Monday, October 19, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം3

ജീന്‍ ഇപ്പോള്‍ കൂടുതല്‍ മുതിര്‍ന്നവനായിരിക്കുന്നു. പ്രണയവും സംഗീതവും അവന്റെ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത രണ്ട് അനിവാര്യതകളായിത്തീര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ മധുരത്തിലൂടെയും നൊമ്പരത്തിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച് ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാനും അറിയുവാനും അവന്‍ തീരുമാനിക്കുന്നു.
യൂളറുടെ കുടുംബവുമായി അവന്‍ കലഹത്തിലാവുകയും അവിടെ നിന്ന് വീടുമാറുകയും ചെയ്യുന്നു. ആഡ എന്നൊരു പുതിയ സുന്ദരിയുമായി അവന്‍ പ്രേമത്തിലാവുന്നു. സുന്ദരമായ സ്വപ്‌നങ്ങളിലൂടെയും ദിവസങ്ങളിലൂടെയും അവന്‍ സഞ്ചരിക്കുന്നു. പക്ഷേ വീണ്ടും മറ്റൊരു പ്രേമവഞ്ചനയ്ക്ക് ഇരയാവാനായിരുന്നു അവന്റെ വിധി.
സംഗീതത്തെക്കുറിച്ച് അവന്‍ കൂടുതല്‍ പഠിക്കുന്നു. മുന്‍‌കാലങ്ങളില്‍ വളരെ ഉത്കൃഷ്ടമെന്ന് വിശേഷിപ്പിച്ചിരുന്ന പല രചനകളോടും അവന് തോന്നുന്നത് അവജ്ഞയാണ്. അവന്റെ മനസിലുള്ള മഹത്തായ സംഗീതത്തിനൊപ്പം നില്ക്കാന്‍ അവയ്ക്കാകുമായിരുന്നില്ല. പഴയ കൃതികള്‍ പലതും അപരിഷ്‌കൃതങ്ങളാണെന്ന് വിലയിരുത്താനുള്ള ഒരു പ്രവണത അവനില്‍ വളരുകയും ‘റിവ്യൂ’ വില്‍ അവനെഴുതിയ നിരൂപണങ്ങളിലൂടെ പഴയ സംഗീതത്തെയും സംഗീതജ്ഞരെയും ഗായകരെയും നിശാതമായും ക്രൂരമായും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടെ സമൂഹത്തിന് അവനോടുള്ള എതിര്‍പ്പ് ഏറിയേറി വരുന്നു. അതേ സമയം പുതിയ സൌഹൃദങ്ങളിലും ബന്ധങ്ങളിലും അവന്‍ ഏര്‍പ്പെടുന്നു. വാള്‍ഡസ് എന്ന ജൂതനുമായും അതുവഴി അവന്റെ പെങ്ങള്‍ ഔവ്വയുമായും അവന്‍ സൌഹൃദത്തിലാവുന്നു.

വാചകങ്ങള്‍:

1. താന്‍ വിചാരിക്കുന്നതെന്തോ അത് പറയുവാന്‍ സ്‌ത്രീയ്ക്ക് നാവുകൊടുത്തിട്ടില്ല. ദൈവത്തിനു സ്‌തുതി! എങ്കില്‍ ഭൂമിയില്‍ സന്മാര്‍ഗത്തിന് ഒരന്ത്യമുണ്ടാകുമായിരുന്നു.
2. ആളുകള്‍ ഉദാത്തമായവകൊണ്ട് നേരമ്പോക്ക് കാണിക്കുന്നു. അത് തനിരൂപത്തില്‍ കാണുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഭാവങ്ങള്‍ സഹിക്കുവാന്‍ അവര്‍ക്ക് സാധിക്കാതെ വരുമായിരുന്നു.
3. സര്‍വ്വശക്‌തമായ ആനന്ദം, തകര്‍ന്നുപോകുന്ന ആനന്ദം. പരിശൂന്യത ഒരു കല്ലിനെ എന്നപോലെ മനുഷ്യജീവിയെ വലിച്ചു താഴ്ത്തുന്ന ആനന്ദം. ചിന്തയെ വലിച്ചെടുക്കുന്ന അഭിലാഷത്തിന്റെ അങ്കുരം. അന്ധവും ലഹരി പിടിച്ചതുമായി രാവില്‍ ഒലിച്ചുപോകുന്ന ലോകത്തിന്റെ അര്‍ത്ഥ ശൂന്യമായ മധുര നിയമങ്ങള്‍. പല രാത്രികളായ ഒരു രാത്രി. നൂറ്റാണ്ടുകളായ മണിക്കൂറുകള്‍. മരണമാകുന്ന സംഭവ വിവരണങ്ങള്‍. പങ്കുവയ്ക്കപ്പെട്ട കിനാവുകള്‍. അടഞ്ഞ കണ്ണുകളോടെ സംസാരിക്കപ്പെടുന്ന വാക്കുകള്‍. കണ്ണുനീര്. ചിരി. സ്വരത്തില്‍ കലരുന്ന സ്നേഹത്തിന്റെ ആനന്ദം. നിദ്രയുറെ നിശൂന്യത പങ്കുവയ്ക്കല്‍. ബുദ്ധിയില്‍ തത്തിപ്പാറി പൊറ്റുന്നനെ മറയുന്ന രൂപങ്ങള്‍... ഇരുമ്പുന്ന രാവിന്റെ മായക്കാഴ്ചകള്‍..!

1 comment:

സന്തോഷ്‌ പല്ലശ്ശന said...

വളരെ യാദൃശ്ചികമായാണ്‌ ഈ ബ്ളോഗ്ഗ്‌ കാണാനിടയായത്‌... നല്ല പോസ്റ്റുകാളാണിതിലേത്‌ തുടര്‍ന്നും വായിക്കാനിഷ്ടപ്പെടുന്ന പോസ്റ്റുകള്‍.. ഒത്താല്‍ വീണ്ടും കാണാം.