Thursday, October 8, 2009

ജീന്‍ ക്രിസ്റ്റഫ് - എന്റെ ഇഷ്ടപുസ്‌തകം

അടുത്തിടെ അലമാര അടുക്കിപ്പറക്കുന്നതിനിടയിൽ അതിൽ നിന്നും എന്റെയൊരു പഴയ ഡയറി കിട്ടി. എത്ര തിരഞ്ഞിട്ടും അതെന്നെഴുതിയതെന്ന് കണ്ടുപിടിക്കാനാവുന്നില്ല. 95 ലോ 96 ലോ എഴുതിയതാണെന്ന് ഊഹിക്കുന്നു. ഏതാണ്ട്‌ പതിനഞ്ച്‌ വർഷം മുൻപ്‌. ഞാനൊരു എഴുത്തുകാരൻ ആവണമെന്ന് ആഗ്രഹിക്കുക പോലും ചെയ്യുന്നതിന്‌ മുൻപ്‌.
അന്ന് ഞാൻ ഇന്നത്തേതിനേക്കാളൊക്കെ എത്ര മികച്ച വായനക്കാരനാണെന്ന് കണ്ട്‌ സ്വയം അദ്ഭുതപ്പെടുന്നു. ആ വർഷം വായിച്ച എല്ലാ പുസ്‌തകങ്ങളുടെയും പേരുകളും അതിനെക്കുറിച്ച്‌ ഒരു ലഘുകുറിപ്പും ആ ഡയറിയിലുണ്ട്‌. അതിലെ കണക്കുപ്രകാരം ആ വർഷം ഞാൻ 97 പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്‌. ഞാന്‍ ഏറ്റവും മികച്ച പുസ്‌തകങ്ങൾ വായിച്ച വർഷം എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടാവാം കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ അന്ന് തോന്നിയതും. യുദ്ധവും സമാധാനവും, ജൂലിയസ്‌ സീസർ, കാരമസോവ്‌ സഹോദരർ, ഏകാന്തത്തയുടെ നൂറു വർഷങ്ങൾ, സെയിലാസ്‌ മാർനർ, ദി കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്‌റ്റോ, ആനന്ദമഠം, വതറിംഗ്‌ ഹൈറ്റ്സ്‌, പിയറും ഷാനും, ടം മിഷ്യൻ, സുവർണ്ണ നദിയുടെ രാജാവ്‌ (ജോൺ റസ്കിൻ), നല്ല ഭൂമി, കിഴവനും കടലും, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (ജോൺ സ്റ്റൻ ബക്ക്‌) അതു മരിക്കുന്നുവെങ്കിൽ (ആന്ദ്രേഷീദ്‌) മൈക്കൾ ഷോളോക്കോവിന്റെ ഡോൺ ശാന്തമായൊഴുകുന്നു, പാഥാർ പാഞ്ചാലി, മാദം ബോവറി, പാവങ്ങൾ, ക്രിസ്മസ്‌ കരോൾ എന്നിങ്ങനെയുള്ള ലോകക്ലാസിക്കുകളും ബഷീറിന്റെ മിക്ക കൃതികളും, ധർമ്മപുരാണം, മരണസർട്ടിഫിക്കറ്റ്‌, കയർ, സുന്ദരികളും സുന്ദരന്മാരും, കർട്ടൻ (എൻ.എൻ. പിള്ള) മരപ്പാവകൾ, വേരുകൾ എന്നിങ്ങനെ മലയാളത്തിലെ മികച്ച കൃതികളും വായിച്ച വർഷമാണത്‌. എന്റെ ജീവിതത്തിലെ വായനയുടെ വസന്തവർഷമായിരുന്നു അതെന്ന് എനിക്ക്‌ തോന്നുന്നു.
അക്കൂട്ടത്തിൽ ഏക്കാലത്തേയും വായന ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകവും ഉണ്ട്‌ എന്നത്‌ സന്തോഷം തോന്നുന്ന കാര്യമാണ്‌. മിക്കപ്പോഴും ആ കൃതിയെക്കുറിച്ച്‌ എഴുതണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ കുറിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ എഴുതാതിരിക്കുകയായിരുന്നു. എന്നാൽ ആ ഡയറി കണ്ടെത്തിയതോടെ ആ പുസ്‌തകത്തെക്കുറിച്ചുള്ള കുറിപ്പുകളും ലഭ്യമായി. എന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പുസ്‌തകമേത്‌ എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളു - ജീൻ ക്രിസ്റ്റഫ്‌..!
ഒരു കൃതി ഒരാളെ സ്വാധീനിക്കുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വായിക്കുന്ന കാലഘട്ടവും അപ്പോഴത്തെ അയാളുടെ മാനസീകാവസ്ഥയുമാണ്‌ അതിൽ പ്രധാനപ്പെട്ടത്‌. ഒരു സംഗീതജ്ഞന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളെയും സൂക്ഷ്മമായും സമ്പൂർണ്ണമായും വരച്ചുകാട്ടുന്ന ഒരു കൃതിയാണ്‌ ജീൻ ക്രിസ്‌റ്റഫ്‌ എന്നുവേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. അങ്ങനെ സമഗ്രമായ ഒരു ജീവിതദർശനം കാത്തിരിക്കുന്ന വേളയിലാവാം ഞാൻ ഈ കൃതി വായിക്കുന്നത്‌ എന്നതാവാം അതെന്നെ ഇത്ര സ്വാധീനിക്കുവാൻ കാരണം. 10 വാല്യങ്ങളിലും 2103 പേജുകളിലുമായി പടർന്നു കിടക്കുന്ന ഈ മഹാ ഇതിഹാസത്തെപ്പറ്റി ഞാനറിയുന്നത്‌ എം.ടിയുടെ ഒരു ലേഖനത്തിൽ നിന്നാണ്‌. ഈ പുസ്‌തകം നീ തീർച്ചയായും വായിച്ചിരിക്കണം എന്ന് എം.ടിയോട്‌ പറയുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീറാണെന്ന് ആ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്‌. ബഷീറിന്റെ മഹത്തായ ജീവിതദർശനം പലരും കരുതുന്നതുപോലെ വെറും നാടുചുറ്റലിൽ നിന്നു മാത്രം ലഭിച്ചതല്ല ഉജ്ജ്വലമായ വായനയുടെ പാരമ്പര്യവും അദ്ദേഹത്തിന്‌ പിൻബലമായിട്ടുണ്ട്‌ എന്ന് എനിക്കന്നേ
തീര്‍ച്ചയായിരുന്നു.
ഫ്രഞ്ച്‌ സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ടാണ്‌ 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ്‌ രചിച്ചത്‌. (ബഹുമാനപ്പെട്ട എം. കൃഷ്ണൻ നായർ ഴാങ്ങ്‌ ക്രിസ്‌തോഫ്‌ എന്നായിരുന്നു ഇതിന്റെ പേര്‌ പരാമർശിച്ചിരുന്നത്‌. പക്ഷേ ഞാൻ വായിച്ചത്‌ ജീൻ ക്രിസ്റ്റഫ്‌ എന്നായതുകൊണ്ട്‌ അങ്ങനെ തന്നെ എഴുതുന്നു) 1904 മുതൽ 1912 വരെയുള്ള കാലഘട്ടങ്ങളിൽ പത്ത്‌ വോല്യങ്ങളായാണ്‌ ഫ്രാൻസിൽ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. ഇംഗ്ലീഷിൽ അത്‌ ഒറ്റ വാല്യമായാണ്‌ പുറത്തുവന്നത്തെങ്കിലും മലയാളത്തിൽ മൂലകൃതിയുടെ മാതൃക പിൻതുടർന്ന് പത്ത്‌ വാല്യങ്ങളായിത്തന്നെയാണ്‌ ഡി സി ബുക്സ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌.
അക്കാലത്ത്‌ മനാമയിലെ അവാൽ സിനിമയ്ക്കടുത്തുള്ള ഒരു പുസ്‌തകക്കടയിൽ വിപുലമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. വെറും തുച്ഛമായ പൈസയ്ക്ക്‌ അവിടെ നിന്നും പുസ്‌തകങ്ങൾ വാടകയ്ക്ക്‌ കിട്ടുമായിരുന്നു. എന്റെ വായനയിലെ മിക്ക പുസ്‌തകങ്ങളും എനിക്കവിടെ നിന്നാണ്‌ കിട്ടുന്നത്‌. എം.ടിയുടെ ലേഖനം വായിച്ച ആവേശത്തിൽ ഞാൻ ജീൻ ക്രിസ്റ്റഫും അവിടെ അന്വേഷിച്ചു. കാണില്ലെന്നാണ്‌ വിചാരിച്ചത്‌. എന്നാൽ പുസ്‌തകങ്ങളുടെ ഏറ്റവും അടിയിൽ ആരാലും എടുക്കപ്പെടാതെ ജീൻ ക്രിസ്‌റ്റഫ്‌ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒന്നാം വാല്യത്തിനപ്പുറത്തേക്ക്‌ ആരും ഈ പുസ്‌തകം കൊണ്ടുപോയിട്ടില്ലെന്ന് അന്ന് കടക്കാരൻ പറഞ്ഞത്‌ ഞാനിന്നും ഓർക്കുന്നു. അതുകൊണ്ടുതന്നെ എനിക്കൊന്നും മനസിലാവാത്ത ഗഹനമായ പുസ്‌തകമാവും ഇതെന്നു കരുതിയാണ്‌ എടുത്തുകൊണ്ടു പോയതും. എന്നാൽ വായന തുടങ്ങിയത്‌ ഓർമ്മയുണ്ട്‌ ആദ്യ വാല്യം അക്ഷരാർത്ഥത്തിൽ ഒറ്റയിരുപ്പിന്‌ ഞാൻ വായിച്ചു തീർക്കുകയായിരുന്നു. പിന്നെ ഓടിച്ചെന്നെടുത്ത പത്തു വാല്യങ്ങളും. ആ പുസ്‌തകം എന്റെ മനസിലുണ്ടാക്കിയ കൊടുങ്കാറ്റ്‌ ഇന്നും എനിക്കനുഭവിക്കാനാവുന്നുണ്ട്‌.
ജീൻ ക്രിസ്റ്റഫ്‌ വായിച്ച്‌ എഴുതിയ വായനാക്കുറിപ്പ്‌ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്‌. കഥയുടെ ഒരു ചെറിയ സംഗ്രഹവും പിന്നെ നോവലിൽ എനിക്കിഷ്ടപ്പെട്ട വാചകങ്ങളുമാണ്‌ എഴുതി സൂക്ഷിച്ചിരിക്കുന്നത്‌. വരുന്ന പോസ്റ്റുകളിൽ അതങ്ങനെ തന്നെ എഴുതുന്നു. നിങ്ങളെ വായനയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകും എന്ന പ്രതീക്ഷയോടെ...

8 comments:

സജി said...

ആകാംഷയോടെ കാത്തിരിക്കുന്നു..

ഇപ്പോള്‍ ആ പ്രസ്ഥാനം എവിടെയാണ്??

ആ പുസ്തകം അവിടെയുണ്ടാവുമോ ആവോ?


(പിന്തിരിപ്പന്മാര്‍ക്കും ആസ്വദിക്കാവുന്നതായിരിക്കുമല്ലൊ അല്ലേ)

ബാജി ഓടംവേലി said...

ആകാംഷയോടെ കാത്തിരിക്കുന്നു..

ബെന്യാമിന്‍ said...

സജി, ഇപ്പോഴും ആ പുസ്‌തകക്കട അവിടെയുണ്ട്. പക്ഷേ പുസ്‌തകങ്ങള്‍ എല്ലാം അപ്രത്യക്ഷമായി. വീക്കിലികളും പത്രങ്ങളും മാത്രം വില്ക്കുന്നു

പിന്തിരിപ്പന്മാര്‍ക്ക് മാത്രമല്ല, മൂരാച്ചികള്‍ക്കും വരെ ആസ്വദിക്കാം.

ബാജി, ഉടനെ എഴുതാം.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കാത്തിരിക്കും ബാക്കി കൂടി അറിയാന്‍

അനില്‍ വേങ്കോട്‌ said...

ഇത് നന്നയി.. ഡയറി കുറേശെ പോരട്ടെ

വീ കെ. said...

കാത്തിരിക്കുന്നു, ആകാംക്ഷയോടെ....

ചാർ‌വാകൻ‌ said...

ബെന്യാമിന്‍, കാല്‍നൂറ്റാണ്ടിനുമുമ്പ് വായിച്ചിരുന്നു.അത്ര കേമമായി തോന്നിയിരുന്നില്ല.വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പ്രിയപുസ്തകമെന്ന് പ്രസം ഗിക്കാറുണ്ടായിരുന്നു.ആകാലത്തു തന്നെ കാരമസോവ് വായിച്ചപ്പോള്‍ മറ്റെല്ലാം റദ്ദാവുകയാണുണ്ടായത്.എന്തായാലും ആസ്വാദനം കാത്തിരിക്കുന്നു.
ഒ.ടോ.നസ്രാണികളുടെ അക്കപ്പോര്‍ മാധ്യമത്തില്‍ വായിച്ചിരുന്നു.ഗം ഭീരമായിരുന്നു.യാക്കോവക്കാരുടെ പറുദീസ യായ,ആഞ്ഞിലിത്താനത്തു ജീവിച്ചതിനാല്‍ ചിരിച്ചു കൊഴഞ്ഞു.

ബെന്യാമിന്‍ said...

ചാര്‍വാകന്‍,
ഓരോ ഇഷ്ടത്തിനും ഓരോ കാരണങ്ങളുണ്ടല്ലോ. അന്നത്തെ എന്റെ ഇഷ്ടം. ഇപ്പോ വായിച്ചാല്‍ അതേ തീവ്രതയോടെ ആസ്വദിക്കുമോ എന്നറിയില്ല. അതെന്നില്‍ വരുത്തിയ മാറ്റം ചില്ലറയല്ല എന്നു മാത്രം അറിയാം.
എന്തായാലും എളുപ്പവായനയ്ക്ക് പറ്റിയ പുസ്‌തകമല്ല അത്. അത്തരത്തില്‍ തീക്ഷ്ണമായ ഒരു പുസ്‌തകം പിന്നെ കണ്ടത് ഒര്‍ഹാന്‍ പാമൂഖിന്റെ ചുവപ്പാണെന്റെ പേരു തന്നെ.
ഓടോ: അക്കപ്പോരിന്റെ വായനയ്ക്ക് നന്ദി.