Saturday, October 31, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 5 & 6

ജീന്‍ ക്രിസ്‌റ്റഫിന്റെ പാരീസ് ജീവിതവും അതിന്റെ ദുരന്തങ്ങളുമാണ് ഈ രണ്ടു വോല്യങ്ങളിലുമായി പറയുന്നത്. അവന്‍ തന്റെ പ്രവാ‍സജീവിതം ആരംഭിക്കുകയായിരുന്നു. അവിടെ അവന്‍ എല്ലാവരാലും തഴയപ്പെട്ടവനും യാതന അനുഭവിക്കുന്നവനുമായിത്തീരുന്നു. അവന്റെ സുഹൃത്തുക്കള്‍ പോലും അവനെ അവഗണിക്കുന്നു. ഒരു പാര്‍ട്ടിക്കിടയില്‍ അവന്‍ ഒളിവര്‍ ജിന്നന്‍ എന്നൊരു യുവകവിയെ പരിചയപ്പെടാന്‍ ശ്രമിക്കുന്നു. (അവന്‍ യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയിലെ നാടകശാലയില്‍ വച്ച് കണ്ടുമുട്ടി, അവന്‍ കാരണം ജോലി നഷ്ടപ്പെട്ട ആന്റോയനറ്റ് ജന്നിന്റെ സഹോദരനായിരുന്നു എന്നാലത് ക്രിസ്റ്റഫ് മനസിലാക്കുന്നില്ല)
തുടര്‍ന്ന് ജന്നിന്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അവര്‍ ബാങ്ക് നടത്തിയിരുന്ന സമ്പന്നരായിരുന്നു. പക്ഷേ വ്യാപാരത്തിലെ പരിചയക്കുറവുമൂലം കബളിപ്പിക്കപ്പെടുകയും വലിയ കടത്തില്‍ പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ജന്നിന്‍ വെടിവച്ച് ആത്മഹത്യ ചെയ്യുന്നു. കടക്കാരുടെ ശല്യം കാരണം മാഡം ജെന്നിന്‍ രണ്ടുകുട്ടികളുമായി (ആറ്റ്നോയനറ്റ്, ഒളിവര്‍) പാരീസിലെത്തുന്നു. അവിടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ അവരും മരിക്കുന്നു. കൊച്ചുസഹോദരന്‍ ഒളിവറിന്റെ ചുമതല ആന്റോയനറ്റിന്റെ മുകളിലാവുന്നു. അവള്‍ കഷ്ടപ്പെട്ട് ഒളിവറിനെ സ്‌കൂളില്‍ അയയ്ക്കുന്നു. ജോലിയ്ക്കുവേണ്ടി ജര്‍മ്മനിയില്‍ പോകുന്നു. അവിടെ നാടകശാലയില്‍ വച്ചാണ് ക്രിസ്റ്റഫിനെ കാണുന്നത്. എന്നാല്‍ ക്രിസ്‌റ്റഫുമായി അവിഹിതബന്ധം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചയയ്ക്കുന്നു. തിരികെ പാരീസിലെത്തി വീണ്ടും മറ്റു ജോലികള്‍ ചെയ്‌ത് സഹോദരന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ക്ഷയരോഗം കാരണം അവള്‍ അകാലത്തില്‍ മരിക്കുന്നു. മരിക്കുന്നതിനു മുന്‍പ് രണ്ടുതവണ അവള്‍ ക്രിസ്‌റ്റഫിനെ കാണുന്നെങ്കിലും തമ്മില്‍ സംസാരിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. മരണശേഷം അവളുടെ ബുക്കില്‍ നിന്നു ലഭിച്ച ഒരു പ്രേമലേഖനത്തില്‍ നിന്നും തന്റെ സഹോദരി ക്രിസ്റ്റഫിനെ സ്നേഹിച്ചിരുന്നു എന്ന് ഒളിവര്‍ മനസിലാക്കുന്നു. ക്രിസ്റ്റഫ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് ആന്റോയനറ്റിന് അറിയാമായിരുന്നു (അവന്റെ ഒരു പുസ്‌തകത്തിന്റെ സമര്‍പ്പണം ഇങ്ങനെയായിരുന്നു : ഞാന്‍ മൂലം കഷ്ടപ്പാടിനു വിധേയയായ എന്റെ പ്രിയപ്പെട്ട സാധുവിന് - ഒരു പ്രത്യേക തീയതിയും) ക്രിസ്‌റ്റഫിലൂടെ തന്റെ സഹോദരിയെ കാണാനാണ് ഒളിവര്‍ പാര്‍ട്ടില്‍ പങ്കെടുക്കുന്നതും അവനെ പരിചയപ്പെടുന്നതും...

വാചകങ്ങള്‍:
1. എനിക്ക് ഇതേ നിലയില്‍ തുടരാന്‍ അവകാശമില്ല. ഞാന്‍ കീഴടങ്ങുന്നതിനു മുന്‍പ് എല്ലാം ശ്രമിച്ചു നോക്കിയേ തീരു. ഞാന്‍ കീഴടങ്ങുകയില്ല താനും.
2. ആത്മാവുകളില്‍ ഏറ്റവും വിലകെട്ടവര്‍ക്കു മാത്രമേ പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ലാതെ വരു. ആത്മാവില്‍ കരുത്തന്മാര്‍ക്ക് താന്താങ്ങളുടെ തന്നെ ഉള്ളിലുള്ള പാവനസന്നിധിയില്‍ അഭയം തേടുന്നതിന്റെ ആവശ്യം വരുന്നു. അത് വിലകെട്ടവര്‍ക്ക് ഒരിക്കലും മനസിലാവുകയില്ല.
3. സ്‌ത്രീകളോടുള്ള തങ്ങളുടെ ബഹുമാനത്തെപ്പറ്റി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവര്‍ക്കാണ് അതേറ്റവും കുറവ്.
4. പുരുഷന്മാര്‍ കലാസൃഷ്ടികള്‍ നിര്‍മ്മിക്കുന്നു, പക്ഷേ സ്‌ത്രീകള്‍ പുരുഷന്മാരെ സൃഷ്ടിക്കുന്നു.
5. സ്‌ത്രീ വെള്ളം പോലെയാണ്. രൂപം ഇല്ലാത്തത്. അവള്‍ കണ്ടുമുട്ടുന്ന ഓരോ പുരുഷന്റെ ആത്മാവും പാത്രവുമാണ്. അവള്‍ ഉടനടി ആ രൂപം കൈക്കൊള്ളുന്നു.
6. ഒരു നല്ല സ്‌ത്രീ ഭൂമിയില്‍ പറുദീസയാണ്. ഭൂമിയിലെ ഒരേയൊരു പറുദീസ.
7. തന്നെക്കാള്‍ ബലം കുറഞ്ഞ ഒരു പുരുഷനോടാണ് ഇടപഴകേണ്ടത് എന്ന് മനസിലാക്കുക ഒരു സ്‌ത്രീയ്ക്ക് വളരെ സന്തോഷകരമാണ്. ഉടനടി തന്റെ ഉയര്‍ന്നതും താണതുമായ ജന്മവാസനകള്‍ക്ക് അവള്‍ അതില്‍ ഇര കണ്ടെത്തുന്നു.
8. നമ്മുടെ ജീവിതത്തിന്റെ ശക്‌തികള്‍, നാം ജീവിതത്തിന് അടിയറവു വച്ചാല്‍ ഉത്തമന്മാര്‍ക്കും ഉന്നതന്മാര്‍ക്കും പിന്നെ എന്താണവശേഷിച്ചിട്ടുണ്ടാവുക.
9. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കുപരി നാം ശിരസ് ഉയര്‍ത്തിപ്പിടിക്കുക. നാം സന്തോഷപൂര്‍വ്വം പരിചിതവും സന്തുഷ്ടവുമാ‍യ പല്ലവി പാടുക
10. കാമുകന്റെ ജീവിതം പണക്കാര്‍ക്കും അലസന്മാര്‍ക്കും ഉള്ള ജീവിതമാണ്.
11. ഒരാള്‍ക്ക് സുന്ദരമായ ഒന്ന്, മറ്റൊരാള്‍ക്ക് അങ്ങനെയാവില്ല. നമ്മള്‍ സ്വര്‍ണ്ണനാണയങ്ങള്‍ അല്ല, എല്ല്ലാവരെയും പ്രീതിപ്പെടുത്താന്‍ നമുക്കാവില്ല.
12. ദയയുള്ളവരാകുക. മനുഷ്യരുടെ സകല അനീതികള്‍ക്കും വിധിയുടെ കാഠിന്യത്തിനും നടുവില്‍, കൂടുതല്‍ ദയയുള്ളവരാകാന്‍ ശ്രമിക്കുക. സുശീലരാവുക. കഠിനയുദ്ധങ്ങളില്‍പ്പോലും സുപ്രസന്നരാവുക. അനുഭവങ്ങളിലൂടെ വിജയിക്കുക. ആന്തരീകമായ ആ നിധിയെ ഉപദ്രവിക്കുവാന്‍ അനുവദിക്കാതിരിക്കുക.

No comments: