Friday, October 9, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 1

അഗാധമായ വിഷാദവും ഉത്കടമായ ആഹ്ലാദവും ആര്‍ദ്രമധുരമായ പ്രണയവും ഇടകലര്‍ന്നൊഴുകുന്ന ഒരു പ്രവാഹമാണ് ജീവിതം. അനന്ത വൈവിധ്യമാര്‍ന്ന ഈ ജീവിതത്തിന്റെ ഇതിഹാസമാണ് ജീന്‍ ക്രിസ്‌റ്റഫ്. വിദ്വേഷത്തിന്റെയും കൊള്ളരുതായ്മകളുടെയും തമോലോകത്തിലേക്ക് നീട്ടിപ്പിടിച്ച ഒരു കൈത്തിരി. വിശ്വപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നതെന്ന് പിന്നീട് നിരൂപകര്‍ കണ്ടെത്തിയിട്ടുണ്ട്.
‘യാതന അനുഭവിക്കുകയും പൊരുതുകയും കീഴടക്കുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രങ്ങളിലേയും സ്വതന്ത്രാത്മാക്കള്‍ക്ക്..’ റോമേന്‍ റോളണ്ട് ഈ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നു.
ക്രിസ്‌റ്റഫിന്റെ മുത്തച്ഛന്‍ ജീന്‍ മൈക്കേല്‍ കൊട്ടാരം ഗായകസംഘത്തിലെ അംഗവും വാദ്യവൃന്ദത്തിന്റെ നേതാവുമാണ്. അച്ഛന്‍ മെല്‍‌ഷിയര്‍ ഒരു മുഴുക്കുടിയനാണ്. അമ്മ ലൂഷ്യ താണ കര്‍ഷക കുടുംബത്തിലെ ഒരു പാവം സ്‌ത്രീ. സഹോദരന്മാര്‍ റൊഡാള്‍ഫും ഏണസ്റ്റും. ഇവരെക്കൂടാതെ അമ്മാവന്‍ ഫ്രൈഡ് ചാര്‍ച്ചക്കാരനായ തീയോഡര്‍ എന്നിവരാണ് ആദ്യഭാഗത്തുവരുന്ന കഥാപാത്രങ്ങള്‍.
ക്രിസ്‌റ്റഫിന്റെ ജനനം, അവന്റെ ബാല്യ ചാപല്യങ്ങള്‍, ബാല്യത്തിലെ തുടങ്ങുന്ന ദുരിതങ്ങള്‍, സംഗീതപഠനത്തിന്റെ ആദ്യദിനങ്ങള്‍, മുത്തച്ഛന്റെ മരണം, അച്ഛന്റെ ദുസ്സഹമായ മദ്യപാനത്തില്‍ നിന്നുണ്ടാവുന്ന പട്ടിണി, ചെറുപ്പത്തില്‍ തന്നെ ജീവിതഭാഗം തോളിലേറ്റേണ്ടി വരുന്നതിന്റെ ദുരിതം എന്നിവയാണ് ആദ്യഭാഗത്ത് വിവരിക്കുന്നത്.
ഇനി ചില ഇഷ്ടപ്പെട്ട വാചകങ്ങള്‍:
1. ഒരു മുറിയില്‍ സൂര്യപ്രകാശം എന്നതുപോലെയാണ് ഒരു വീട്ടില്‍ സംഗീതം.
2. യാതന അനുഭവിക്കുക, ഇനിയും യാതന അനുഭവിക്കുക.. ഒരുവന്‍ കരുത്തനായിരിക്കുമ്പോള്‍ യാതന അനുഭവിക്കുക എന്നത് എത്ര നന്ന്..!
3. ഒരു വലിയ ഗാനരചയിതാവാകണം, ആരാധിക്കപ്പെടണം എന്നതുകൊണ്ടാണ് നീ എഴുതിയത്. നീ അഹങ്കാരിയായിരുന്നു. നീ കളവു പറയുന്നവനായിരുന്നു. ഒരുവന്‍ സംഗീതത്തിന്റെ ലോകത്തില്‍ കള്ളനും അഹങ്കാരിയുമാവുമ്പോള്‍ എപ്പോഴും ശിക്ഷിക്കപ്പെടുന്നു. സംഗീതം എപ്പോഴും വിനീതമായിരിക്കണം. ആത്മാര്‍ത്ഥവും. അല്ലെങ്കില്‍ അതെന്താണ്..? പരിശുദ്ധമായ സത്യം പറയുവാന്‍ നമുക്ക് സംഗീതം കനിഞ്ഞരുളിയ ഈശ്വരനെ നിന്ദിക്കുകയും വഞ്ചിക്കുകയുമാണത്..
4. ഒരു മഹാന്‍ ആകുവാന്‍ വേണ്ടി നിനക്ക് മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കണം. മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി നിനക്ക് മഹാനാവണം. ഒരു പട്ടി അതിന്റെ വാലുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണത്..
5. യുക്‌തി ഒന്നും സഹായിക്കുന്നില്ല. നിങ്ങള്‍ ജീവിച്ചിരുന്നു എന്ന് വിചാരിക്കുന്നു. ചില ജീവിതാനുഭഗങ്ങള്‍ ഉണ്ടായിരുന്നു എന്നും. നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നും സത്യത്തിന്റെ യഥാര്‍ത്ഥമുഖം നിങ്ങളുടെ കണ്ണുകളില്‍ നിന്നും മറയ്ക്കുവാന്‍ വേണ്ടി സ്വന്തം മനസ് നെയ്‌തെടുത്ത മായികവലയത്തില്‍ ജീവിക്കുകയായിരുന്നു എന്ന് പിന്നീട് മനസിലാവും..
6. യാതന അനുഭവിക്കുക എന്ന ആശയവും ചോരയൊഴുക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ജീവിതവുമായി ബന്ധമൊന്നുമില്ല. മരണം എന്ന ആശയവും ശരീരത്തിന്റെ പീഢാനുഭവങ്ങളുമായും ബന്ധമൊന്നുമില്ല. മരണവും അതുമായി മല്ലിടുന്ന ആത്മാവും തമ്മിലും.
7. യാഥാര്‍ത്ഥ്യത്തിന്റെ ഉഗ്രസൌന്ദര്യത്തിനു മുന്നില്‍ മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ വിവേകവും മരവിച്ച യന്ത്രപ്പാവകളുടെ കളി മാത്രമാണ്.
8. പ്രവര്‍ത്തനത്തെ ഒന്നും തടസ്സപ്പെടുത്താതിരിക്കുമ്പോള്‍ പ്രവര്‍ത്തി ചെയ്യുന്നതിന് ആത്മാവിന് കാരണങ്ങള്‍ കുറവാണ്.
9. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ സ്വതന്ത്രനാവാന്‍ സാധിച്ചൊള്ളൂ എന്നതുകൊണ്ട് പാറക്കെട്ടുകള്‍ക്കിടയിലൂടെ നദീപ്രവാഹം എന്നതുപോലെ അവന്റെ ശക്‌തി ആ കാലയളവിലേക്ക് കുതിച്ചു. ഇളക്കമില്ലാത്ത അതിര്‍ത്തിക്കുള്ളില്‍ തന്റെ ശ്രമങ്ങള്‍ ഒതുക്കുക എന്നത് കലാപരിശീലനത്തില്‍ ഒരാള്‍ക്ക് നല്ലതാണ്. ആ അര്‍ത്ഥത്തില്‍ ദാരിദ്ര്യം ചിന്തയുടെ മാത്രമല്ല ശൈലിയുടെയും ഗുരുവാണ്. കാരണം ഉടലിനെന്നപോലെ മനസിനും അത് തന്റേടം വരുത്തുന്നു. സമയം ക്ലിപ്‌തപ്പെടുത്തുകയും ചിന്തകള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒരാള്‍ ഒറ്റവാക്കും കൂടുതല്‍ പറയാതെയാവുന്നു. ഒഴിച്ചുകൂടാന്‍ വയ്യാത്തതിനെപ്പറ്റി മാത്രം ചിന്തിക്കുക എന്നത് ശീലമാകുന്നു.

3 comments:

സജി said...

രണ്ടാം ഭാഗം വായിച്ചപ്പോഴാണ് ഒന്നാം ഭാഗം വന്നു പോയതറിഞ്ഞില്ലാല്ലോ എന്നോര്‍ത്തത്.

എന്തായാലും ഇനി അടുത്ത ഭാഗത്തിലേക്കു....

Unknown said...

ഈ പുസ്തക൦ പത്തു ഭാഗങ്ങളിലായി ഡി.സി ബുക്സ് 1984-ൽ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങളുടെ ലൈബ്രറിയിൽ അതിന്റെ പല ഭാഗങ്ങളു൦ വീണ്ടെടുക്കാൻ കഴിയാത്ത വിധ൦ നശിച്ചു പോയി... 20 വ൪ഷത്തിനപ്പുറമാണ് അത് വായിച്ചത്.
ഇനി എവിടെ കിട്ടു൦!??

Unknown said...

താങ്കൾ പറഞ്ഞപോലെ ഞങ്ങളുടെ ലൈബ്രറിയിലു൦ അതുണ്ടായിരുന്നു- ചില ഭാഗങ്ങൾക്ക് തുടക്കവു൦ അവസാനവു൦ ഇല്ലായിരുന്നു. എങ്കിലു൦ 1998ൽ ആ പുസ്തകത്തിലൂടെ ക്രിസ്റ്റഫറിന്റേയു൦ ആന്റോയ്നെറ്റിന്റേയു൦ ജീവിത൦ ചെറിയ ഓ൪മ്മയിൽ ഇപ്പോഴു൦😢 ഞങ്ങളുടെ വൈബ്രറിയിലെ ആ പത്ത് ഭാഗങ്ങളു൦ നശിച്ചു. ഡിസി വീണ്ടു൦ അതുപോലെ പ്രസിദ്ധീകരിക്കുകയാണെങ്കിൽ തീ൪ച്ചയായു൦ ഞങ്ങൾ വാങ്ങു൦. വളരെ ചുരുക്കി ഒറ്റബുക്കായി ഇതിലിടക്ക് പ്രസിദ്ധീകരിച്ചിരുന്നെന്നു തോന്നുന്നു. അതു വേണ്ട, പത്ത് ഭാഗങ്ങളായിത്തന്നെ വരട്ടെ....