Saturday, October 24, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 4

ക്രിസ്റ്റഫിനെ വിദഗ്‌ദ്ധമായി കബളിപ്പിക്കുകയായിരുന്നു ‘റിവ്യു’ എന്നറിയുന്നതോടെ അവണ്‍ അവരുമായി വേര്‍പിരിയുന്നു. അതിനു പകരം ഒരു സോഷ്യലിസ്റ്റ് പത്രത്തില്‍ തന്റെ സംഗീത നിരൂപണങ്ങള്‍ എഴുതാന്‍ ആരംഭിക്കുന്നു. പക്ഷേ അതവന് കൂടുതല്‍ നഷ്ടമാണ് ഉണ്ടാക്കിവച്ചത്. അവന്‍ അക്കാരണത്താല്‍ പ്രഭുവുമായി പിണങ്ങുന്നു. അതോടെ സമൂഹം കൂടുതല്‍ അവനെ ഒറ്റപ്പെടുത്തുന്നു. അതിനിടെ നാടകക്കാരിയും നിഷ്‌കളങ്കയും നന്നായി പെരുമാറാന്‍ അറിയാവുന്നവളുമായ ഒഫീലിയ എന്ന പെണ്‍കുട്ടിയുമായി അവന്‍ പരിചയത്തിലാവുന്നു. അവളുടെ നാടകത്തിനു പോകുമ്പോള്‍ അജ്ഞാതയായ ഒരു ഫ്രഞ്ചുകാരി പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവളെ റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് വേര്‍ പിരിയുന്നു.
പ്രഫസര്‍ ആയ റയില്‍ ഹാര്‍ട്ടുമായും ഭാര്യ ലില്ലി ഹര്‍ട്ടുമായും അവന്‍ സൌഹൃദത്തിലാവുന്നു. (അവരില്‍ നിന്നും റയില്‍‌വേ സ്റ്റേഷനില്‍ വച്ച് പിരിഞ്ഞ ഫഞ്ചുകാരി പെണ്‍കുട്ടിയുടെ പേര് ആന്റയണറ്റ് ജന്നിന്‍ എന്നാണെന്ന് മനസിലാവുന്നു) ചെല്ലിന്നിടത്തെല്ലാം പേരുദോഷം കേള്‍പ്പിക്കാനാണ് ക്രിസ്‌റ്റഫിന്റെ വിധി. ലില്ലി ഹര്‍ട്ടും അവനും തമ്മില്‍ പ്രണയമാണെന്ന് ഒരു വാര്‍ത്ത ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതുകാരണം അവന് ആ ബന്ധവും ഉപേക്ഷിക്കേണ്ടി വരുന്നു. സത്യത്തില്‍ അവന്റെ കുറച്ച് കൃതികളുടെ കോപ്പികള്‍ അവരുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുക എന്ന നല്ല കാര്യം മാത്രമേ അവര്‍ ചെയ്‌തൊള്ളൂ.
തുടര്‍ന്ന് ഹാസ്‌ലര്‍ എന്ന പഴയ സ്നേഹിതനെത്തേടി അവന്‍ ഒരു യാത്ര നടത്തുന്നു. കൈപ്പേറിയ അനുഭവങ്ങളായിരുന്നു അതിന്റെ ഫലം. അവന്റെ അമ്മാവന്‍ ഗോട്ട് ഫ്രൈഡ് മരിക്കുന്നു. ഹര്‍ട്ട് ദമ്പതിമാര്‍ മുഖാന്തരം പരിചയപ്പെട്ട ഷൂവല്‍‌സിനെ അടുത്തേക്ക് അവന്‍ പോവുകയും ഹൃദ്യമായ സ്വീകരണം ലഭിക്കുകയും ചെയ്യുന്നു. തിരികെ വരുന്ന വഴി മഴകാരണം യാദൃശ്ചികമായി ഒരു വീട്ടില്‍ കയറുന്നു. അവിടെയുണ്ടായിരുന്ന അന്ധയായ പെണ്‍കുട്ടി മോഡസ്റ്റയുമായി അമ്മാവനുണ്ടായിരുന്ന ബന്ധം അവനറിയുന്നു.
അവന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ലൂഷ്യയുടെ ദുഃഖം കാരണം അവനതില്‍ നിന്നും പിന്തിരിയുന്നു. എന്നാല്‍ വിധി അവനെ വെറുതെ വിടുന്നില്ല. ലോര്‍ച്ചിന്‍ എന്ന അലക്കുകാരി പെണ്‍കുട്ടിയുടെ പേരില്‍ പട്ടാളക്കാരെ മര്‍ദ്ദിക്കുകയും അറസ്റ്റ് ഭീഷണി കാരണം അവന് നാടുവിടേണ്ടി വരുകയും ചെയ്യുന്നു. അവന്‍ പാരീസിലേക്ക് പോകുന്നു..!

വാചകങ്ങള്‍:
1. അവര്‍ എന്നെ ഇഷ്ടമുള്ളത് ചെയ്‌തുകൊള്ളട്ടെ. അവര്‍ എന്നെ യാതന അനുഭവിക്കട്ടെ. യാതനയും ജീവിതമാണ്..!
2. അവര്‍ എന്നെക്കുറിച്ച് ഇഷ്ടമുള്ളതൊക്കെ പറയും. എഴുതും. വിചാരിക്കും. പക്ഷേ ഞാന്‍ ഞാനായിരിക്കുന്നത് തടയാന്‍ അവര്‍ക്കാവില്ല.
3. സ്നേഹവും നന്ദിയും എല്ലാവരെയും ആനന്ദിപ്പിക്കുന്നു. നന്ദികേട് ആരെയും സന്തോഷിപ്പിക്കുന്നില്ല.
4. അവകാശപ്പെടാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആനന്ദത്തിന്‌ ഒരു പരിധിയുണ്ട്. ഒരാള്‍ക്കുമില്ല കൂടുതല്‍ അവകാശപ്പെടാന്‍ അനുവാദം. ആനന്ദത്തിന്റെ അധികപ്പറ്റ് നേടുക എന്നത് ഒരു വ്യക്തിയുടെ തനിമയിലാണ് കുടികൊള്ളുന്നത്, അല്ലാതെ മറ്റുള്ളവരിലല്ല.
5. ഒരു വ്യക്‌തി ഒരിക്കലും പശ്ചാത്തപിക്കാത്തതായി ഒന്നേയുള്ളൂ - ബഹുജനങ്ങളുമായുള്ള യുദ്ധം!
6. എല്ലാ പൊങ്ങച്ചക്കാരിലും വച്ച്, ആരാണോ തന്റെ നാടിനെക്കുറിച്ച് പൊങ്ങച്ചം വിചാരിക്കുന്നത് അയാളാണ് തികഞ്ഞ വിഡ്ഢി.
7. സാധാരണ മുഖസ്‌തുതിക്കാര്‍ക്ക് സംസാരിക്കുന്നതിന് ഒരു പ്രയാസവുമില്ല. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്ക് തങ്ങള്‍ സ്നേഹിക്കുന്നു എന്നു പറയാന്‍ ഏറെ പ്രയാസപ്പെടണം.
8. ആദുഅ, എന്നെ ജീവിക്കുവാന്‍ അനുവദിക്കുക. പ്രവര്‍ത്തിക്കുവാന്‍. പൊരുതുവാന്‍. യാതന അനുഭവിക്കുവാന്‍. പിന്നീട് ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം. എപ്പോഴത്തേക്കാളും അധികം നിങ്ങളെ സ്നേഹിക്കാം. സ്നേഹിക്കുക അതുമാത്രം. അതു ഞാന്‍ എത്ര ഇഷ്ടപ്പെടുന്നു.
9. രണ്ടുപേര്‍ ദുരിതം അനുഭവിക്കുകയും അവര്‍ക്ക് പരസ്പരം സഹായിക്കാന്‍ സാധിക്കാതെയും വരുമ്പോള്‍ തളര്‍ച്ച മാരകമായിത്തീരുന്നു. അവസാ‍നം ഓരോരുത്തരും മറ്റെ ആളെ യാതനയ്ക്ക് ഉത്തരവാദിയാക്കുന്നു. ഓരോരുത്തരും അത് അവസാനം വിശ്വസിക്കുന്നു. ഒറ്റയ്ക്കാവുകയാണ് ഭേദം. ദുരിതങ്ങളില്‍ ഒറ്റയ്ക്ക്....

No comments: