Wednesday, October 1, 2008

മരണത്തിനപ്പുറം ജീവിതമുണ്ടോ..?


മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്‍ജന്മമുണ്ടെന്ന് പറയുന്നതിന്‌ തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്‌തിയുള്ള മനുഷ്യന്‍ ഉണ്ടെന്ന് പറയുന്നത്‌ ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം..? എന്താണ്‌ ജീവിതം..? എന്താണ്‌ ആത്മാവ്‌..?

മനുഷ്യന്‌ ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്‌. എന്നിട്ടും നമുക്ക്‌ കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്‌തങ്ങളായ തെളിവുകള്‍ മാത്രമാണ്‌ നമ്മുടെ കയ്യിലുള്ളത്‌. അവയെക്കുറിച്ച്‌ ആഴത്തിലുള്ള ഒരു വിശകലനപഠനമാണ്‌ ഡോ. മുരളീകൃഷ്ണയുടെ 'മരണത്തിനപ്പുറം ജീവിതമുണ്ടോ..?' എന്ന പുസ്‌തകം.

നമുക്ക്‌ പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ്‌ എന്ന സങ്കല്‌പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്‌ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്‌ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച്‌ പോലീസ്‌ തെളിയിച്ച കേസുകള്‍. ശാസ്‌ത്രത്തിന്‌ ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്‌, ടെസ്‌റ്റൂബ്‌ ശിശു, ജീനോം മാപ്പ്‌, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത.

ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത്‌ വിശ്വാസത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്‌തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്‌തകം ശ്രമിക്കുന്നുണ്ട്‌ എന്നതാണ് ഈ പുസ്‌തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത.

നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പുസ്‌തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു.

10 comments:

ബെന്യാമിന്‍ said...

മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..?

യാരിദ്‌|~|Yarid said...

ബെന്യാമിന്‍ ജി, ഒരു മനോരോഗി എഴുതിയ പുസ്തകമാണതെന്നു പറയാം. സാധാരണ ഇമ്മാതിരി പുസ്തകങ്ങള്‍ എഴുതുന്ന ആള്‍ക്കാര്‍ പറയുന്ന എല്ലാ ഞൊടുക്കു ന്യായങ്ങളും അതിലുണ്ട്...ഇതിനേക്കാളും നന്നായി കുറുമാന്‍ പ്രേതകഥയെഴുതിയിട്ടുണ്ട്...!

ദേ പുസ്തകം മുന്നിലെടുത്തു വെച്ചിട്ടാണെ ഈ പ്രസ്താവന...;)

smitha adharsh said...

ഇത്തരം വിഷയങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്..പക്ഷെ,മുന്നേ വന്നു കമന്റിയ യാരിദ്‌ പറഞ്ഞതു കേട്ടപ്പോ...ഒരു..

ഒരു “ദേശാഭിമാനി” said...

ഇതിനുത്തരം മരിച്ചുപോയ ഒരാൾക്കേ പറയാൻ പറ്റൂ! അതൊട്ടു സാധിക്കുമെന്നും തോന്നുന്നില്ല. ഭാരതീയ പുരാണങ്ങളിലെ അന്ധവിശ്വാസത്തോടൊപ്പം ആണു ഇത്തരം പുസ്തകങ്ങളുടെയും സ്ഥാനം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Maranaththinappuram enthaanu ennokkeyulla kaaryangalekkurich munp anweshichu nadannittund. kure ethokkeyo booksum vaayichittund. evideyum sariyaaya onnum kaanan kazhinjnjttilla. ee book vaayichittilla. Yarid abhiprayam paranjathu kettappo oru.....

വേണാടന്‍ said...

ജസ്റ്റീസ് വിആര്‍ ക്രുഷ്ണയ്യറും മരണനന്തരജീവിതെത്തെക്കുറിച്ച് ‘മരണാനന്തര ജീവിതം’ എന്ന് പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.ശാരദ അയ്യരുടെ മരണശേഷം ഉണ്ടായ മനോദു:ഖമാണു മരണനന്തരജീവിതെത്തെക്കുറിച്ച് ചിന്തിക്കുവാനും കൂടുതല്‍ അന്വേഷിക്കനും ഉള്ള ശ്രമം തുടങ്ങിയത് എന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നൂ. സ്വന്തം അനുഭവങ്ങളും ഒപ്പം പ്രശസ്തരായ നമ്മള്‍ കേട്ടിട്ടുള്ള പലരുടെയും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഞൊടുക്കു ന്യായമോ, പ്രേതഭീതിയോ ഒന്നും ഈ പുസ്തകത്തില്‍ ഞാന്‍ കണ്ടില്ല. തല്പര്യം ഉള്ളവര്‍ക്കു വായിക്കാം, അഭിപ്രായം ദയവായി കമന്റുക.

മരണത്തിനപ്പുറമുള്ള രഹസ്യത്തിന്റെ ഉള്ളറകളിലെ ഭീതിതമായതൊ ഭീകരമായതൊ ഉത്ക്രുഷ്ടമയതൊ അനന്തമായതൊ ത്രസിപ്പിക്കുന്നതൊ എന്തുമാകട്ടെ രഹസ്യത്തെക്കുറിച്ച് എന്റെ സാമാന്യബുദ്ധിക്കു ഒതുങ്ങുന്ന തരത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നു. എവിടെയെങ്കിലും എന്നെങ്കിലും എന്തെങ്കിലും വിശ്വാസയോഗ്യമായത് കരഗതമകുമായിരിക്കും...

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Unknown said...

ബെന്യാമിന്‍ , പരാമൃഷ്ട പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇനി വായിക്കുമെന്നും പറയാന്‍ പറ്റില്ല. ഒന്നാമത് ഇപ്പോള്‍ വായന കുറവാണ്,പിന്നെ വയിക്കാന്‍ ധാരാളമുണ്ട് സമയം തികയാത്തതാണ് പ്രശ്നം.

മരണത്തെ പറ്റി ചിന്തിക്കാത്ത ആരുമുണ്ടാകില്ല , പ്രായം കൂടുന്തോറും മരണത്തോടുള്ള ഭയവും കൂടി വരും . അത് കൊണ്ടാണ് പല വിപ്ലവകാരികളും യുക്തിവാദികളും വയസ്സ് കാലത്ത് ആത്മീയതയിലേക്ക് തിരിയുന്നത് . മരണം ജീവിതത്തിന്റെ അവസാനമല്ല , അത് ദേഹം ദേഹി വിട്ട് കൂട് മാറുന്ന ഒരു സ്വാഭാവിക പ്രക്രിയ ആണെന്നും ഞാന്‍ എന്ന ഈ സ്വത്വം ഒരിക്കലും അവസാനിക്കുന്നില്ല എന്നുമുള്ള വിശ്വാസം പലര്‍ക്കും ഒരു ആശ്വാസവും ധൈര്യവും നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ മരിക്കാന്‍ ആര്‍ക്കും മനസ്സില്ല. എന്നാല്‍ മരണത്തിന് കീഴടങ്ങിയേ പറ്റൂ എന്നെല്ലാവര്‍ക്കുമറിയുകയും ചെയ്യാം. ഒരു വ്യക്തി ജനിക്കുമ്പോള്‍ , മരണം മാത്രമാണ് ഉറപ്പായ ഒരു യാഥാര്‍ഥ്യം . ശേഷം ജീവിതകാലം നടക്കുന്നതെല്ലാം ആകസ്മികങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . അതായത് ആകസ്മിക സംഭവപരമ്പരകളുടെ ആകത്തുകയാണ് ജീവിതം.ഇത് നിലവിലുള്ള വിശ്വാസങ്ങള്‍ക്കെതിരാണ്. അങ്ങനെ അകസ്മിതകള്‍ക്ക് ജീവിതത്തെ വിട്ടുകൊടുക്കാന്‍ ഭയമുള്ളത്കൊണ്ട് ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും മുന്‍‌കൂട്ടി തീരുമാനിക്കപ്പെട്ട വിധി അനുസരിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നും വിശ്വസിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ എല്ലാം തന്നെ മനുഷ്യന് മന:സമാധാനം തരുന്നതാണെന്ന് കാണാം. മറിച്ചുള്ള പ്രസ്ഥാവനകള്‍ താങ്ങാന്‍ പോലും പലര്‍ക്കും കഴിയില്ല.

എല്ലാ വിശാസങ്ങളെയും അംഗീകരിക്കാന്‍ കഴിയാത്ത ചിലരുണ്ടാവും. അങ്ങനെയാണ് സമൂഹം യുക്തിവാദികളായും വിശ്വാസികളായും വിഭജിക്കപ്പെടുന്നത്. മരണത്തില്‍ നിന്ന് തിരിച്ചു വന്നവര്‍ ആരുമില്ല. അപ്പോള്‍ മരണാനന്തരം സംഭവിക്കുന്നു എന്ന് പറയുന്നതെല്ലാം കേവലം ഭാവനകളാണ്. ചിലര്‍ മരണപ്പെട്ടവരുടെ ആത്മാവുമായി സംവദിച്ചു എന്ന് പറയുന്നതെല്ലാം അവരുടെ മനോവിഭ്രാന്തിയുടെ ഫലം എന്നല്ലാതെ അത് സുബോധമുള്ള ആര്‍ക്കെങ്കിലും അനുഭവപ്പെട്ടതായി പറയുന്നില്ല. കൃഷ്ണയ്യരെ പോലുള്ള പ്രശസ്തര്‍ പറയുമ്പോള്‍ അതിന് പബ്ലിസിറ്റി കിട്ടുന്നു. പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ ആര്‍ക്കെങ്കിലും പ്രേതം സന്നിവേശിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കാറില്ല.

സത്യത്തില്‍ എന്താണ് മരണം ? ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍, മരണത്തോട് കൂടി ജീവിതം അവസാനിക്കുന്നു. ശരീരത്തിലെ രാസ-ഭൌതിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കലാണ് മരണം. ഒരു ബള്‍ബിന്റെ ഫിലമെന്റിലൂടെ വൈദ്യുതോര്‍ജ്ജം കടന്നു പോകുമ്പോള്‍ അത് പ്രകാശം പരത്തുന്നു. ഫിലമെന്റ് മുറിഞ്ഞുപോകുമ്പോള്‍ വൈദ്യുതപ്രവാഹം നിന്നു പോകുന്നു, പ്രകാശം നിലയ്ക്കുന്നു. പ്രകാശം എവിടെ നിന്നും വന്നിട്ടുമില്ല എങ്ങോട്ടും പോയിട്ടുമില്ല . വൈദ്യുതപ്രവാഹത്തിന്റെ ഒരു ഫലമാണ് വെളിച്ചം. ഇതേ പോലെ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ ഫലം ആണ് ജീവന്‍ എന്നാണ് എന്റെ നിരീക്ഷണം. എന്റെയെന്നല്ല യുക്തിവാദികള്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കാനാണ് മിക്കവാറും സാധ്യത. വളരെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നതാണ് ഈ പ്രസ്ഥാവന എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ജീവന്‍ എന്നാല്‍ സ്വന്തമായി അസ്ഥിത്വമുള്ള പ്രതിഭാസമാണ് എന്നാണല്ലൊ എല്ലാ മതങ്ങളുടെയും സങ്കല്പം. പഞ്ചസാരയിലെ മധുരത്തിന് സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തത് പോലെ ശരീരത്തില്‍ നിന്ന് സ്വതന്ത്രമായി ജീവന് നിലനില്പുണ്ടെന്ന് കരുതാനാവില്ല. അത്കൊണ്ട് തന്നെ മരണത്തിന് ശേഷം ഒരു ജീവിതമോ വീണ്ടുമൊരു ജനനമോ ഉണ്ടാവാനും വഴി കാണുന്നില്ല.

ഇതൊക്കെ യുക്തിവാദപരമായ ചിന്തകളാണ്. എങ്ങനെ ഒരു വിശ്വാസിക്ക് യുക്തിവാദം സ്വീകാര്യമല്ലയോ അതേ പോലെ യുക്തിവാദികള്‍ക്ക് വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചു പോകാനും ബുദ്ധിമുട്ടുണ്ട് . ഇതില്‍ യുക്തിവാദികളുടെ സ്ഥിതിയാണ് പരിതാപകരം. കാരണം ജീവിതവും മരണവും യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും ഒരേ പോലെയാണ് . രണ്ടു കൂട്ടരെയും ജീവിതം പ്രലോഭിപ്പിക്കുകയും മരണം ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നു. നിത്യജീവിതത്തിലെ പ്രശ്നങ്ങളും കീറാമുട്ടികളും , അപൂര്‍വ്വാവസരങ്ങളില്‍ ലഭിക്കുന്ന സന്തോഷങ്ങളും സംതൃപ്തിയും ഒക്കെ ഒരേ പോലെ പങ്ക് വയ്ക്കുന്നു. ഒടുവില്‍ ഒട്ടും ഇഷ്ടപ്പെടാതെ മരണത്തിന് കീഴടങ്ങേണ്ടിയും വരുന്നു. വിശ്വാസികള്‍ക്ക് അപ്പോഴെല്ലാം സമാധാനം തരാന്‍ അത്താണി പോലെ ധാരാളം വിശ്വാസങ്ങളുണ്ട്. എന്നാല്‍ യുക്തിവാദിയ്ക്കോ ? അയാള്‍ എല്ലാം ത്യജിക്കാന്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും അത് കഴിയില്ല അത് കൊണ്ടാണ് ഞാന്‍ നടേ പറഞ്ഞ പോലെ പല യുക്തിവാദികളും അവസാനം ആത്മീയതിയില്‍ അഭയം തേടുന്നത്. മരണം ഇല്ലാത ഒരവസ്ഥ മരണത്തേക്കാള്‍ ഭയാനകമാണ് എന്ന ചിന്ത കൊണ്ട് മരണഭയത്തെ മറികടക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത് .

ബെന്യാമിന്‍ , ഇത്രയും എഴുതാന്‍ ഉദ്ദേശിച്ചതല്ല്ല. എഴുതി വന്നപ്പോള്‍ നീണ്ടു പോയി. എന്റെ കമന്റില്‍ പിടിച്ച് ഒരു യുക്തിവാദ ചര്‍ച്ചയ്ക്ക് ആരും മുതിരരുതെയെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു . മനസ്സ് തുറന്ന് ചിലത് കുത്തിക്കുറിച്ചതാണ്.

സ്നേഹപൂര്‍വ്വം,

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒനു മരിച്ചു നോക്കാതെ തരോല്യ..

kavutty said...

anganey yarith paranja poley oraludey abhiparayam ayal parayumbol athu manorogam anu ennu parayunathil karyam illa....ororutharum oro rithyil anu chinthikkunathu.....chinthakalkk arudem kadinjann illa....avashyam ullathu vayikkuka allathathu vittu kalayulka....ororutharudemm interest oronnunanu...athanusarichu ayirikkum ororutharudem vayanayum vilayiruthalukalum....athu pakshey swantha abhiparayam ayee parayuka.....