Thursday, November 5, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 7

ക്രിസ്റ്റഫും ഒളിവറും തമ്മില്‍ കൂടുതല്‍ സുഹൃത്തുക്കളാവുന്നു. താമസവും ഒന്നിച്ചാക്കുന്നു. ആ താമസസ്ഥലത്തെ വിവിധ ആളുകളെക്കുറിച്ചാണ് ഈ വോല്യത്തില്‍ പറയുന്നത്. ഒരു പുരോഹിതന്‍, ഒരു പ്രഫസറും കുടുംബവും ഒരു വിപ്ലവകാരിയും അയാള്‍ എടുത്തുവളര്‍ത്തുന്ന ഒരു കുട്ടിയും ഒരു പട്ടാളക്കാരനും അയാളുടെ മകളും എന്നിവരാണ് അവിടുത്തെ അന്തേവാസികള്‍. ആ ജീവിതത്തിലെ സംഘര്‍ഷങ്ങളും വിഷമങ്ങളും ചെറിയ സന്തോഷങ്ങളും പറയുന്നതിലൂടെ റൊമയ്ന്‍ റോളണ്ട് മൊത്തം മനുഷ്യകുലത്തിന്റെ ജീവിതസന്ധികളെക്കുറിച്ചും ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുന്നതും കടന്നുപോകുന്നതുമായ വഴികളെക്കുറിച്ചും നമ്മോടു പറയുന്നു. വിപ്ലവകാരി പെട്ടെന്ന് മരിച്ചുപോവുകയും അവിടെയുണ്ടായിരുന്ന ഒരു വിധവയായ സ്‌ത്രീ അനാഥക്കുട്ടിയെ സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് ഈ ഭാഗം അവസാനിക്കുന്നത്. ഈ നോവലിലുടനീളം ഒരാളുടെ മാത്രം കഥയല്ല പറയുന്നത്, പകരം ക്രിസ്റ്റഫ് ബന്ധപ്പെടുന്ന നിരവധിപേരുടെ കഥകള്‍ കൂടി അനുബന്ധമായി വരുന്നുണ്ട്, കാരണം അവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും അവന്റേതുമാത്രമായിരുന്നില്ല. സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും ഉണ്ടാവുന്ന പ്രയാസങ്ങളും അവന്‍ സ്വന്തം പോലെ അനുഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിതം അവന്റേതുമാത്രമല്ല സഹജീവികളുടേതു കൂടിയാണ്.
വാ‍ചകങ്ങള്‍:
1. നന്മയെക്കുറിച്ച് ഒന്നും അറിയാതിരിക്കുക എന്നതിനേക്കാള്‍ ചീത്തവഴികള്‍ ഉണ്ട്. നന്മ അറിവിന്റെ ഒരു കാര്യമല്ല. അത് പ്രവര്‍ത്തിയുടെ കാര്യമാണ്.
2. ഞരമ്പുരോഗികള്‍ മാത്രമാണ് സദാചാരത്തെക്കുറിച്ച് വെറുതെ പറഞ്ഞുകൊണ്ടിരിക്കുക, എല്ലാ സദാചാര നിയമങ്ങളില്‍ വച്ച് ആദ്യത്തേത് ഞരമ്പുരോഗി ആകാതിരിക്കുക എന്നാതാണ്.
3. സംഗീതം അവിവേകിയായ വിശ്വസ്ഥനാണ്. അതിന്റെ കാമുകന്മാരുടെ ഏറ്റവും രഹസ്യമായ ചിന്തകളെപ്പോലും അത് അതിനെ സ്നേഹിക്കുന്നവര്‍ക്ക് ഒറ്റിക്കൊടുക്കുന്നു.
4. സ്നേഹിക്കുന്നതിന് രണ്ടു വഴികളുണ്ട്. തങ്ങളുടെ അസ്‌തിത്വത്തിന്റെ പരമാണു വരെ ഉപയോഗിച്ചു സ്നേഹിക്കുന്നവരും, തങ്ങളുടെ അധികമായ ഊര്‍ജ്ജത്തില്‍ ഒരംശം സ്നേഹത്തിന് വിനിയോഗിക്കുന്നവരും.
5. ഒന്നിനും ശ്രമിക്കാത്തവര്‍ക്കാണ് ഒരിക്കലും തെറ്റുപറ്റാതെയിരിക്കുക. പക്ഷേ ജീവിക്കുന്ന സത്യത്തിനുനേരെ പിടഞ്ഞു നീങ്ങുന്ന തെറ്റാണ്, മൃതസത്യത്തെക്കാള്‍ അധികം ഫലവത്തും അനുഗ്രഹീതവും..
6. ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെ നോക്കുകയോ ഏതെങ്കിലും തെറ്റിദ്ധാരണയിലൂടെ കാണുകയോ ചെയ്യുമ്പോള്‍ നല്ലതായ ഒരു കാര്യവുമില്ല, നല്ലവനായ ഒരു മനുഷ്യനുമില്ല.
7. സത്യസന്ധമായ ഏത് ആശയവും അത് തെറ്റിദ്ധരിക്കപ്പെടുമ്പോള്‍പ്പോലും വിശുദ്ധവും ദൈവീകവുമാണ്...
8. പരമസത്യങ്ങളില്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളവ മാത്രമേ പറയാവൂ. ബാക്കി നമ്മള്‍ ഒതുക്കണം. ഒളിഞ്ഞിരിക്കുന്ന സൂര്യന്റെ മൃദുരശ്മികള്‍പോലെ അവ നമ്മുടെ പ്രവര്‍ത്തികളില്‍ അവയുടെ വെളിച്ചം വിതറും.
9. ജീവിതത്തിന്റെ നീരുറവയിലെ ജലത്തെക്കാള്‍ മധുരമയമായ രണ്ടു പഴങ്ങള്‍ ലോകത്തിലെ വിഷവൃക്ഷം അര്‍പ്പിക്കുന്നു - ഒന്ന് കവിത, മറ്റേത് സൌഹാര്‍ദം..
10. നാം സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ മേല്‍ പൂര്‍ണ്ണമായും അധികാരമുണ്ട്. നമ്മെ സ്നേഹിക്കുന്നത് അവസാ‍നിപ്പിക്കുന്നതിനുള്ള അവകാശം പോലുമുണ്ട്. അവരോട് ഒരു നീരസവും നമുക്ക് സഹിക്കുക വയ്യ. സ്നേഹം നമ്മെ കൈവെടിയേണ്ട സ്ഥിതിയില്‍ നാം അത്രയും അതിന് അനര്‍ഹരായതില്‍ നമുക്ക് നമ്മോടുതന്നെ കോപം തോന്നുക മാത്രമാവാം. ആ വിധം ഒരു മാനസീകാവസ്ഥയില്‍ മാരകമായ മനോവേദനയുണ്ട്. ജീവിക്കുവാനുള്ള ഇച്ഛയെ നശിപ്പിക്കുന്ന മനോവേദന.
11. ഒരു സംഗീതോപകരണത്തിന്റെ മധുരതരമോ അകൃത്രിമ സ്വരത്തിന്റെ മാധുര്യമോ കേള്‍ക്കവേ ആഹ്ലാദിക്കാത്ത ഒരാള്‍, അത് കേള്‍ക്കവേ ചഞ്ചലിതനാക്കാത്ത ഒരാള്‍, അതിന്റെ സുമധുരമായ പരമാനന്ദത്താല്‍ ആപാദചൂഡം പ്രകമ്പിതനാകാത്ത ഒരാള്‍, അതില്‍ ആത്മവിസ്‌മൃതി കൊള്ളാത്ത ഒരാള്‍ - അപ്രകാരമുള്ള ഒരാള്‍ അതുകൊണ്ട് വ്യക്‌തമാക്കുന്നത് അയാള്‍ക്ക് വക്രവും ദുഷ്ടവും ഹീനവുമായ ആത്മാവാണ് ഉള്ളതെന്നാണ്. സംസ്കാരവിഹീനനായ ഒരുവനെ ഭയപ്പെടുന്നപോലെ നമ്മളവനെ ഭയപ്പെടണം (ഷേക്‌സ്പിയര്‍)
12. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ അരുകിലേക്ക് നമ്മെ എത്തിക്കുന്നതിനുള്ള തീര്‍ച്ചയായ വഴി, അവരെ വീണ്ടും കാണുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗം അവരോടൊപ്പം മരണത്തിലേക്ക് പോവുകയല്ല, പ്രത്യുത ജീവിച്ചിരിക്കുകയാണ്. അവര്‍ നമ്മുടെ ജീവിതങ്ങളില്‍ ജീവിക്കുന്നു. നമ്മോടൊപ്പം മരിക്കുന്നു..!

No comments: