Saturday, October 17, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 2

ക്രിസ്റ്റഫ് ഇപ്പോള്‍ കുറെക്കൂടി മുതിര്‍ന്നിരിക്കുന്നു. പ്രണയം അവന്റെ ജീവിതത്തില്‍ പൂക്കള്‍ വിരിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ വേദനയും തീക്ഷ്‌ണതയും അവന്‍ തിരിച്ചറിയാന്‍ തുടങ്ങുന്നു. സമപ്രായക്കാരനായ ഓട്ടോ സൈനര്‍ എന്ന കുട്ടിയുമായുള്ള സൌഹൃദബന്ധവും അതിന്റെ വേര്‍പിരിയലും ക്രിസ്റ്റഫിന്റെ മനസില്‍ നൊമ്പരങ്ങള്‍ ഉണ്ടാക്കുന്നു. അതെത്തുടര്‍ന്ന് അവന്‍ മിന്ന എന്ന പെണ്‍കുട്ടിയുമായി ആദ്യമായി പ്രണയത്തിലാവുന്നു. എന്നാല്‍ അതിന് ദൈര്‍ഘ്യമുണ്ടായിരുന്നില്ല. അത് കൌമാരപ്രണയത്തിന്റെ സ്വഭാവികമായ തകര്‍ച്ചയിലെത്തുന്നു. എന്നാല്‍ ക്രിസ്റ്റഫിനെ കൂടുതല്‍ തകര്‍ത്തത് അച്ഛന്റെ ആത്മഹത്യയും തുടര്‍ന്ന് മുത്തച്ഛന്റെ സുഹൃത്ത് ആയിരുന്ന യൂളറുടെ വീട്ടിലേക്കുള്ള വീടുമാറ്റവുമായിരുന്നു.
അവിടുത്തെ മറ്റൊരു താമസക്കാരിയായിരുന്ന സാബിന്‍ എന്ന വിധവയായ ചെറുപ്പക്കാരിയുമായി അവന്‍ പതിയെ അതിവിശുദ്ധമായ ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവന്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് സാബിന്‍ പെട്ടെന്ന് മരിക്കുന്നത് അവന്റെ മറ്റൊരു ദുഃഖത്തിന് കാരണമാവുന്നു.

ഇഷ്‌ട വാചകങ്ങള്‍:
1. വ്യക്‌തമായ ഒരു ലക്ഷ്യം കൂടാത്ത അനുരാഗം പോലെ അവശത ഉളവാക്കുന്ന മറ്റൊന്നുമില്ല. അതൊരു രോഗം പോലെ കരുത്ത് കാര്‍ന്നു തിന്നുന്നു. എന്താണെന്നറിവുള്ള ഒരാവേഗം മനസിനെ പാരമ്യത്തിലേക്ക് നയിക്കുന്നു.
2. ഒരു താത്ക്കാലിക സന്ധിയുമില്ലാത്ത യുദ്ധമാണ് ജീവിതം. ഒരു മനുഷ്യന്‍ എന്ന പേരിന് അര്‍ഹനായിരിക്കണമെങ്കില്‍ ഒരു വ്യക്‌തി കാണാനാവാത്ത ശത്രു സമൂഹങ്ങളോട് യുദ്ധം ചെയ്‌തുകൊണ്ടിരിക്കണം. പ്രകൃതിയുടെ സംഹാര ശക്‌തികളോട്, എളുപ്പമല്ലാത്ത ആഗ്രഹങ്ങളോട്, ഇരുണ്ട ചിന്തകളോട്, തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്ന വഞ്ചനകളോട്...
3. .. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ എന്റെ പാര്‍പ്പിടം മാറ്റിയിരിക്കുന്നു. എന്നോടു വിശ്വസ്‌തത പുലര്‍ത്തുന്ന നിന്നില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു. കാമിനിയുടെ ആത്മാവ് കാമുകന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു.
4. നമ്മള്‍ ഓരോരുത്തരും അവരവരുടെ മനസില്‍ താന്താങ്ങള്‍ സ്നേഹിച്ചവരുടെ ശവകുടീരങ്ങള്‍ വഹിക്കുന്നു. ആരോരും ഉപദ്രവിക്കാതെ വര്‍ഷങ്ങളായി അതവിടെ ഉറങ്ങുന്നു. പക്ഷേ നമുക്കറിയാം.ശവകുടീരങ്ങള്‍ തുറക്കുന്ന ഒരു ദിവസം വന്നെത്തുന്നു. മരിച്ചവര്‍ കല്ലറകളില്‍ നിന്നും പുറത്തുവന്ന് അമ്മയുടെ ഗര്‍ഭത്തില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെപ്പോലെ, ആരുടെ മനസിലാണോ അവരുടെ ഓര്‍മ്മകള്‍ കുടികൊള്ളുന്നത്, ആ കാമുകരെയും പ്രേമഭാജനങ്ങളെയും നോക്കി വിളറിയ ചുണ്ടുകളോടെ സ്നേഹത്തോടുകൂടി എപ്പോഴും മന്ദഹസിക്കുന്നു..!

2 comments:

സജി said...

ഒരു താത്ക്കാലിക സന്ധിയുമില്ലാത്ത യുദ്ധമാണ് ജീവിതം. ഒരു മനുഷ്യന്‍ എന്ന പേരിന് അര്‍ഹനായിരിക്കണമെങ്കില്‍ ഒരു വ്യക്‌തി കാണാനാവാത്ത ശത്രു സമൂഹങ്ങളോട് യുദ്ധം ചെയ്‌തുകൊണ്ടിരിക്കണം. പ്രകൃതിയുടെ സംഹാര ശക്‌തികളോട്, എളുപ്പമല്ലാത്ത ആഗ്രഹങ്ങളോട്, ഇരുണ്ട ചിന്തകളോട്, തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്ന വഞ്ചനകളോട്...


ബന്യാമീന്‍ ആ പുസ്തകം വായിക്കാതെ പറ്റില്ലല്ലോ?..

പാവപ്പെട്ടവൻ said...

അത് കൌമാരപ്രണയത്തിന്റെ സ്വഭാവികമായ തകര്‍ച്ചയിലെത്തുന്നു
അപ്പോള്‍ മുതിര്‍ന്നവരുടെ പ്രണയത്തിനു മറ്റൊരു മുഖമുണ്ടന്നല്ലേ അര്‍ത്ഥമാക്കുന്നത്? പ്രണയങ്ങള്‍ക്കെല്ലാം എന്നും ഒരേ അര്‍ത്ഥങ്ങള്‍ മാത്രം