Monday, August 25, 2008

കുരുതിക്കു മുമ്പ്‌ - തീക്കുനി കവിതകള്‍


പ്രതിഭകൊണ്ട്‌ കവികളാകുന്നവരുണ്ട്‌. ശിക്ഷണംകൊണ്ട്‌ കവികളാകുന്നവരുമുണ്ട്‌. ഒരു സാധാരണ വായനക്കാരന്‌ വളരെവേഗം ഇവരുടെ കവിതകള്‍ വേര്‍തിരിച്ചറിയാനാകും. മൗലികപ്രതിഭകൊണ്ട്‌ കവിത എഴുതുന്നവര്‍ ഹൃദയംകൊണ്ട്‌ നമ്മോട്‌ സംവേദിക്കുന്നവരാണ്‌ ശിക്ഷണംകൊണ്ട്‌ കവികളാകുന്നവര്‍ ബുദ്ധികൊണ്ടും. രണ്ടിലേതെങ്കിലുമൊന്ന് മോശമാണെന്നല്ല. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. എന്നാലും വേഗത്തില്‍ നമ്മള്‍ സാധാരണക്കാരോട്‌ സംവേദിക്കുന്നത്‌ ഒന്നാമത്തെ കൂട്ടര്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ പ്രതിഭയുടെ തിളക്കംകൊണ്ട്‌ കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക്‌ വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ ബലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ ചുരുക്കം ചിലര്‍. അക്കൂട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ നിന്നുള്ള കവി ആരെന്ന ചോദ്യത്തിന്‌ ഒരുത്തരമേയുള്ളു. അത്‌ പവിത്രന്‍ തീക്കുനി തന്നെയാണ്‌. മറ്റ്‌ ആധുനികാനന്തര കവികളെല്ലാം മോശക്കാരാണെന്നല്ല, അവര്‍ക്കൊക്കെയും കവിത എഴുത്തിന്‌ നിരവധി സാഹചര്യങ്ങളുണ്ട്‌. എന്നാല്‍ സാഹചര്യങ്ങള്‍ അപ്പാടെയും എതിരായിരിക്കുമ്പോഴും കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌ മുകളില്‍ സൂചിപ്പിച്ചവര്‍.

ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളാണ്‌ പവിത്രന്റെ കവിതകള്‍ അത്രയും. സ്വന്തം ജീവിതപരിസരത്തു നിന്നും കവിതകള്‍ കണ്ടെടുക്കുന്നവന്റെ തീക്ഷ്ണതയത്രയും പവിത്രന്റെ കവിതകളില്‍ കാണാം. ഇവിടെ, ജീവിക്കുന്ന കവിയും കവിതയിലെ കവിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. അവര്‍ ഒന്നാണ്‌. അവരുടെ ജീവിതവും വ്യഥയും സങ്കല്‌പങ്ങളും ഒന്നാണ്‌. പവിത്രന്റെ എല്ലാ കവിതയിലെയും അച്ഛന്‍ തോറ്റു പോയവനാണ്‌. അമ്മ വ്യഭിചാരം ചെയ്‌തവളാണ്‌. പെങ്ങള്‍ അവിഹിതം പേറുന്നവളാണ്‌. കൂട്ടുകാര്‍ ഒറ്റുകാരനാണ്‌. കവിതയിലെയും ജീവിതത്തിലെയും കവി ഭഗ്നപ്രണയത്തില്‍ അലയുന്നവനാണ്‌. മീന്‍ കച്ചവടക്കാരനാണ്‌. ഒരിടത്തും ഇതിന്‌ മാറ്റമില്ല. കവിതയില്‍ നിന്ന് ജീവിതത്തെ പിരിച്ചെഴുതാന്‍ കഴിയാത്തവന്റെ ന്യൂനതയാണിത്‌. ന്യൂനതകളില്‍ ജീവിക്കുന്നവന്റെ ന്യൂനത നിറഞ്ഞ വരികളായി പവിത്രന്റെ കവിതകള്‍ നമുക്കുമുന്നില്‍ ഉയര്‍ത്തെഴുനേറ്റു വരുന്നു. കെട്ടുപോയ ജീവിതത്തിന്റെ അപകര്‍ഷതയില്ലാതെ നിരാലംബജീവിതത്തിന്റെ ഓരം ചേര്‍ന്ന വഴികളെക്കുറിച്ച പറയുന്ന ഈ കവിതകള്‍ക്ക്‌ വേറിട്ട മനോഹാരിതയുണ്ട്‌.

മുന്‍സമാഹാരത്തിലെ 'വീട്ടിലേക്കുള്ള വഴികള്‍' എന്ന കവിതയിലെ ചില വരികള്‍ ഓര്‍ത്തുപോവുകയാണ്‌.

വീട്ടിലേക്ക്‌ അച്ഛനുണ്ടൊരു വഴി.

മഴയുടെ ചരി‍ഞ്ഞു പെയ്യലിലും ആ‍ഞ്ഞുവീശുമ്പോള്‍ ആളിക്കത്തുന്ന മുറിച്ചൂട്ടു വഴി.

തെങ്ങിന്‍ കള്ളുമണക്കുന്ന നാടന്‍ പാട്ട്‌ പൂക്കുന്ന വഴി.

വീട്ടിലേക്ക്‌ കൂട്ടുകാരനുണ്ടൊരു വഴി. വാരാന്ത്യവഴി. വാക്കെരിയുന്ന വഴി.

അനിയത്തിയുടെ അടിവയറ്റിലവസാനിക്കുന്ന വഴി.

വീട്ടിലേക്ക്‌ ചേച്ചിക്കുണ്ടൊരു വഴി.

ഇത്തിരി കയറ്റമുള്ളൊരു വഴി. മുല്ല മണക്കുന്ന വഴി. ഇല്ലിമറ കാവലാകുന്ന വഴി. സര്‍പ്പസീല്‍ക്കാരമുയരുന്ന വഴി.

ഒരേ കല്ലില്‍ തട്ടി ഒരുപാട്‌ നൊന്തവഴി. വീട്ടിലേക്ക്‌

എനിക്കുമുണ്ടൊരു വഴി.

പാലിക്കാനാവാത്ത വാക്ക്‌ പതിവായി കാത്തുനില്‌ക്കാറുള്ള വഴി.

ഒരേ കല്ലില്‍ തട്ടി ഒരുപാട്‌ നോവുകയും പാലിക്കാനാവാത്ത വാക്ക്‌ പതിവായി കാത്തുനില്‌ക്കുകയും ചെയ്യുന്ന വഴികളെക്കുറിച്ച്‌ പറയുന്നിടത്ത്‌ നാം പവിത്രനിലെ ശുദ്ധ പ്രതിഭയെ കണ്ടുമുട്ടുന്നുണ്ട്‌. ആ വരിയില്‍ മാത്രമല്ല അങ്ങനെ ഒട്ടനവധി വരികളില്‍.

കുരുതിക്കു മുമ്പ്‌ എന്ന ഈ കവിതാസമാഹരത്തിലുണ്ട്‌ പവിത്രന്റെ പ്രതിഭ തൊട്ടറിയാനാകാവുന്ന നിരവധി കവിതകള്‍. കുരുതിക്കു മുമ്പ്‌, ഇത്രമാത്രം, ആണ്ടിത്തെയ്യം, സങ്കടവൃത്തം, അ ആ ക കാ, മുറിച്ചിട്ട ഭൂമി, പുനരുദ്ധാരണം എന്നിങ്ങനെ ഒട്ടനവധി കവിതകള്‍.

പ്രണയം പവിത്രന്റെ കവിതകളിലെ അന്തര്‍ധാരയാണ്‌. അതെല്ലാക്കവിതകള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്‌ നെടുകയും കുറുകയും ഒഴുകിക്കൊണ്ടേയിരിക്കുന്നു. അത്‌ കവിയുടെ തന്നെ ജീവിതത്തിന്റെ തുടര്‍ച്ചയാണ്‌. ഹൃദയം പറയുന്ന വാക്കുകള്‍ കുറിക്കുന്ന ഒരു കവിയ്ക്ക്‌ അത്‌ മറച്ചുവച്ചുകൊണ്ട്‌ എഴുതാനാവില്ല. ഇത്തിരി നേരത്തേക്ക്‌.., സബിതയ്ക്ക്‌, ഒരു വളവില്‍ വച്ച്‌.. മാഞ്ഞുപോക്കിനിടയില്‍, ഓര്‍ക്കുന്നുണ്ടാവണം, വീണ്ടും എന്നീ കവിതകളൊക്കെ പവിത്രന്‍ പ്രണയം ചാലിച്ചെഴുതിയവയാണ്‌.

തൊങ്ങലുകളും ഏച്ചുകെട്ടലുകളുമില്ലാത്ത ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാവും നാം പവിത്രന്റെ കവിതകളെ നാളെ വായിക്കുക. ആ സത്യസന്ധതയിലൂടെയാണ്‌ പവിത്രന്‍ തന്റെ കാവ്യാസ്വാദകരെ കണ്ടെത്തിയിരിക്കുന്നതും.

ദൂരം എന്ന കവിത എടുത്തെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം:

ഇടപ്പള്ളി 300 കി.മി.

ഇടപ്പള്ളി 280 കി.മി.

ഇടപ്പള്ളി 250 കി.മി.

സത്യത്തിലിത്രയും ദൂരമുണ്ടോ..?

കീഴാളനിലേക്കും...

കാമുകനിലേക്കും...

19 comments:

ബെന്യാമിന്‍ said...

ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളാണ്‌ പവിത്രന്റെ കവിതകള്‍ അത്രയും. സ്വന്തം ജീവിതപരിസരത്തു നിന്നും കവിതകള്‍ കണ്ടെടുക്കുന്നവന്റെ തീക്ഷ്ണതയത്രയും പവിത്രന്റെ കവിതകളില്‍ കാണാം. ഇവിടെ, ജീവിക്കുന്ന കവിയും കവിതയിലെ കവിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. അവര്‍ ഒന്നാണ്‌. അവരുടെ ജീവിതവും വ്യഥയും സങ്കല്‌പങ്ങളും ഒന്നാണ്‌.

കാര്‍വര്‍ണം said...

nandi, ente priyakaviyekkurichu parajathinu.

Sapna Anu B.George said...

പ്രതിഭകൊണ്ട്‌ കവികളാകുന്നവരുണ്ട്‌. ശിക്ഷണംകൊണ്ട്‌ കവികളാകുന്നവരുമുണ്ട്‌. ........ഇതു സത്യത്തില്‍ സത്യമാന്നോ?????

Unknown said...

തികച്ചും ശരിയാണ് ബെന്യാമിന്‍ .... ഞാന്‍ ഇതേവരെ മെയിലില്‍ ഫോര്‍വേഡുകളായി കിട്ടിയിട്ടുള്ള കവിതകളേ പവിത്രന്റേതായി വായിച്ചിട്ടുള്ളൂ . പച്ചയായ ജീവിതത്തിന്റെ തീക്ഷ്ണമായ ഗന്ധമായിരുന്നു ആ കവിതകള്‍ക്ക് . കുറച്ച് മുന്‍പ് ദൂരദര്‍ശന്റെ ഒരു പരിപാടിയില്‍ , വീട്ടുവിശേഷത്തിലാണെന്ന് തോന്നുന്നു പവിത്രനെ കാണാനും , പവിത്രന്റെ ഘനഘംഭീരമായ സ്വരത്തില്‍ കവിതകള്‍ ചൊല്ലുന്നത് കേള്‍ക്കാനും കഴിഞ്ഞിരുന്നു . അന്നേ മനസ്സില്‍ ഒരാഗ്രവുമുണ്ടായിരുന്നു എന്നെങ്കിലും പവിത്രനെ നേരില്‍ കാണാന്‍ കഴിയുമോ എന്ന്. ഇപ്പോള്‍ ഈ പോസ്റ്റിലൂടെ പവിത്രനെ വീണ്ടും ഓര്‍ക്കാന്‍ അവസരം നല്‍കിയ പ്രിയപ്പെട്ട ബെന്യാമിന് സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ .

കുറുമാന്‍ said...

ബെന്യമിന്‍ നന്ദി..

മൗലികപ്രതിഭകൊണ്ട്‌ കവിത എഴുതുന്നവര്‍ ഹൃദയംകൊണ്ട്‌ നമ്മോട്‌ സംവേദിക്കുന്നവരാണ്‌ ശിക്ഷണംകൊണ്ട്‌ കവികളാകുന്നവര്‍ ബുദ്ധികൊണ്ടും. രണ്ടിലേതെങ്കിലുമൊന്ന് മോശമാണെന്നല്ല. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. എന്നാലും വേഗത്തില്‍ നമ്മള്‍ സാധാരണക്കാരോട്‌ സംവേദിക്കുന്നത്‌ ഒന്നാമത്തെ കൂട്ടര്‍ തന്നെ - സത്യം, തികച്ചും സത്യം തന്നെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നിര്‍ഭാഗ്യവശാല്‍ പ്രതിഭയുടെ തിളക്കംകൊണ്ട്‌ കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക്‌ വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ “ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ“ ചുരുക്കം ചിലര്‍.
.............................
“കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌ മുകളില്‍ സൂചിപ്പിച്ചവര്‍.“
ഇപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്? മരിച്ചോ?
ശ്രീ അയ്യപ്പന്‍, അദ്ദേഹത്തെ കൊല്ലാനല്ലേ (അയ്യപ്പന്‍ മരിച്ചെന്ന് മുമ്പൊരിക്കല്‍ വാര്‍ത്ത കണ്ടു)ആള്‍‍ക്കാര്‍ക്ക് താല്പര്യം?
അയ്യപ്പനേപ്പൊലെഴുതാന്‍, കവിയാവാന്‍ ആര്‍ക്ക് പറ്റും?

മനോജ് കുറൂര്‍ said...

'പ്രതിഭയുടെ തിളക്കംകൊണ്ട്‌ കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക്‌ വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ ചുരുക്കം ചിലര്‍. അക്കൂട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ നിന്നുള്ള കവി ആരെന്ന ചോദ്യത്തിന്‌ ഒരുത്തരമേയുള്ളു. അത്‌ പവിത്രന്‍ തീക്കുനി തന്നെയാണ്‌. മറ്റ്‌ ആധുനികാനന്തര കവികളെല്ലാം മോശക്കാരാണെന്നല്ല, അവര്‍ക്കൊക്കെയും കവിത എഴുത്തിന്‌ നിരവധി സാഹചര്യങ്ങളുണ്ട്‌. എന്നാല്‍ സാഹചര്യങ്ങള്‍ അപ്പാടെയും എതിരായിരിക്കുമ്പോഴും കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌ മുകളില്‍ സൂചിപ്പിച്ചവര്‍.'
ഹഹ! വായിച്ചു രസിച്ചു. ചിരിച്ചു. ബെന്നീ. എല്ലാ കവികളുടെയും കവിതകളെയും ജീവിതത്തെയുംകുറിച്ച് ഇത്ര ആധികാരികമായി മറ്റെങ്ങും വായിച്ചിട്ടില്ല. അല്ലല്ല. ഉണ്ട്. ചില ഉത്തരക്കടലാസുകളില്‍. ഏതു കവിയെക്കുറിച്ചാണു പറയുന്നതെന്നു വച്ചാല്‍ അയാള്‍ റിയല്‍. മറ്റുള്ളവര്‍ വ്യാജന്മാര്‍! ഇങ്ങനെയൊക്കെ പറയാന്‍ ‘ആധുനികാനന്തരം’ എന്നൊക്കെയുള്ള അക്കാദമിക് സാങ്കേതികവാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മാത്രം മനസ്സിലാവുന്നില്ല.
പവിത്രന്റെ കവിതകള്‍ വായിച്ചു. ഇഷ്ടപ്പെട്ടു. അത്രയല്ലേയുള്ളൂ? സോറി. എനിക്ക് അത്ര മാത്രമേ മനസ്സിലായുള്ളൂ.

ബെന്നി നേരത്തെ ഡ്രാക്കുളയെക്കുറിച്ചെഴുതിയതു കണ്ടിരുന്നു. ഞാനും ആ നോവലിനെക്കുറിച്ച് കറന്റ് ബുക്സ് ബുള്ളെറ്റിനിലെഴുതിയിരുന്നു. ആ നോവലിനെ ആധുനികാനന്തരകൃതിയെന്നു പറഞ്ഞാല്‍ എനിക്കു മനസ്സിലാകും. കവിതയെക്കാള്‍ കവിയെ ആദര്‍ശവല്‍ക്കരിച്ചെഴുതുന്ന ഇത്തരം ആസ്വാദനങ്ങളില്‍ കവിയും കവിതയും ഒന്നാണെന്ന മട്ടിലുള്ള ‘നിഷ്ക്കളങ്ക’നിരീക്ഷണങ്ങള്‍‍ക്കൊപ്പം‍, കവിതയില്‍ക്കണ്ട അച്ഛനും അമ്മയുംസഹോദരിയുമൊക്കെയാണു ജീവിതത്തിലുമെന്നുറപ്പിക്കുന്ന ‘പാവം’ വിചാരങ്ങള്‍ക്കൊപ്പം ഈ വാക്കു കാണുമ്പോള്‍ അന്തംവിട്ടു പോകുന്നു.
പ്രതിഭകൊണ്ടും ശിക്ഷണംകൊണ്ടും കവിയായവരെ വേര്‍തിരിച്ച് ഒരു ലിസ്റ്റുകൂടി വയ്ക്കുമോ? നിര്‍ഭാഗ്യവശാല്‍ ഇവിടെ പ്രതിഭകളെന്നു പറഞ്ഞവര്‍ക്കെല്ലാം ഒന്നാംതരം ശിക്ഷണവും ലഭിച്ചിട്ടുണ്ടെന്നു തെളിവു തരാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.

idea is good. but leg is....

ബെന്യാമിന്‍ said...

രാമചന്ദ്രന്‍, തീര്‍ച്ചയായും അയ്യപ്പനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. ബാലചന്ദ്രന്‍ ചുള്ളിക്കാട്, തീര്‍ച്ചായായും മരിച്ചില്ലേ..?
മനോജ്, പവിത്രനൊഴികെ മറ്റെല്ലാവരും വ്യാജന്മാര്‍ എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞത്..? ഈ തലമുറയിലെ മറ്റെല്ലാ കവികളും കവികളല്ല എന്നും ഞാന്‍ പറഞ്ഞിട്ടില്ല. അവരുടെ കവിതകള്‍ക്കും മഹത്വമുണ്ട് എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. കെ. ആര്‍ ടോണി, എസ്. ജോസഫ്, കുഴൂര്‍ വിത്സണ്‍, മനോജ് കുറൂര്‍, കവിത ബാലകൃഷ്ണന്‍ എന്നിവരുടെ കവിതകള്‍ എനിക്ക് പ്രിയപ്പെട്ടതാണെന്ന് എത്രയോ കാലം മുന്‍പേ ഞാന്‍ എഴുതിക്കഴിഞ്ഞതാണ്. പക്ഷേ നിങ്ങളാരും തന്നെ പവിത്രന്‍ പോയ തീക്ഷ്ണ വഴികളുടെ പോകാന്‍ നിര്‍ഭാഗ്യം സിദ്ധിച്ചവരായിരുന്നില്ല. ആ നിര്‍ഭാഗ്യത്തിന്റെ ന്യൂനത പവിത്രന്റെ കവിതയിലുണ്ടെന്ന് ഞാന്‍ പറയുകയും ചെയ്‌തു.
നിങ്ങളെല്ലാവരും വിദ്യാഭ്യസത്തിന്റെ എത്ര നല്ല വഴികളിലൂടെ കടന്നുപോയിട്ടുള്ളവര്‍. സാഹിത്യത്തിന്റെ എല്ലാ ഏടുകളെക്കുറിച്ചും മനസിലാക്കാന്‍ കഴിഞ്ഞവര്‍. പവിത്രന്റെ കവിതകള്‍ നിങ്ങളുടെ കവിതകള്‍ക്കൊപ്പം വായിക്കപ്പെടുന്നത് തീര്‍ച്ചയായും അയാളുടെ പ്രതിഭകൊണ്ട്. അതിനെക്കുറിച്ചേ ഞാന്‍ എഴുതിയൊള്ളൂ. അതിനര്‍ത്ഥം മറ്റാരും കവികളല്ലന്നല്ല, നിങ്ങളുടെ ബൌദ്ധികനിലവാരത്തില്‍ നിന്നുകൊണ്ടെഴുതുന്ന കവിതകള്‍ ആരും ആസ്വദിക്കുന്നില്ല എന്നല്ല. നിങ്ങളും അയാളും കവിതയിലേക്ക് വന്ന വഴികള്‍ക്ക് വളരെ അകലമുണ്ടെന്ന് മാത്രം. അത്രമാത്രം.

വിശാഖ് ശങ്കര്‍ said...

എഴുതപ്പെട്ട കവിതയിലൂടെയാണ് എഴുത്തുകാരനായ കവി ജനിക്കുന്നത് എന്നതുകൊണ്ട്
കവിയിലൂടെ കവിത വായിക്കുന്നതിനെക്കാള്‍ കവിതയിലൂടെ കവിയെ വായിക്കുന്നതാണ് എനിക്കിഷ്ടം.അതുകൊണ്ട് തന്നെ തീവ്രമായ ജീവിതസാഹചര്യങ്ങളില്‍ കൂടിയുള്ള കവിയുടെ കടന്നുപോക്കല്ല കവിത്വത്തെ നിര്‍ണ്ണയിക്കുന്നത്, മറിച്ച് നേരിട്ടുള്ളതോ അല്ലാത്തതോ ആയ അത്തരം അനുഭവങ്ങളെ കവിത എന്ന മാധ്യമത്തിലേയ്ക്ക് സന്നിവേശിപ്പിക്കാനുള്ള അയാളുടെ പ്രതിഭയാണ് അതിനെ നിറ്ണ്ണയിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ചുരുക്കി പറഞ്ഞാല്‍ അയ്യപ്പനായാലും, തീക്കുനിയായാലും മറ്റാരായാലും കവിത നമ്മോട് സംവദിക്കുന്നത് ആ മാധ്യമം മുന്നോട്ട് വയ്ക്കുന്ന വസ്തുനിഷ്ഠമായ പാഠത്തിലൂടെയാണ്.അല്ലാതെ കവി എന്ന മിത്തിലൂടെയല്ല.

Roby said...

ബെന്യാമിൻ എഴുതാറുള്ള കുറിപ്പുകൾ വായിക്കാറുണ്ട്.
തീക്ഷ്ണതയുള്ള ജീവിതം, ബൌദ്ധികനിലവാരം, വിദ്യാഭ്യാസം...ഇത്രയൊക്കെ ജെനറലൈസേഷൻ വേണോ ഒരു കവിത ഇഷ്ടപ്പെട്ടു എന്ന് പറയാൻ?

അയ്യപ്പപണിക്കർ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും പി‌എച്.ഡി ഉള്ള ആളായിരുന്നെന്നും പവിത്രൻ തീക്കുനി മീൻ വിൽക്കുന്ന ആളാണെന്നും ഒക്കെ അറിഞ്ഞ്, ലേബലിട്ടു വേണോ കവിത വായിക്കാൻ? ഇക്കാര്യം വിശാഖ് കുറച്ചുകൂടി വ്യക്തമായി പറഞ്ഞു.

-ബെന്യാമിൻ ഇതുവരെ എഴുതിയ പുസ്തകങ്ങളെല്ലാം ലിസ്റ്റാക്കി വെച്ചിട്ടുണ്ട്, ഇനി നാട്ടിൽ പോകുമ്പോൾ വാങ്ങാൻ.

Latheesh Mohan said...

പ്രതിഭ കൊണ്ട് കവികളായവരുടെ ലിസ്റ്റ് കൊള്ളാം :) ഈ സൈസ് ഐറ്റങ്ങളാണ് മലയാള കവിതയെ ധന്യമാക്കുന്നത്.

ഭഗ്നപ്രണയം, മീന്‍ കച്ചവടം എന്നീ വാക്കുകള്‍ കൂടെയാകുമ്പോള്‍ പൂര്‍ണമാകും :) പിയില്‍ നിന്നും ചുള്ളിക്കാടില്‍ നിന്നുമൊക്കെ മലയാള കവിത കൈവരിച്ച വളര്‍ച്ചയെ മറച്ചു പിടിക്കാന്‍ പവിത്രനെ പോലെയുള്ളവരെ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. (പവിത്രന്റെ കവിതയുടെ പോരായ്മ അതു തന്നെയാണ്. കവിതയുടെ ചരിത്രത്തിനൊപ്പം വളരാതിരിക്കുന്നതിനെയാണെല്ലേ പ്രതിഭ, പ്രതിഭ എന്നു പറയുന്നത്) ‘പണ്ടിവിടെ എന്തൊരു കവിതാമയം ആയിരുന്നു’ എന്ന മുത്തച്ഛന്‍ കോമ്പ്ലക്സ് എഴുത്തില്‍ ഉടനീളം പ്രകടം :)

chithrakaran ചിത്രകാരന്‍ said...

തീക്കുനിയുടെ കവിതകളെക്കുറിച്ച് പറഞ്ഞുതന്നതിന് നന്ദി.

ബെന്യാമിന്‍ said...

വിശാഖ്‌ ശങ്കര്‍, റോബി, പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ള ഒരു കാര്യമാണിത്. കവിയെ അറിയണോ..? കവിത അറിയണോ എന്ന കാര്യം. കവിത അറിഞ്ഞാല്‍ മതി എന്നു നാം പറയും. പക്ഷേ കവിത അറിയുമ്പോള്‍ അത് വന്ന വഴി അന്വേഷിക്കും. അത് സ്വഭാവികമാണ് അപ്പോഴാണ് പലപ്പോഴും നാം കവിയുടെ ജീവിതത്തില്‍ ചെന്നു നില്ക്കുന്നത്.
ശരി കവിത വിടാം. ക്രിക്കറ്റിലേക്ക് ഞാന്‍ വരുന്നു. സച്ചിന്‍ ,ഒപ്പം കളിച്ചുവന്ന വിനോദ് കാംബ്ലി എന്നിവരെ വളരെ ചെറുതിലെ ലോകം തിരിച്ചറിയുന്നു. അപ്പോഴാണ് ആരാണീ പയ്യന്മാര്‍ എന്നൊരു ചോദ്യം ഉണ്ടാവുന്നത്. രണ്ടുപേരുടെയും ജീവിത സാഹചര്യങ്ങള്‍ അറിയുന്നു. കാംബ്ലി കടന്നുവന്ന കഷ്ടപാത അറിയുമ്പോള്‍ ആ ജീനിയസിനെ കൂടുതല്‍ ആദരിക്കുന്നത്. അതിനര്‍ത്ഥം സച്ചിന്‍ ജീനിയസല്ല എന്നല്ല, പക്ഷേ സച്ചിന്‍ ക്രിക്കറ്റിലേക്ക് വന്ന വഴിയേ അല്ല കാംബ്ലി വന്നത്.
അഭിനവ ബിന്ദ്ര സ്വര്‍ണ്ണം നേടുന്നു. അയാള്‍ പെട്ടെന്ന് പ്രശസ്‌തനാവുന്നു. അതുവരെ അയാള്‍ ആരെന്ന് തിരയാതിരുന്ന നാം അയാളുടെ പിന്നാമ്പുറം അന്വേഷിക്കുന്നു. അയാള്‍ ധനിക കുടുംബത്തിലെ അംഗമാണെന്ന് തിരിച്ചറിയുന്നു. അയാള്‍ക്ക് ഷൂട്ടിംഗിലേക്ക് നടന്നു വരാന്‍ നല്ല പാത ഉണ്ടായിരുന്നു. അതിനര്‍ത്ഥം അയാള്‍ പ്രതിഭ അല്ലന്നല്ല, പക്ഷേ മെഡല്‍ കിട്ടാതിരുന്ന കഠിന പാതയിലൂടെ പോയ പി.ടി ഉഷയാണ് ബിന്ദ്രയെക്കാള്‍ പ്രതിഭ എന്നു ഞാന്‍ പറയും.
അതുതന്നെയാണ് കവിയുടെയും കവിതയുടെയും വഴിയിലും സംഭവിക്കുന്നത്. കവിത ഇഷ്ടപ്പെടുന്നതുകൊണ്ടാണ് കവിയെ അന്വേഷിക്കുന്നത്. എസ്. ജോസഫിന്റെ ‘ഐഡന്റിറ്റി കാര്‍ഡ്’ എന്ന കവിത വായിക്കുന്നു. ആ നിമിഷം നാം കവിയെക്കുറിച്ച് അന്വേഷിക്കുന്നു. കവി വന്ന പാത അറിയുന്നു. കവിത വന്ന പാത അറിയുന്നു. കവിതയോളം പ്രാധാന്യുമുണ്ട് അയാള്‍ വന്ന വഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു

Roby said...

മറ്റൊരു വ്യക്തിയുടെ ജീവിതാവസ്ഥകളുടെ തീക്ഷ്ണത നാമെങ്ങനെയാണറിയുക?

അഥവാ ദാരിദ്ര്യം തന്നെയാണോ ഏറ്റവും തീക്ഷ്ണമായ ജീവിതാനുഭവം?

ഈ ദാരിദ്ര്യം തന്നെയും ആപേക്ഷികമായ ഒന്നല്ലേ, ചില അവസരങ്ങളിലെങ്കിലും?

ബെന്യാമിന്‍ said...

ജീവിതത്തിലെ ഏറ്റവും കഷ്ടാവസ്ഥ ദാരിദ്രമല്ല, പക്ഷേ ദാരിദ്രത്തിന് മനുഷ്യന്റെ പല സര്‍ഗ്ഗവാസനകളെയും ഇല്ലാതാക്കാന്‍ കഴിവുണ്ട്.. പ്രത്യേകിച്ച് പണം വാഴുന്ന ഇക്കാലത്ത്...

Nachiketh said...

പവിത്രനില്‍ നിന്നും കൂടുതല്‍ ഇത്തരം കവിതകള്‍ ഇനി പ്രതീക്ഷിയ്ക്കനാവുമോ എന്നു സംശയിയ്ക്കുന്നു കാരണം അദ്ദേഹം അക്കാദമി മെമ്പറായി എന്നു കേട്ടു..

ദാരിദ്രത്തിന് മനുഷ്യന്റെ പല സര്‍ഗ്ഗവാസനകളെയും ഇല്ലാതാക്കാന്‍ കഴിവുണ്ട്.. പ്രത്യേകിച്ച് പണം വാഴുന്ന ഇക്കാലത്ത്...

പണത്തിനുമുണ്ട് അതേ കഴിവുണ്ട് എന്ന് പലരുടെയും കാര്യത്തില്‍ കൂടി പറയേണ്ടതുണ്ട്

ബെന്യാമിന്‍ said...

തീര്‍ച്ചയായും, പവിത്രനില്‍ നിന്ന് ഉണ്ടാവുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുഴുപ്പം. മറ്റൊരു ബാലചന്ദ്രന്‍ ചുള്ളിക്കാടാവാന്‍ ആര്‍ക്കാണ് പറ്റാത്തത്. അതാണ് കവിത എഴുതുന്നതിനേക്കാള്‍ എളുപ്പം.

ഞാന്‍ ഇരിങ്ങല്‍ said...

തീര്‍ച്ചയായും പ്രതിഭ കൊണ്ട് കവിയായവന്‍ തന്നെയാണ് പവിത്രന്‍ തിക്കുനി. കവിയുടെ തന്നെ ജീവിതത്തിന്‍ റെ പച്ചയായ ആവിഷ്കാരമാണ് പവിത്രന്‍ റെ കവിതകള്‍. അതു കൊണ്ട് തന്നെയാവണം ഒരു വിഭാഗം പവിത്രന്‍റെ കവിതയും ജീവിതവും കൂട്ടിക്കുഴച്ച് വായിക്കുന്നത്.
“പവിത്രന്റെ എല്ലാ കവിതയിലെയും അച്ഛന്‍ തോറ്റു പോയവനാണ്‌. അമ്മ വ്യഭിചാരം ചെയ്‌തവളാണ്‌. പെങ്ങള്‍ അവിഹിതം പേറുന്നവളാണ്‌. കൂട്ടുകാര്‍ ഒറ്റുകാരനാണ്‌. കവിതയിലെയും ജീവിതത്തിലെയും കവി ഭഗ്നപ്രണയത്തില്‍ അലയുന്നവനാണ്‌“
എന്ന് ബന്യാമിന്‍ പറയുമ്പോള്‍ അതില്‍ അതിഭാവുകത്വത്തിന്‍റെ കണിക പോലുമില്ല. എന്നാല്‍ എല്ലാ കവിതയിലും പ്രണയമുണ്ടെങ്കിലും ജീവിതത്തില്‍ കവിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ ഒരു പെണ്ണിനോടും കവിക്ക് പ്രണയമാണെന്ന് (കാമം?!) തന്നെ പറയേണ്ടിവരും.

ചുള്ളിക്കാട് സിനിമയിലും സീരിയലിലും അഭിനയിക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ അയാള്‍ എന്നും കവിത എഴുതി തെരുവിലലയട്ടേ എന്നും എങ്കിലേ നല്ല കവിത നമുക്ക് കിട്ടൂ എന്നു പറയുന്നവരാണ്. ഏതൊരു മധ്യവര്‍ഗ്ഗ ജീവിതത്തിന്‍റെ യും സ്വകാര്യ സ്വപ്നം ചുള്ളിക്കാടിനെ ഒരു സുപ്രഭാതത്തില്‍ ഭരിച്ചു വെങ്കില്‍ നമുക്ക് അതിനെ കുറ്റപ്പെടുത്തുവാന്‍ പറ്റുമോ? അയാള്‍ അഭിനയിക്കട്ടെ. അയാള്‍ കവിതയും എഴുതട്ടെ.അല്ലെങ്കില്‍ കവിത പോലെ ജീവിക്കുന്നവര്‍ ആരുണ്ട്? ഒരു അയ്യപ്പനാകാന്‍ , ഒരു തിക്കുനി യാകാന്‍ ഇനി നമ്മിലലാരെങ്കിലും തയ്യാറായാല്‍ , നമ്മിലൊരാളുണ്ടായാല്‍ അയാളെ സമൂഹം തന്നെ ചിലപ്പോള്‍ കല്ലെറിഞ്ഞു കൊല്ലും എന്നതില്‍ എനിക്ക് സംശയമൊന്നുമില്ല.

sreesobh eravimangalam said...

പവിത്രൻ്റെ 'പെങ്ങൾ' എന്ന കവിതയുടെ വരികൾ കിട്ടുമോ...?