്മകന്യ' 'വിഷയ വിവരം' കെ.പി. ഉണ്ണിയുടെ 'ഫോസിലുകള്‍ ഉണ്ടായിരുന്നത്‌' സാറാജോസഫിന്റെ 'മാറ്റാത്തി' സി. അഷറഫിന്റെ 'ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങള്‍' അശോകന്റെ 'ഞങ്ങളുടെ മഞ്ഞപ്പുസ്‌തകം' എന്നീ കൃതികള്‍ തന്റെ ഒന്നാം ദൗത്യം എന്ന നിലയില്‍ രഘുനാഥന്‍ നമുക്ക്‌ പരിചയപ്പെടുത്തുന്നു. എങ്ങനെ ഒരു നോവല്‍ എഴുതരുത്‌ എന്നതിന്റെ ഉദാഹരണമായി ഹരിദാസ്‌ കരിവള്ളൂരിന്റെ 'പ്രകാശനം' ബി. മുരളിയുടെ 'ആളകമ്പടി' എന്നീ നോവലുകളും നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്‌.

മലയാളത്തിലെ പ്രധാന ആധുനികാനന്തര കഥകളെ പരികയപ്പെടുത്തുന്ന 'പുതിയ കഥ പുതിയ ജീവിതം' കഥാസാഹിത്യത്തിലെ ഉപഭോഗപരത അന്വേഷിക്കുന്ന 'തിരസ്കരിക്കപ്പെടുന്ന മനസ്‌, ആഘോഷിക്കപ്പെടുന്ന ശരീരം' കെ.പി. അപ്പന്റെ നിരൂപണത്തെപ്പറ്റി പഠിക്കുന്ന ' നിരൂപണത്തിന്റെ വാഗ്ദത്തഭൂമി' സെന്‍ ദര്‍ശനം അന്വേഷിക്കുന്ന 'സെന്‍ ദര്‍ശനവും അനുഭവവും' നിരൂപണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ചിന്തിക്കുന്ന 'നിരൂപണത്തിന്റെ ആപേക്ഷികത' എന്നീ ലേഖനങ്ങളും 'വിചാരം' എന്ന ആദ്യഭാഗത്തില്‍ വരുന്നുണ്ട്‌.

തനിക്ക്‌ മുന്‍പേ എഴുതിയവരോട്‌ കഠിനമായി വിയോജിച്ചുകൊണ്ട്‌ തന്റെ വ്യതിരിക്‌തതയും വ്യക്‌തിത്വവും തെളിയിക്കുക എന്നത്‌ ഓരോ നിരൂപകന്റെയും എഴുത്തുപദ്ധതിയുടെ ഭാഗമാണ്‌. രഘുനാഥന്‍ അതിനുവേണ്ടിയാണ്‌ ഈ പുസ്‌തകത്തിലെ രണ്ടാം ഭാഗമായ 'വിതര്‍ക്കം' മാറ്റി വച്ചിരിക്കുന്നത്‌. കെ.പി. അപ്പന്‍, വി.സി. ശ്രീജന്‍, എം.കെ.ഹരികുമാര്‍, സി.ബി.സുധാകരന്‍, ഇ.പി.രാജഗോപാലന്‍ ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പ്രമുഖ നിരൂപകരുടെയെല്ലാം വിവിധ ലേഖനങ്ങളോടും പുസ്‌തകങ്ങളോടും പലവിഷയങ്ങളില്‍ വിയോജിച്ചുകൊണ്ടാണ്‌ രഘുനാഥന്‍ തന്റെ വ്യതിരിക്‌തത ബോധ്യപ്പെടുത്തുന്നത്‌. വെറുതെ വിയോജിക്കുവാന്‍ വേണ്ടി വിയോജിക്കുക എന്നതിനപ്പുറം ഒരോ വിഷയത്തിലും തന്റെ നിലപാടും കാഴ്കപ്പാടുകളും വെളിപ്പെടുത്താന്‍ വേണ്ടിക്കൂടിയാണ്‌ ഈ ലേഖനങ്ങള്‍ എഴുതപ്പെട്ടത്‌ എന്ന് നമുക്ക്‌ വേഗം ബോധ്യപ്പെടും. ഈ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും രഘുനാഥന്റെ നിലപാടുകളും നിരീക്ഷണങ്ങളും താഴെകൊടുക്കും വിധം ക്രോഡീകരിക്കാമെന്ന് തോന്നുന്നു:

1. കെ.പി അപ്പനു ശേഷമുള്ള തലമുറയുടെ നിരൂപണം പൊതുവെ കഴിവുകേടുകളുടെ അഭയകേന്ദ്രമായിരുന്നു. അപ്പന്റെ നിരൂപണലോകത്തിന്‌ ഒരു പോറല്‍പോലും ഏല്‌പിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.

2. മലയാളി എഴുത്തുകാരന്റെ ശിരസ്സ്‌ പാശ്ചാത്യന്റെ കോളനിയായി കാണരുതെന്ന് പ്രഖ്യാപിക്കുന്ന അപ്പന്റെ ശിരസ്‌ മിക്കപ്പോഴും ഒരു പാശ്ചാത്യകോളനിയായി മറുന്നു.

3. രൂപകങ്ങളില്‍ ഊന്നിയുള്ള ഒരു വായനയെക്കാള്‍ സിദ്ധാന്തങ്ങളില്‍ ഊന്നിയുള്ള വായനയാവും കൃതികളില്‍ മറഞ്ഞുകിടക്കുന്ന ആശയപ്രപഞ്ചങ്ങള്‍ വായനക്കാരനില്‍ എത്തിക്കാന്‍ ഉതകുക.

4. ഇടതുപക്ഷ നിരൂപകര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ ഫാസിസ്റ്റ്‌ തന്ത്രങ്ങളാണ്‌ പയറ്റുന്നത്‌.

5. സാഹിത്യ നിരൂപണത്തെ രണ്ടാം തട്ടിലും സാമൂഹിക നിരൂപണത്തെ ഒന്നാം തട്ടിലും വയ്ക്കുന്ന പുതിയ രീതികളോട്‌ യോജിക്കുന്നില്ല.

6. നാരായന്‍ എന്ന എഴുത്തുകാരനെ സമകാലിക നിരൂപണം മാറ്റിനിറുത്തുന്നത്‌ അദ്ദേഹം ദളിതനായിട്ടല്ല, അദ്ദേഹം അതര്‍ഹിക്കുന്നില്ല എന്നതുകൊണ്ടാണ്‌. അതെ സമയം സാറജോസഫിന്‌ പെണ്ണെഴുത്തിന്റെ അംഗീകാരം കൊടുക്കുന്നത്‌ അവരുടെ കൃതികള്‍ വായന അര്‍ഹിക്കുന്നുണ്ട്‌ എന്നതുകൊണ്ടാണ്‌.

7. യുക്‌തിയുടെ മനസ്സുമായി സാഹിത്യത്തെ സമീപിക്കരുത്‌, അടിസ്ഥാനപരമായി അത്‌ അയുക്‌തിയുടെ മണ്ഡലമാണ്‌.

8. പ്രസക്‌തി നഷ്ടപ്പെട്ട പുരോഗമന സാഹിത്യം പുതിയ അജണ്ട സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ അതിന്റെ പേരിലാണ്‌ ഒ.വി. വിജയന്‍ ഉള്‍പ്പെടെ പല എഴുത്തുകാരും ഹിന്ദു വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കപ്പെടുന്നത്‌ .

9. ജീവിതാനുഭവങ്ങളില്‍ നിന്നെത്തുന്നതും മനുഷ്യര്‍ കുടുങ്ങുന്നതുമായ കല ഏതാണോ അതാണ്‌ ശുദ്ധമായ കല. അതുകൊണ്ട്‌ സാഹിത്യപ്രശ്നങ്ങള്‍ സാഹിത്യപ്രശ്നങ്ങളായിത്തന്നെ നിന്നാല്‍ മതി. അതിനെ സാമൂഹിക പ്രശ്നങ്ങളോട്‌ ചേര്‍ത്തുവായിക്കുകയോ കൂട്ടിവയ്ക്കുകയോ വേണ്ടതില്ല.

10. ഒരു പുതിയ നിരൂപണം എന്നൊരു വലിയ ആഗ്രഹം എല്ലാ നിരൂപകരും വച്ചുപുലര്‍ത്തുന്ന കാലമാണിത്‌, അതേസമയം പുതിയ സാഹചര്യത്തില്‍ ഒന്നും പ്രവര്‍ത്തിക്കാതിരിക്കുകയോ അതിനുപറ്റിയ ഉപകരണങ്ങള്‍ (കൃതികള്‍) കണ്ടെടുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന ഒരു ദശാസന്ധിയിലാണ്‌ നാമിന്ന് ജീവിക്കുന്നത്‌.

സാഹിത്യ നിരൂപണത്തിന്റെ കാലം അസ്‌തമിച്ചു എന്നും ഇനി നിലനില്‌ക്കുക സാമൂഹിക നിരൂപണം മാത്രമാണെന്നുമുള്ള വാദങ്ങളെ നിരാകരിക്കുന്ന ഒരു പുസ്‌തകമെന്ന നിലയില്‍ രഘുനാഥന്റെ 'ഭാവിയുടെ ഭാവന' ഗൗരവമായ വായന അര്‍ഹിക്കുന്നുണ്ട്‌.

Friday, June 6, 2008

സര്‍വ്വം ശിഥിലമാകുന്നു


ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ്‌ ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്‌തമായ നോവലാണ്‌ സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.
വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ്‌ നോവലിന്റെ ആദ്യഭാഗത്ത്‌ വരുന്നത്‌. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്‌. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത്‌ ക്രിസ്‌തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക്‌ നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദജീവിതത്തിന്‌ താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ്‌ ഈ നോവലിന്റെ കഥാതന്തു.
ഒക്കെന്‍ക്വൊ എന്ന ഗ്രാമീണന്റെയും അവന്റെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥപറയുന്നതിലൂടെയാണ്‌ ഒരു ഭൂഖണ്ഡത്തിലുണ്ടായ സാമൂഹികമാറ്റത്തിന്റെ കഥ ചിന്നു അച്ചാബേ നമ്മോട്‌ പറയുന്നത്‌. ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാന്‍. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌. അങ്ങനെയാണ്‌ ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്‌.